Asianet News MalayalamAsianet News Malayalam

എറണാകുളത്ത് യുഡിഎഫിന് ക്ഷീണം, പകുതി സീറ്റിലും ഇഞ്ചോടിഞ്ച് പോരാട്ടം

പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ വി.കെ.ഇബ്രാഹിംകുഞ്ഞ് നേരത്തെ പ്രതിനിധീകരിക്കുകയും ഇപ്പോൾ അദ്ദേഹത്തിൻ്റെ മകൻ വി.ഇ.അബ്ദുൾ ഗഫൂർ മത്സരിക്കുകയും ചെയ്യുന്ന കളമശ്ശേരിയാണ് കടുത്ത മത്സരം നടക്കുന്ന ഒരു മണ്ഡലം

asianet news postpoll survey
Author
Kochi, First Published Apr 30, 2021, 8:41 PM IST

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തികേന്ദ്രമായ എറണാകുളത്ത് യുഡിഎഫിന് ഇക്കുറി കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് - സീഫോർ പോസ്റ്റ് പോൾ സർവേ പ്രവചിക്കുന്നു. എറണാകുളം ജില്ലയിൽ ആകെയുള്ള 14 സീറ്റുകളിൽ ഏഴ് സീറ്റുകളിൽ യുഡിഎഫിന് വിജയം നേടാനാവുമെന്നാണ് സർവേയിലെ നിരീക്ഷണം. പെരുമ്പാവൂർ, അങ്കമാലി, ആലുവ,പറവൂർ,എറണാകുളം, തൃക്കാക്കര,പിറവം സീറ്റുകളിലാണ് യുഡിഎഫിന് മുൻതൂക്കമുള്ളത്. വൈപ്പിൻ, മൂവാറ്റുപുഴ സീറ്റുകളിൽ എൽഡിഎഫിനാണ് സർവേ മുൻതൂക്കം പ്രവചിക്കുന്നത്. 

അതേസമയം അഞ്ച് സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുവെന്നാണ് സർവേയുടെ പ്രവചനം. കളമശ്ശേരി, കൊച്ചി, തൃപ്പൂണിത്തുറ, കുന്നത്തുനാട്, മൂവാറ്റുപുഴ സീറ്റുകളിലാണ് ഇക്കുറി ആവേശകരമായ പോരാട്ടം നടക്കുന്നത്. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ വി.കെ.ഇബ്രാഹിംകുഞ്ഞ് നേരത്തെ പ്രതിനിധീകരിക്കുകയും ഇപ്പോൾ അദ്ദേഹത്തിൻ്റെ മകൻ വി.ഇ.അബ്ദുൾ ഗഫൂർ മത്സരിക്കുകയും ചെയ്യുന്ന കളമശ്ശേരിയാണ് കടുത്ത മത്സരം നടക്കുന്ന ഒരു മണ്ഡലം. പി.രാജീവും ഗഫൂറും തമ്മിൽ ആവേശകരമായ പോരാട്ടമാണ് നടക്കുന്നതെന്നും ഇരുവർക്കും തുല്യസാധ്യതയാണുള്ളതെന്നും സർവേ വിലയിരുത്തുന്നു. അതേസമയം ഗഫൂറിന് നേരിയ മുൻതൂക്കവും സർവേ നൽകുന്നുണ്ട്. 

കൊച്ചിയാണ് ശക്തമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. സിറ്റിംഗ് എംഎൽഎയായ കെ.ജെ.മാക്സിക്കെതിരെ മുൻമേയർ ടോമി ചമണിയെയാണ് യുഡിഎഫ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിലും നേരിയ മുൻതൂക്കം സർവേ കൊച്ചിയിൽ യുഡിഎഫിന് നൽകുന്നു. സിപിഎമ്മിൻ്റെ യുവനേതാവ് എം.സ്വരാജ് മത്സരിക്കുന്ന തൃപ്പൂണിത്തുറയിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. പതിറ്റാണ്ടുകളോളം തൃപ്പൂണിത്തുറയെ നിയമസഭയിൽ പ്രതിനിധീകരിച്ച കെ.ബാബു സീറ്റ് തിരികെ പിടിക്കാൻ കടുത്ത മത്സരം കാഴ്ചവച്ചിട്ടുണ്ട്. പോരാട്ടവീര്യത്തിൽ രണ്ട് പേരും ഒപ്പത്തിനൊപ്പം നിൽക്കുമ്പോഴും നേരിയ മേൽക്കൈ സർവേ സ്വരാജിന് നൽകുന്നു. 

ട്വന്റി 20-യുടെ വരവോടെ സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയ മണ്ഡലമാണ് കൊച്ചിയിലെ കുന്നത്തുനാട്. എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയിലുള്ള ഈ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ വി.പി.സജീന്ദ്രനെ പരാജയപ്പെടുത്താൻ മുൻ കോൺ​ഗ്രസ് നേതാവായ പി.വി.ശ്രീനിജനയൊണ് സിപിഎം രം​ഗത്തിറക്കിയത്. ട്വൻ്റി 20-ക്കായി ഡോ.സുജിത്ത് പി സുരേന്ദ്രനാണ് മത്സരരം​ഗത്തുള്ളത്. യുഡിഎഫ് വോട്ടുബാങ്കിലേക്ക് ട്വൻ്റി 20 കടന്നു കയറിയാൽ ഇവിടെ ഫലം സങ്കീ‍ർണമാവും. കുന്നത്തുനാട്ടിൽ മാത്രമല്ല സമീപ മണ്ഡലങ്ങളിലും ട്വൻ്റി 20യുടെ മുന്നേറ്റം യുഡിഎഫ് ക്യാംപിനെയാണ് ആശങ്കയിലാഴ്ത്തുന്നത്. ഇവിടെ ശ്രീനിജന് നേരിയ മുൻതൂക്കമെന്നാണ് സർവേ വിലയിരുത്തൽ. 

യുവനേതാക്കൾ ഏറ്റുമുട്ടുന്ന മൂവാറ്റുപുഴയിലും കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് സ‍ർവേ വിലയിരുത്തുന്നു. സിപിഐയുടെ സിറ്റിം​ഗ് എംഎൽഎ എൽദോ എബ്രഹാമിനെതിരെ യുവനേതാവ് മാത്യു കുഴൽനാടനാണ് മത്സരിക്കുന്നത്. സൈബ‍ർ ഇടങ്ങളിൽ നിറഞ്ഞു നിന്ന പോരാട്ടത്തിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ് എങ്കിലും സ‍ർവേ നേരിയ മുൻതൂക്കം എൽഡിഎഫിൻ്റെ എൽദോ എബ്രഹാമിന് നൽകുന്നു. 
 

Follow Us:
Download App:
  • android
  • ios