ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ അമിത് ഷായെയും രാഹുൽ ഗാന്ധിയെയും വീണ്ടും വെല്ലുവിളിച്ച് ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം)നേതാവ് അസദുദ്ദീൻ ഒവൈസി. തെലങ്കാനയിലെ മഹാസഖ്യം കോൺഗ്രസിന് ബാധ്യതയാകുമെന്ന് ഒവൈസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭരണത്തുടർച്ചക്ക് ടിആർഎസ് യോഗ്യരാണെന്നാണ് ഒവൈസി പറയുന്നത്. 

തെലങ്കാനയിൽ ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണ്.ഇതിൽ 13 ശതമാനം വരുന്ന മുസ്ലിം വോട്ടുകളിൽ തെലങ്കാന രാഷ്ട്രസമിതിക്കും കോൺഗ്രസിനും കണ്ണുണ്ട്. 40 മണ്ഡലങ്ങളിൽ വിധി നിർണയിക്കുന്ന ഈ ഘടകം അനുകൂലമാക്കാൻ ചന്ദ്രശേഖര റാവുവിന് തുണ അസദ്ദുദ്ദീൻ ഒവൈസിയാണ്. അദ്ദേഹത്തിന്‍റെ ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനുമായി കെ.സി.ആർ സൗഹൃദ മത്സരത്തിലാണ്. ഹൈദരാബാദ് ദാറുല്‍ സലാം റോ‍‍ഡിലെ പാർട്ടി ആസ്ഥാനത്ത് പതിവ് ജനസമ്പർക്ക  പരിപാടിക്കിടെയാണ് ഒവൈസി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. പാർട്ടിയുടെ ഏഴ് എംഎൽഎമാരും പ്രചാരണത്തിരക്കിലാണ്.

തങ്ങള്‍ ഇപ്പോള്‍ തന്നെ ജനങ്ങൾക്കിടയിലാണെന്നും മറ്റ് പാർട്ടികളെപ്പോലെ പ്രത്യേകിച്ച് പ്രചാരണം തുടങ്ങേണ്ടതില്ലെന്നുമാണ് ഒവൈസിയുടെ വാക്കുകള്‍. എന്നാല്‍ വാഗ്ദാനം ചെയ്ത പന്ത്രണ്ട് ശതമാനം മുസ്ലിം സംവരണം നടപ്പാക്കിയില്ലെങ്കിലും ചന്ദ്രശേഖര റാവുവിനെ തുണയ്ക്കാൻ ഒവൈസി മടിക്കുന്നില്ല. സംസ്ഥാനത്ത് സമാധാന അന്തരീക്ഷമാണ്. വർഗീയ ലഹളകളൊന്നും ഉണ്ടായില്ല. എവിടെയും കർഫ്യൂ പ്രഖ്യാപിച്ചില്ല. ഭരണകക്ഷി ശക്തമായ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായി ടി.ആർ.എസിനൊപ്പം രഹസ്യ സഖ്യത്തിലാണ് തന്‍റെ പാർട്ടിയെന്ന പ്രതിപക്ഷ ആരോപണങ്ങളെ അദ്ദേഹം തളളുന്നു. മഹാസഖ്യം വിലപ്പോവില്ലെന്നും ഒവൈസി പറഞ്ഞു. കോൺഗ്രസിന്‍റെ കൂടെയാണെങ്കിൽ തങ്ങളെ മതേതര കക്ഷിയെന്നും അല്ലെങ്കിൽ വർഗീയ വാദികളെന്നും വിളിക്കും. ഈ മഹാസഖ്യം വലിയ ബാധ്യതയായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ധൈര്യമുണ്ടെങ്കിൽ ഹൈദരാബാദിൽ മത്സരിക്കൂ എന്ന് അമിത് ഷായെയും രാഹുൽ ഗാന്ധിയെയും ഒവൈസി വെല്ലുവിളിച്ചിരുന്നു . അതിൽ നിന്ന് പിന്നോട്ടില്ല. അവർ വന്ന് മത്സരിക്കട്ടെ. മോദി പ്രഭാവവും മഹാസഖ്യവും പരീക്ഷിക്കപ്പെടട്ടെയെന്നാണ് നിലപാട്. തെലങ്കാനയിൽ മത്സരം കടുത്താൽ ,ഭരണം തീരുമാനിക്കാൻ ഹൈദരാബാദിൽ ഒവൈസിയുടെ പാർട്ടി നേടുന്ന സീറ്റുകൾ നിർണായകമാകും.