Asianet News MalayalamAsianet News Malayalam

കൊല്ലത്ത് ആധിപത്യം നിലനിർത്തി എൽഡിഎഫ്, പൂജ്യത്തിൽ നിന്നും മുന്നേറി യുഡിഎഫ്, ചാത്തന്നൂരിൽ മുന്നേറി ബിജെപി

ചാത്തന്നൂർ സീറ്റിൽ ബിജെപിയും സിപിഐയും തമ്മിലാണ് ഒന്നാം സ്ഥാനത്തിനായി മത്സരിക്കുന്നതെന്നും ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കാമെന്നും സർവേ നിരീക്ഷിക്കുന്നു. 

Asianet news post poll survey predict LDF victory in kollam
Author
Kollam, First Published Apr 30, 2021, 6:22 PM IST

നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് എൽഡിഎഫ് മുന്നേറ്റം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സർവേ. ജില്ലയിലെ 11 സീറ്റുകളിൽ ആറ് സീറ്റുകളിൽ എൽഡിഎഫും മൂന്ന് സീറ്റുകളിൽ യുഡിഎഫിനും വിജയസാധ്യതയുണ്ടെന്നാണ് സർവേ പ്രവചിക്കുന്നത്. രണ്ട് സീറ്റുകളിൽ ഇരുമുന്നണികൾക്കും തുല്യജയസാധ്യതയാണ് സർവേ മുന്നിൽ കാണുന്നതെങ്കിലും രണ്ടിടത്തും എൽഡിഎഫിനാണ് നേരിയ മേൽക്കൈ പ്രവചിക്കുന്നത്. 

കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, ചടയമംഗലം, കൊല്ലം, ഇരവിപുരം എന്നീ സീറ്റുകളിലാണ് സർവേ എൽഡിഎഫ് വിജയം പ്രവചിക്കുന്നത്. കരുനാഗപ്പള്ളി, ചവറ, കുണ്ടറ സീറ്റുകളിലാണ് യുഡിഎഫിന് ജയസാധ്യതയുള്ളത്. ചാത്തന്നൂരിലും കുന്നത്തൂരിലുമാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതെങ്കിലും രണ്ടിടത്തും എൽഡിഎഫിന് നേരിയ മേൽക്കൈയുണ്ടെന്ന് സർവേ പറയുന്നു. ചാത്തന്നൂർ സീറ്റിൽ ബിജെപിയും സിപിഐയും തമ്മിലാണ് ഒന്നാം സ്ഥാനത്തിനായി മത്സരിക്കുന്നതെന്നും ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കാമെന്നും സർവേ നിരീക്ഷിക്കുന്നു. 

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി, ചവറ, ചാത്തന്നൂര്‍, കുണ്ടറ, ഇരവിപുരം, കൊട്ടാരക്കര, ചടയമംഗലം, കുന്നത്തൂര്‍, കൊല്ലം, പുനലൂര്‍, പത്തനാപുരം തുടങ്ങി ജില്ലയിലെ 11 മണ്ഡലങ്ങളും എൽഡിഎഫ് തൂത്തുവാരിയിരുന്നു. എന്നാൽ 2019-ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് വന്നപ്പോൾ ചിത്രം പാടെ മാറി. കൊല്ലം ലോക്സഭാ മണ്ഡലത്തിൻ ഭാഗമായ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും മാവേലിക്കര ലോക്സഭാ മണ്ഡലത്തിന് കീഴെ വരുന്ന കൊട്ടാരക്കര, ചടയമംഗലം നിയോജകമണ്ഡലങ്ങളിലും, ആലപ്പുഴയ്ക്ക് കീഴിൽവരുന്ന കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലും യുഡിഎഫ് മുന്നേറ്റമാണ് കണ്ടത്.

എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച യുഡിഎഫിന് അടിതെറ്റി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം എൽഡിഎഫ് കൊല്ലത്ത് നടത്തി. യുഡിഎഫ് ജയിച്ച പലം പഞ്ചായത്തുകളും എൽഡിഎഫ് ജയിക്കുന്ന കാഴ്ചയാണ് കണ്ടത്. നാല് മുൻസിപ്പാലിറ്റികളിൽ മൂന്നെണ്ണവും, 68 പഞ്ചായത്തുകളിൽ 44 എണ്ണവും എൽഡിഎഫിനൊപ്പം നിന്നു.  11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്ന് മാത്രമാണ് എൽഡിഎഫിന് നഷ്ടമായത്.

 ഇങ്ങനെ മാറി മറിയുന്ന രാഷ്ട്രീയ സ്വഭാവം കൊല്ലത്തെ ഫലം പ്രവചനാതീതമാക്കുന്നുണ്ടെങ്കിലും എൽഡിഎഫിന് മേൽക്കൈ നൽകുന്നതാവും ഇക്കുറിയുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോൾ സർവേ പ്രവചിക്കുന്നു. അതേസമയം 2016-ൽ നിന്നും വ്യത്യസ്തമായി നാല് മുതൽ അഞ്ച് വരെ സീറ്റുകളിൽ യുഡിഎഫ് ജയിക്കാനുള്ള സാധ്യത ഇക്കുറി നിലനിൽക്കുന്നു. 

Follow Us:
Download App:
  • android
  • ios