Asianet News MalayalamAsianet News Malayalam

അമിത് ഷായുടെ പാളിയ ചാണക്യ തന്ത്രങ്ങളില്‍ പ്രധാനം ഇതായിരുന്നു

മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ച് മത്സരിപ്പിക്കുകയെന്ന തന്ത്രം അഞ്ച് സംസ്ഥാനങ്ങളിലും മുറയ്ക്ക് നടന്നു. ഷായുടെ അതേ തന്ത്രം കോണ്‍ഗ്രസും ഇക്കുറി കാര്യമായി തന്നെ ഏറ്റെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കും, ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കും നേതാക്കള്‍ കൂടുമാറിക്കൊണ്ടേയിരുന്നു. അക്കൂട്ടത്തില്‍ പ്രധാനം ഛത്തിസ്ഗഡിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് ബിജെപി പാളയത്തിലെത്തിയതായിരുന്നു

amit shah, ram dayal uike strategy fais
Author
Raipur, First Published Dec 12, 2018, 6:50 PM IST

റായ്പൂര്‍: സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചാണക്യ തന്ത്രങ്ങളുടെ ആശാനായാണ് അമിത് ഷാ വിലയിരുത്തപ്പെട്ടിരുന്നത്. ആ വിലയിരുത്തലുകള്‍ തന്നെയാണ് അദ്ദേഹത്തെ ബിജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തെത്തിച്ചതും. ഗുജറാത്തില്‍ കാലുകുത്തരുതെന്ന കോടതി വിധിയെ തുടര്‍ന്ന് യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ നേതൃ സ്ഥാനത്തെത്തിയതോടെയാണ് അമിത് ഷായുടെ തന്ത്രങ്ങള്‍ രാജ്യമാകെ ചര്‍ച്ചയാകുന്ന നിലയിലേക്ക് വളര്‍ന്നത്.

2014 പൊതുതിരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തിലേറ്റിയതില്‍ നിര്‍ണായകമായിരുന്നു യുപിയില്‍ വിരിഞ്ഞ താമര മണ്ഡലങ്ങള്‍. ആകെയുള്ള 80 ല്‍ 71 ഇടത്തും എതിരാളികളെ നിലം തൊടാന്‍ അനുവദിക്കാതെ ബിജെപി ജയിച്ചുകയറിയപ്പോള്‍ മോദി പ്രധാനമന്ത്രി പദത്തിലേക്കും ഷാ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കും അനായാസം നടന്നുകയറി. അധ്യക്ഷ സ്ഥാനത്തെത്തിയതോടെ അമിത് ഷാ പുതിയ തന്ത്രങ്ങളുമായി ബിജെപിക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ തുടങ്ങി.

മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുത്ത് താമരയുടെ ശോഭ കൂട്ടുകയെന്ന തന്ത്രമായിരുന്നു ഇതില്‍ പ്രധാനം. തൃപുരയടക്കമുള്ള  സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയം രാജ്യത്തെ തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. എന്നാല്‍ പൊതു തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനല്‍ എന്ന വിശേഷണത്തില്‍ നടന്ന പോരാട്ടത്തില്‍ അമ്പെ പരാജയപ്പെട്ട് ബിജെപി നില്‍ക്കുമ്പോള്‍ ഷായുടെ തന്ത്രങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്.

മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ച് മത്സരിപ്പിക്കുകയെന്ന തന്ത്രം അഞ്ച് സംസ്ഥാനങ്ങളിലും മുറയ്ക്ക് നടന്നു. ഷായുടെ അതേ തന്ത്രം കോണ്‍ഗ്രസും ഇക്കുറി കാര്യമായി തന്നെ ഏറ്റെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കും, ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കും നേതാക്കള്‍ കൂടുമാറിക്കൊണ്ടേയിരുന്നു. അക്കൂട്ടത്തില്‍ പ്രധാനം ഛത്തിസ്ഗഡിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് ബിജെപി പാളയത്തിലെത്തിയതായിരുന്നു.

ഛത്തിസ്ഗഡിലെ ജനവികാരം ഇതിലൂടെ മറികടക്കാമെന്ന വിലയിരുത്തലിലായിരുന്നു ഷാ തന്നെ നേരിട്ടെത്തി പിസിസി വര്‍ക്കിംഗ് അധ്യക്ഷനായിരുന്ന രാംദയാല്‍ ഉയികയെ സ്വീകരിച്ചത്. മൂന്ന് തവണ എംഎല്‍എ ആയിരുന്ന ഉയികെ ഗോത്രവിഭാഗത്തില്‍ പെട്ടയാളായിരുന്നു. ഗോത്ര വിഭാഗക്കാര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഉയികെയിലൂടെ ബിജെപി മുന്നേറ്റം ഉണ്ടാക്കുമെന്ന വിലയിരുത്തലുകളാണ് ഉയര്‍ന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പിന്‍റെ ഫലം കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ ഷായുടെ പാളിയ ചാണക്യ തന്ത്രങ്ങളില്‍ പ്രധാനം ഇതായിരുന്നു എന്നാണ് വ്യക്തമാകുന്നത്. രമണ്‍സിംഗിന്‍റെ നേതൃത്വത്തിലെ 15 വര്‍ഷ ബിജെപി ഭരണത്തെ ജനം തൂത്തെറിഞ്ഞ് കോണ്‍ഗ്രസിനെ വരിച്ചപ്പോള്‍ ഉയികെ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിക്കുന്നതിനിടെ ബിജെപിയിലേക്ക് കൂടുമാറിയ ഉയികയെ ജനം സ്വീകരിച്ചില്ലെന്ന് മാത്രമല്ല ബിജെപിക്ക് ഒരു ഗുണവും ചെയ്തുമില്ല.

പാലി തന്‍ഖറില്‍ മത്സരിച്ച ഉയികെ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ പതിനായിരത്തോളം വോട്ടുകള്‍ക്ക് ജയിക്കുകയായിരുന്നു. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്നെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളലിലൊന്ന് ലഭിക്കുമായിരുന്നു. 2000 ല്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ചരിത്രവും ഉയികെയ്ക്ക് ഉണ്ട്. എന്തായാലും ഉയികെയുടെ കൂടുമാറ്റം അടക്കം ചര്‍ച്ചയാക്കിയ കോണ്‍ഗ്രസിന് എല്ലാം കൊണ്ടും ഗംഭീരമായിരുന്നു വിജയം.

Follow Us:
Download App:
  • android
  • ios