Asianet News MalayalamAsianet News Malayalam

മരിച്ചുവീഴും മുമ്പ് തന്റെ കൂട്ടാളികളോട് അദ്ദേഹം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു, 'വിടരുത് ഒരുത്തനെയും..!'

എൻഡിഎയുടെ ഇന്റർവ്യൂവിൽ അവർ മനോജിനോട് ചോദിച്ചു, "സൈന്യത്തിൽ ചേരുന്നതിന് പിന്നിലെ ഉദ്ദേശ്യം എന്താണ്...?" മനോജിന്റെ മറുപടി വളരെ പെട്ടെന്നായിരുന്നു. "എനിക്ക് പരം വീർ ചക്ര നേടണം..." 

kargil diary
Author
Thiruvananthapuram, First Published Jul 26, 2019, 12:41 PM IST

റ്റവും മാരകമായ ആയുധമെന്തെന്ന് ഒരു ഗൂർഖാ റെജിമെന്റുകാരനോട് ചോദിച്ചാൽ പറയും അത് 'ഖുഖ്‌റി' ആണെന്ന്. ശരിയാണ് 'ഹാൻഡ് റ്റു ഹാൻഡ്' കോമ്പാറ്റിൽ ഇത്രത്തോളം മാരകമായ മറ്റൊരു ആയുധമില്ല. കണ്ണടച്ചുതുറക്കുന്ന നേരം കൊണ്ട് ശത്രുവിന്റെ കഴുത്തറക്കാനുള്ള സവിശേഷപരിശീലനം ഒരു ഗുർഖാ റെജിമെന്റുകാരന് നല്കപ്പെടുന്നുണ്ട്.  ഗുർഖാ റജിമെന്റിന്റെ അഭിമാനമാണ് കാർഗിൽ ശഹീദ് പരം വീർ ചക്ര  ക്യാപ്റ്റന്‍ മനോജ് കുമാർ പാണ്ഡേ.

മനോജ് കുമാർ പാണ്ഡേയും ഗൂർഖാ റജിമെന്റും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് 1997 -ലാണ്. അക്കൊല്ലമാണ് പാണ്ഡേ 1/11 ഗൂർഖാ റജിമെന്റിന്റെ ഭാഗമായി മാറുന്നത്. എന്നാൽ സൈന്യവുമായുള്ള ബന്ധം മനോജിന് തന്റെ കുട്ടിക്കാലം തൊട്ടുതന്നെയുണ്ട്. മനോജ് ചെറുപ്പം തൊട്ടുതന്നെ ഒരു പട്ടാളക്കാരനാകാൻ മോഹിച്ചിരുന്നു. ലഖ്‌നൗവിലെ സൈനികസ്‌കൂളിൽ ചെലവിട്ട ബാല്യം. അമ്മയോട് ഏറെ അടുപ്പം സൂക്ഷിച്ചിരുന്നു മനോജ് അന്നുമുതലേ. ഒരു ദിവസം അമ്മ മനോജിനെ ഉത്സവം കാണാൻ കൊണ്ടുപോയി. അവിടെവെച്ച് മുളകൊണ്ടുണ്ടാക്കിയ ഒരു ഓടക്കുഴൽ മനോജിന്റെ കണ്ണിലുടക്കി. അത് തനിക്ക് വാങ്ങിത്തരണം എന്ന് അമ്മയോട് വാശിപിടിച്ചു. അതിനു പകരം വല്ല കളിപ്പാട്ടവും വാങ്ങാൻ അമ്മ പറഞ്ഞുനോക്കി. ചുമ്മാ രണ്ട് ഊത്ത് ഊതിയിട്ട് ഒരു മൂലയ്ക്കിടാനല്ലേ എന്ന് നിരുത്സാഹപ്പെടുത്തി നോക്കി. ഒടുവിൽ എന്തുപറഞ്ഞിട്ടും കേൾക്കാതെ വന്നപ്പോൾ ആ അമ്മ രണ്ടുരൂപ ചെലവിട്ട് ആ ബാംസുരി തന്റെ മകന് വാങ്ങിച്ചുനൽകി. അമ്മ ആക്ഷേപിച്ചപോലെ അത് രണ്ടുദിവസം കഴിഞ്ഞ് ഉപേക്ഷിക്കാൻ മനോജ് തയ്യാറായില്ല. അടുത്ത 22  വർഷത്തേക്ക് അത് മനോജിന്റെ സന്തത സഹചാരിയായിരുന്നു. എന്നും കുറച്ചുനേരം അതെടുത്തുവായിക്കും മനോജ്. പിന്നെ തന്റെ ബാഗിൽ തുണികൾക്കിടയിൽ സൂക്ഷിക്കും. ഖഡക് വാസ്‌ലയിലും ഡെറാഡൂണിലും ഒക്കെ പഠിക്കാൻ പോയപ്പോഴും തന്റെ കൂടെത്തന്നെ സൂക്ഷിച്ച ആ ബാംസുരി കാർഗിലിൽ തന്റെ അവസാനയുദ്ധത്തിനു പോവും മുമ്പ് മനോജ് തന്റെ അമ്മയെ ഏൽപ്പിച്ചിട്ടുപോയി. ഒരുപക്ഷേ, അതിനി വായിക്കാൻ താനുണ്ടാവില്ല എന്ന ഉൾവിളി അന്നേ മനോജിനുണ്ടായിരുന്നിരിക്കും..! 

സ്‌കോളർഷിപ്പിന്റെ പണം കൊണ്ട് അച്ഛന് സൈക്കിൾ വാങ്ങി നൽകിയ മകൻ 

മനോജ് കുമാർ പാണ്ഡേ ഒരു ലളിതജീവിത പ്രിയനായിരുന്നു. ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചതിനാൽ നടന്നായിരുന്നു സ്‌കൂളിലേക്കുള്ള യാത്ര. മനോജ് അധ്വാനിച്ച് പഠിച്ചാണ് സൈനിക സ്‌കൂളിലേക്കുള്ള ദേശീയ മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ പാസായത്.

kargil diary

പ്രവേശനത്തിന് ശേഷം ഹോസ്റ്റലിലായിരുന്നു ജീവിതം. ഹോസ്റ്റലിൽ കഴിഞ്ഞ കാലത്ത് കിട്ടിയ സ്‌കോളർഷിപ്പിന് നിന്നും പണം സ്വരൂപിച്ച് തന്റെ അച്ഛന്റെ പഴക്കം ചെന്ന സൈക്കിളിനുപകരം ഒരു പുതിയ സൈക്കിൾ വാങ്ങി നൽകി മനോജ് അന്ന്.

kargil diary 

പഠനകാലത്ത് എൻ സി സിയിൽ മനോജ് ഏറ്റവും മികച്ച കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എൻഡിഎയുടെ ഇന്റർവ്യൂവിൽ അവർ മനോജിനോട് ചോദിച്ചു, "സൈന്യത്തിൽ ചേരുന്നതിന് പിന്നിലെ ഉദ്ദേശ്യം എന്താണ്...?" മനോജിന്റെ മറുപടി വളരെ പെട്ടെന്നായിരുന്നു. "എനിക്ക് പരം വീർ ചക്ര നേടണം..." അന്ന് ഇന്റർവ്യൂ ബോർഡിലിരുന്ന സീനിയർ ഓഫീസർമാർ പരസ്പരം നോക്കി പുഞ്ചിരിച്ചു. കാരണം, അവർ അന്നോളം അങ്ങനെ ഒരു മറുപടി ആ ചോദ്യത്തിന് ആരിൽ നിന്നും കേട്ടിട്ടില്ലായിരുന്നു. സൈന്യത്തിലെ ഏറ്റവും ഉന്നതമായ ബഹുമതിയായിരുന്നു പരം വീർ ചക്ര. ഒട്ടുമിക്ക കേസുകളിലും മരണാനന്തരമായി മാത്രം നൽകപ്പെടുന്ന ഒന്നും. മനോജ് അന്ന് അങ്ങനെ പറഞ്ഞത്  ചിലപ്പോൾ ആ വാക്കിന്റെ ഗൗരവം മനസ്സിലാക്കാതെയാകും. എന്നാലും, ചിലവാക്കുകൾ അങ്ങനെയാണ്. ഭാവിയിൽ സത്യമാകാനുള്ള നിയോഗവും പേറിക്കൊണ്ടാവും അവ പുറപ്പെടുന്നത്. 

kargil diary

പാണ്ഡേ എൻഡിഎയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, ധീരനായ ഒരു പട്ടാളഓഫീസറായി കമ്മീഷൻ ചെയ്യപ്പെട്ടു. കാർഗിൽ യുദ്ധത്തിൽ മാതൃരാജ്യത്തിനായി അസാമാന്യ ധീരതയോടെ പോരാടി പരം വീർ ചക്ര നേടുകയും ചെയ്തു. പോരാട്ടത്തിനിടെ വീരയോദ്ധാവിന്റെ ജീവൻ പൊലിഞ്ഞു പോയി എങ്കിലും..! അച്ഛൻ ഗോപിചന്ദ് പാണ്ഡേ ആണ് 2000 -ൽ അന്നത്തെ രാഷ്‌ട്രപതി കെ ആർ നാരായണനിൽ നിന്നും മകന്റെ ധീരതയ്ക്കുള്ള അംഗീകാരം ആയിരങ്ങളെ സാക്ഷി നിർത്തി ഏറ്റുവാങ്ങിയത്. 

kargil diary

1997-ൽ ഗൂർഖാ റെജിമെന്റിൽ ചെന്നുകേറിയ പരിപൂർണ്ണ വെജിറ്റേറിയനായ, മദ്യം കൈകൊണ്ടു തൊടുക പോലും ചെയ്യാത്ത  ലെഫ്റ്റനന്റ് മനോജ്‌കുമാർ പാണ്ഡേയ്ക്ക് മുന്നിൽ അധികം താമസിയാതെ ഒരു വെല്ലുവിളി ഉയർത്തപ്പെട്ടു. ധൈര്യമുണ്ടെങ്കിൽ ദസറയുടെ പൂജയ്ക്ക് ആടിനെ ബലികഴിക്കണം. വെല്ലുവിളി ഏറ്റെടുത്തെങ്കിലും, നടപ്പിലാക്കാൻ നേരം ആകെ മനസ്സുലച്ചിലായി അദ്ദേഹത്തിന്. ഒരുവിധം ധൈര്യം സംഭരിച്ച് തന്റെ മിലിട്ടറി ആക്സ് ഉപയോഗിച്ച് ഒരൊറ്റ വെട്ടിന് ആ ആടിന്റെ തലയറുത്ത് തന്റെ ധൈര്യം തെളിയിച്ചു മനോജ്. അദ്ദേഹത്തിന്റെ മുഖം ആട്ടിൻചോരയിൽ കുതിർന്നു. എല്ലാം കഴിഞ്ഞ്, ബാരക്കിലെ തന്റെ മുറിയ്ക്കുള്ളിൽ ചെന്ന പാണ്ഡേ ഏറെനേരം തന്റെ മുഖം സോപ്പിട്ടു കഴുകി. ജീവിതത്തിൽ അന്നാദ്യമായി, ഒരു നിരപരാധിയുടെ ജീവനെടുക്കേണ്ടി വന്നതിലുള്ള അപരാധ ബോധം പാണ്ഡേയുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. 

എന്നാൽ, ഗൂർഖാ റെജിമെന്റിൽ നിന്ന് കിട്ടിയ കർക്കശമായ പരിശീലനം കൊണ്ട്, അടുത്ത ഒന്നര വർഷത്തിനിടെ മനോജ് കുമാർ പാണ്ഡേ യാതൊരു മടിയും കൂടാതെ ശത്രുക്കളെ വധിക്കാനുള്ള മനക്കരുത്താർജ്ജിച്ചു. 

ശത്രുക്കളേക്കാൾ ദയവില്ലാത്ത കാലാവസ്ഥ എന്ന വില്ലൻ 

സിയാച്ചിനിൽ യഥാർത്ഥവില്ലൻ ശത്രുവല്ല, കാലാവസ്ഥയാണ്. ഒരുവിധം പേർക്കൊന്നും ഇവിടത്തെ മഞ്ഞിൽ പിടിച്ചു നിൽക്കാനാവില്ല. സിയാച്ചിനിലെ മരംകോച്ചുന്ന തണുപ്പിൽ മൂന്നുമാസം പിന്നിട്ടശേഷം, പുണെയിലേക്കുള്ള പതിവ് 'പീസ് പോസ്റ്റിങ്ങ്'നായി കാത്തിരിക്കുകയായിരുന്നു ബറ്റാലിയനിലെ ഓഫീസർമാരും സൈനികരുമെല്ലാം. ബറ്റാലിയന്റെ ഒരു 'അഡ്വാൻസ് പാർട്ടി' അതിനോടകം തന്നെ പുണെയിൽ എത്തിക്കഴിഞ്ഞിരുന്നു. അവർ തങ്ങളുടെ രോമക്കുപ്പായങ്ങളും, ആയുധങ്ങളുമൊക്കെ സ്റ്റോറിൽ തിരിച്ചേൽപ്പിച്ചു. മിക്കവാറും പേര് അവധിയ്ക്കും പോയി. ബാരക്കിൽ കുറച്ചുപേർ മാത്രമാണ് ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള, ഏറ്റവും ദുഷ്കരമായ സിയാച്ചിൻ എന്ന പോസ്റ്റിൽ മൂന്നുമാസം കഴിച്ചുകൂട്ടിയിട്ടാണ് അവരുടെ വരവ്. അത് ചില്ലറക്കാര്യമല്ല..! അവർ ക്ഷീണിതരാണ്, വിശ്രമം അർഹിക്കുന്നുണ്ട്. എന്നാൽ വിധിയുടെ പ്ലാൻ മറ്റൊന്നായിരുന്നു, കാർഗിലിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 

kargil diary

അവിടെ അവശേഷിച്ച എല്ലാ സൈനികരോടും കാർഗിലിൽ ബറ്റാലിക് സെക്ടറിൽ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ ഉത്തരവായി. സ്വാഭാവികമായും പരിക്ഷീണിതരായിരുന്ന ആ സൈനികരെ തങ്ങളുടെ ജന്മനാടിന്റെ രക്ഷയ്ക്കായി പോരാടാൻ പ്രചോദിപ്പിച്ച് അവരെ കാർഗിലിലെ പോരാട്ടങ്ങളിലൂടെ നയിച്ച്‌ അന്ന് ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡേ. കുക്കർത്തോങ്ങ്, ജൂബർടോപ്പ് എന്നിവ കീഴടക്കുന്നതിൽ അദ്ദേഹത്തിന്റെ കമ്പനി അസാമാന്യ ധീരത പ്രകടിപ്പിച്ചു. അടുത്ത ലക്ഷ്യം ഖാലോബാർ പീക്ക് ആയിരുന്നു. കേണൽ ലളിത് റായ് ആയിരുന്നു കമാൻഡിങ് ഓഫീസർ. കടുത്ത പോരാട്ടമാണ് അന്ന് ഖാലോബാറിൽ നടന്നത്. നാലുപാടുനിന്നും പാക്കിസ്ഥാൻ സൈന്യത്താൽ അവർ വളയപ്പെട്ടു. ചുറ്റിനും നിന്ന് പാഞ്ഞുവന്നുകൊണ്ടിരുന്നു വെടിയുണ്ടകൾ. പാക്കിസ്ഥാനി സൈനികർ ഉയരത്തിന്റെ ആനുകൂല്യമെടുത്തുകൊണ്ട് ഇന്ത്യൻ പട്ടാളത്തെ വല്ലാതെ പാടുപെടുത്തി. എന്നാൽ, ഇന്ത്യൻ സൈന്യത്തിന് അപ്പോൾ ഖാലോബാർ പീക്ക് പിടിച്ചെടുത്തേ പറ്റുമായിരുന്നുള്ളൂ. അത്രയ്ക്കും നിർണ്ണായകമായ ഒരു ദൗത്യമായിരുന്നു ആ ഘട്ടത്തിൽ അത്. കാരണം, ഖാലോബാർ എന്നത് ഒരു തരത്തിൽ പറഞ്ഞാൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഒരു കമ്യൂണിക്കേഷൻ ഹബ് ആയി പ്രവർത്തിച്ചിരുന്ന ഇടമായിരുന്നു. അത് തകർക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. കാരണം, മറ്റുള്ള പോസ്റ്റുകളിലേക്കുള്ള റേഷനും മറ്റും നിയന്ത്രിച്ചിരുന്ന വളരെ മർമ്മപ്രധാനമായ ഒരു പോസ്റ്റായിരുന്നു പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഖാലോബാറിലേത്. അതിന്റെ പതനം കാർഗിൽ യുദ്ധത്തിൽ തന്നെ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കാന്‍ പോന്ന ഒന്നായിരുന്നു. 

ഗൂർഖാ റജിമെന്റിലെ രണ്ടു കമ്പനികളെയാണ് അന്ന് ഈ ദൗത്യം ഏല്‍പ്പിച്ചത്. കേണൽ റായ് നേരിട്ട് അവരെ നയിച്ച്. അൽപനേരം കഴിഞ്ഞപ്പോൾ തന്നെ പാക്കിസ്ഥാനികളുടെ ഭാഗത്തുനിന്നും കടുത്ത ഫയറിങ്ങ് ഉണ്ടായി സൈനികരെല്ലാം പലവഴി പിരിഞ്ഞ് വെടിയുണ്ടകളിൽ നിന്നും ഒതുങ്ങി നിന്നു. ഷെല്ലിങ്ങ്, ഗ്രനേഡ് ലോഞ്ചർ, റോക്കറ്റ് ലോഞ്ചർ... അങ്ങനെ പാക്കിസ്ഥാനികൾ ഇനി എടുത്തുപയോഗിക്കാൻ ഒന്നും തന്നെ ബാക്കിയുണ്ടായിരുന്നില്ല അവർക്കുനേരെ. യന്ത്രത്തോക്കുകളിൽ നിന്നും പുറപ്പെട്ടുവന്ന്, സെക്കൻഡിൽ 2900  അടി വേഗത്തിൽ നാലു ദിക്കുകളിൽനിന്നും തൊട്ടടുത്തുകൂടെ ചീറിപ്പാഞ്ഞുകൊണ്ടിരിക്കുന്ന വെടിയുണ്ടകൾ. യൂണിഫോമിനെ ഉരഞ്ഞുകൊണ്ട് പോകുമ്പോൾ അതിന്റെ പിന്നാലെയുള്ള 'എയർ പോക്കറ്റ്' നമ്മളെ ആരോ 'തള്ളുന്ന' ഒരു തോന്നലുണ്ടാക്കും. 

ഖാലോബാർ ടോപ്പിൽ നിന്നും വെറും 600  യാർഡ് മാത്രം അകലെയായിരുന്നു കമ്പനി അപ്പോൾ. രണ്ടിടങ്ങളിൽ നിന്നും കമ്പനിയെ ലക്ഷ്യമാക്കി കടുത്ത ഫയറിങ്ങ് വന്നുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയിൽ 'ചാർജിങ്ങ്' തുടർന്നാൽ കാഷ്വാലിറ്റി ഉണ്ടാകും. കമ്പനിയിലെ ഒരാൾ പോലും ജീവനോടെ അവശേഷിച്ചെന്നും വരില്ല. കേണൽ റായ് ഒരു ദുർഘട സന്ധിയിൽ അകപ്പെട്ടു. ചാർജ് ചെയ്ത സൈനികർക്ക് അപകടം വരുത്തിവെച്ചാൽ തന്റെ സൈനികരെ കുരുതികൊടുത്ത കേണൽ എന്ന ദുഷ്‌പേര് സ്വന്തമാകും. മുന്നോട്ടു കുതിക്കാതെ അവിടെത്തന്നെ മടിച്ചുനിന്നാൽ പേടിത്തൊണ്ടന്മാരുടെ സംഘത്തലവൻ എന്ന പേരും കിട്ടും. എന്തുചെയ്യും..? അദ്ദേഹം ആകെ അങ്കലാപ്പിലായി. 

ഒടുവിൽ അദ്ദേഹം തന്നെ ഒരു വഴി കണ്ടെത്തി. കമ്പനിയെ രണ്ടായി ഭാഗിച്ച് രാത്രിയുടെ മറവിൽ മുന്നോട്ടു നീങ്ങുക.  കേണൽ ലളിത് റായ് തന്റെ ജൂനിയർ ഓഫീസറായ കാപ്റ്റൻ മനോജ് കുമാർ പാണ്ഡേയെ വിളിച്ചു പറഞ്ഞു, "മനോജ്, നിങ്ങൾ നിങ്ങളുടെ പ്ലാറ്റൂണുമായി മുന്നോട്ടുപോവുക. അവിടെ നാല് ബങ്കറുകളുണ്ട് എന്ന് തോന്നുന്നു. എല്ലാം ക്ലിയർ ചെയ്യണം..." 

അതുകേട്ട മനോജ് പിന്നെ ഒരു നിമിഷം പോലും പാഴാക്കിയില്ലെന്ന് കേണൽ റായ് പറഞ്ഞു. കടുത്ത ബൊംബാർഡ്മെന്റിനെയും രാത്രിയിലെ ഇരുട്ടിനെയും തണുപ്പിനെയും ഒന്നും വകവെക്കാതെ പാണ്ഡേയുടെ പ്ലാറ്റൂൺ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. 

അതികഠിനമായ തണുപ്പായിരുന്നു അവിടെ. ജാമായിപ്പോകാതിരിക്കാൻ  തന്റെ റൈഫിളിന്റെ ബ്രീച്ച് ബ്ലോക്കിൽ കമ്പിളിക്കയ്യുറകൾ തിരുകിവെച്ചു മനോജ്. ആ തണുപ്പിലും, മലകയറ്റത്തിന്റെ ആയാസം കാരണം സൈനികർ വിയർത്തുകുളിച്ചുകൊണ്ടിരുന്നു. അവരുടെ വെള്ളം തീരാറായിരുന്നു. ചുറ്റിനും മഞ്ഞുകട്ടകൾ ഉണ്ടായിരുന്നെങ്കിലും, വെടിമരുന്ന് പടർന്ന് അതൊന്നും കുടിക്കാൻ പറ്റുന്ന പരുവത്തിലായിരുന്നില്ല. മനോജ് തന്റെ വരണ്ട ചുണ്ടിന്മേൽ നാക്കുചുഴറ്റി. എന്നിട്ടും വെള്ളത്തിന്റെ കുപ്പിയ്ക്കുനേരെ അദ്ദേഹം കൈ നീട്ടിയില്ല. അവസാനത്തെ ഒരിറക്കുവെള്ളം മാത്രമാണ് അതിൽ അവശേഷിച്ചിരുന്നത്. അത്, മിഷന്റെ അവസാനം, വിജയം ഉറപ്പിച്ച ശേഷം മാത്രം കുടിച്ചിറക്കാനുള്ളതായിരുന്നു. 

നാലു ബാങ്കറാണ് മുകളിൽ എന്നായിരുന്നു കേണൽ റായ് ക്യാപ്റ്റൻ മനോജിനോട് പറഞ്ഞിരുന്നത്. എന്നാൽ അവിടെ, മുകളിൽ ആറുബങ്കറുണ്ടെന്ന് മനോജ് റേഡിയോയിലൂടെ അറിയിച്ചു. ബങ്കറൊന്നിന് രണ്ടു യന്ത്രത്തോക്കു വീതം മനോജിന്റെ പ്ലാറ്റൂണിനെ ലക്ഷ്യമിട്ടു ഗർജ്ജിച്ചുകൊണ്ടിരുന്നു. രണ്ടു ബങ്കറുകളെ നിർവീര്യമാക്കാൻ അദ്ദേഹം ഹവിൽദാർ ദിവാനെ പറഞ്ഞയച്ചു. അദ്ദേഹം ഫ്രണ്ടൽ ചാർജ്ജ് ചെയ്ത ബങ്കറുകൾ തകർത്തെങ്കിലും, ആ പരിശ്രമത്തിനിടെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. ശത്രുസൈന്യത്തിന്റെ വെടിയുണ്ടകളേറ്റ് ആ സൈനികൻ വീരചരമമടഞ്ഞു. 

മറ്റുള്ള നാലു ബങ്കറുകൾ തകർക്കാൻ ക്യാപ്റ്റൻ മനോജ് പാണ്ഡേയും സംഘവും നിലത്ത് ഇഴഞ്ഞുനീങ്ങിക്കൊണ്ട് അവയുടെ തൊട്ടടുത്തുവരെ ചെന്നു. ബങ്കറുകളെ തകർക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണത്. ഇഴഞ്ഞിഴഞ്ഞ് പരമാവധി അടുത്തുവരെ ചെല്ലുക. എന്നിട്ട്, ബങ്കറിന്റെ ലൂപ്പ് ഹോളിലൂടെ ഒരു ഗ്രനേഡ് പിൻ ഊരി ഇട്ടുകൊടുക്കുക. അത് പൊട്ടിത്തെറിക്കുമ്പോൾ അകത്തുള്ളവർ നിമിഷനേരം കൊണ്ട്  ഛിന്നഭിന്നമാകും. മനോജ് ഒന്നൊന്നായി മൂന്നു ബങ്കറുകൾ തകർത്തു. നാലാമത്തെ ബങ്കറിലേക്ക് ഗ്രനേഡ് നിക്ഷേപിക്കാനുള്ള പോക്കിനിടെ അദ്ദേഹത്തിന്റെ ഇടതുഭാഗത്ത് ഗുരുതരമായി വെടിയേറ്റു. ചോരയിൽ ആകെ കുളിച്ചു.

മനോജിനോട് സഹപ്രവർത്തകർ പറഞ്ഞു, "ക്യാപ്റ്റൻ സാബ്, അങ്ങേയ്ക്ക് പരിക്കുണ്ട്. ഇവിടെ ഇരിക്കൂ തൽക്കാലം. ഇനി ഒരൊറ്റ ബങ്കറല്ലേ ബാക്കിയുള്ളൂ... അത് ഞങ്ങൾ നോക്കിക്കൊള്ളാം.." 
"കേണൽ സാബ് എന്നോട് ഈ മിഷൻ മുന്നിൽ നിന്ന് ലീഡ് ചെയ്യാനാണ് പറഞ്ഞത്. നിങ്ങളെ അപകടത്തിലാക്കി ഇവിടെ ഇരിക്കാൻ എനിക്കാവില്ല. നമ്മുടെ കമാൻഡിങ് ഓഫീസറെ വിക്ടറി ലൈനിലേക്ക് വിളിച്ചുവരുത്തുന്നത് ഞാൻ തന്നെയാവണം, അതെനിക്ക് നിർബന്ധമാണ്... വരൂ, പോകാം..." 

നാലാം ബങ്കർ തകർക്കാനും അങ്ങനെ മനോജ് തന്നെ മുന്നിട്ടിറങ്ങി. ഇഴഞ്ഞിഴഞ്ഞ് ബങ്കറിന്റെ തൊട്ടടുത്തുവരെ അദ്ദേഹം എത്തി. എന്നിട്ട്, എഴുന്നേറ്റുനിന്ന് ഗ്രനേഡെടുത്ത് എറിയാനുള്ള ശ്രമത്തിനിടെ അദ്ദേഹത്തെ പാക്കിസ്ഥാനി സൈനികർ സ്‌പോട്ടുചെയ്തു. നിമിഷനേരം കൊണ്ട് അദ്ദേഹത്തെ ലക്ഷ്യമാക്കി അവരുടെ യന്ത്രത്തോക്കുകളിൽ നിന്നും നൂറുകണക്കിന് വെടിയുണ്ടകൾ പാഞ്ഞുവന്നു. പാക്കിസ്ഥാനികൾ പ്രയോഗിച്ചത് 14 ,7 എംഎം എഡി മെഷീൻ ഗൺ ആയിരുന്നു. ആ വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ഹെൽമെറ്റ് തുളച്ച് അദ്ദേഹത്തിന്റെ തലയോട്ടിയിലേക്ക് കേറിപ്പോയി. 

അപ്പോഴായിരുന്നു ആ ധീരയോദ്ധാവിന്റെ അവസാന വാക്കുകൾ പുറപ്പെട്ടത്... അന്നേദിവസം വെറും 24  വയസ്സും ഏഴുദിവസവും മാത്രം തികഞ്ഞിരുന്ന ആ ധീരനായ ഓഫീസർ മരിച്ചുവീഴും മുമ്പ് തന്റെ കൂട്ടാളികളോട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു, "വിടരുത് ഒരുത്തനെയും..!"  അതും പറഞ്ഞ് മരിച്ചുവീഴും മുമ്പ് അദ്ദേഹം തന്റെ ഗ്രനേഡ് ആ ബങ്കറിനുള്ളിലേക്ക് എറിഞ്ഞു. അവിടെ ഉണ്ടായിരുന്ന ചില പാകിസ്ഥാനി സൈനികർ ആ ഗ്രനേഡ് സ്‌ഫോടനത്തിൽ മരിച്ചുവീണു. ശേഷിച്ചവരിൽ ചിലർ ഓടി രക്ഷപ്പെടാൻ നോക്കി. അവരെ നാലുപാടുനിന്നും വളഞ്ഞ ഗൂർഖാ റജിമെന്റിലെ ധീരയോദ്ധാക്കൾ തങ്ങളുടെ മാരകായുധം, 'ഖുഖ്‌റി', പുറത്തെടുത്തു. ആ മലമുകളിൽ ജീവനോടെ അവശേഷിച്ച എല്ലാ പാക്കിസ്ഥാനി സൈനികരെയും അവർ കൊന്നുതള്ളി. അങ്ങനെ ഖാലോബാർ ടോപ്പ് ഇന്ത്യൻ സൈന്യം പിടിച്ചെടുത്ത്, വെന്നിക്കൊടി പാറിച്ചു. 

ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡേയ്ക്ക് തന്റെ ഉദാത്തമായ ജീവത്യാഗത്തിനുള്ള അംഗീകാരമായി മരണാനന്തരം പരം വീർ ചക്ര സമ്മാനിക്കപ്പെട്ടു. കാലിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കേണൽ ലൈത് റായിക്ക് വീർ ചക്ര കിട്ടി. ഓപ്പറേഷൻ കഴിഞ്ഞ് ഖാലോബാർ പീക്കിൽ ത്രിവര്‍ണപതാക പാറിച്ചപ്പോഴേക്കും കേണൽ റായുടെ കൂടെ അവശേഷിച്ചത് വെറും എട്ടു സൈനികരായിരുന്നു. ബാക്കിയുളളവരെല്ലാം വഴിയിൽ മരിച്ചോ ഗുരുതരമായി പരിക്കേറ്റോ വീണുപോയിരുന്നു.  അവർക്ക് മിഷൻ പൂർത്തിയായി തിരിച്ചെത്തുന്നതിനിടെ മൂന്നുദിവസം ഭക്ഷണമോ വെള്ളമോ ഒന്നുമില്ലാതെ കഴിച്ചുകൂട്ടേണ്ടി വന്നു. 

അടുത്ത പകൽ ആ മലഞ്ചെരിവുകളിലൂടെ തിരിച്ചിറങ്ങിയപ്പോൾ അവർ തങ്ങളുടെ  സഹപ്രവർത്തകരിൽ പലരുടെയും മൃതദേഹങ്ങൾ ആ മഞ്ഞിൽ മരവിച്ചുകിടക്കുനതുകണ്ടു. എല്ലാവരുടെയും കയ്യിൽ  ഉറഞ്ഞുപോയ റൈഫിളുകളുണ്ടായിരുന്നു. പാക്കിസ്ഥാനി ബങ്കറിന്‌ നേരെ ചൂണ്ടിപ്പിടിച്ച അവസ്ഥയിലായിരുന്നു അവയെല്ലാം. അവരുടെ  കൈവിരലുകൾ ട്രിഗറുകളിൽ അമർന്ന നിലയിൽ മരവിച്ചു പോയിരുന്നു. അവസാന ശ്വാസം വരെയും, അവസാന വെടിയുണ്ട പുറപ്പെടും വരെയും ശത്രുവിനെതിരെ പോരാടിയിട്ടാണ് അവരിൽ ഓരോരുത്തരും വീരചരമമടഞ്ഞത്.

മഞ്ഞിന്റെ മറവിൽ നടന്നത് കടുത്ത വിശ്വാസ വഞ്ചന..!

ക്യാപ്റ്റൻ സൗരഭ് കാലിയയുടെയും പട്രോൾ സംഘത്തിന്റെയും ജീവത്യാഗം

15 വെടിയുണ്ടകളേറ്റിട്ടും മരിച്ചില്ല, പാക് സൈന്യത്തിനു നേരെ ഗ്രനേഡെറിഞ്ഞു; യോഗേന്ദ്ര സിങ് യാദവിന്‍റെ ധീരത

'യുദ്ധമൊക്കെ കഴിഞ്ഞാൽ, എന്നെ എന്റെ മകൻ മരിച്ച ആ സ്ഥലം ഒന്ന് കൊണ്ടുപോയി കാണിക്കണം...'

ഞാനെന്തായാലും തിരിച്ചു വരും... അവിടെ ത്രിവർണ്ണ പതാക പാറിച്ചിട്ടാണെങ്കിൽ അങ്ങനെ, അല്ല അതേ പതാകയിൽ പൊതിഞ്ഞിട്ടാണെങ്കില്‍ അങ്ങനെ...

മഞ്ഞുമൂടിയ മലഞ്ചെരിവുകൾ നഗ്നപാദനായി കീഴടക്കിയ 'മഹാ വീർ ചക്ര' ക്യാപ്റ്റൻ കെൻഗുരുസ്‌

Follow Us:
Download App:
  • android
  • ios