സിക്കിം: മുന്‍ ഇന്ത്യന്‍ ഫുഡ്ബോള്‍ ക്യാപ്റ്റന് തെരഞ്ഞെടുപ്പുകളുടെ കളിക്കളത്തില്‍ അടിപതറി. ബൈച്ചുങ് ബൂട്ടിയയുടെ ഹമാരോ സിക്കിം പാര്‍ട്ടി 32 നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ബിജെപി തരംഗത്തില്‍ ലോക്സഭാ മണ്ഡലത്തില്‍ വെറും 1998(.57ശതമാനം) വോട്ടുപിടിക്കാനേ ബൈച്ചുങ് ബൂട്ടിയയുടെ സ്ഥാനാര്‍ത്ഥി ബിറാജ് അധികാരിക്ക് കഴിഞ്ഞെള്ളൂ. ഇതിനേക്കാള്‍ വലിയ തിരിച്ചടിയായിരുന്നു 25 വര്‍ഷം തുടര്‍ഭരണം നടത്തിയിരുന്ന സിക്കിം ഡമോക്രാറ്റിക്ക് ഫ്രണ്ടിന്‍റെ അവസ്ഥ. രണ്ട് സീറ്റിന്‍റെ ലീഡില്‍ സംസ്ഥാന അധികാരം സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്ക് മുന്നില്‍ അടിയറവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് പവന്‍ ചാമിങ്ങിന്‍റെ സിക്കിം ഡമോക്രാറ്റിക്ക് ഫ്രണ്ട്. 2014 ല്‍ സിഡിഎഫിന് 22 സീറ്റുണ്ടായിരുന്നതില്‍ നിന്നാണ് ഇപ്പോള്‍ 15 സീറ്റായി കുറഞ്ഞിരിക്കുന്നത്. 

നിയമസഭാ മണ്ഡലത്തില്‍ ഒരു സ്ഥാനത്ത് പോലും വിജയിക്കാന്‍ ഹമാരോ സിക്കിം പാര്‍ട്ടിക്ക് കഴിഞ്ഞില്ല. മൊത്തം വോട്ടും രണ്ട് പാര്‍ട്ടിക്ക് മാത്രമായി വിഭജിക്കപ്പെടുന്ന കാഴ്ചയാണ് സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. 47 ശതമാനം വോട്ട് സിക്കും ക്രാന്തി മോര്‍ച്ചയും (എസ്കെഎം)  47.6 ശതമാനം വോട്ട് സിക്കിം ഡെമോക്രാറ്റിക്ക് ഫ്രണ്ടും ( എസ്‍ഡിഎഫ്) സ്വന്തമാക്കി.  എസ്കെഎമ്മിന് 17 സീറ്റും എസ്‍ഡിഎഫ് 15 സീറ്റും സ്വന്തമാക്കി. ഭരണപക്ഷവും പ്രതിപക്ഷവും അടങ്ങിയ രണ്ട് പാര്‍ട്ടികള്‍ മാത്രമുള്ള, മറ്റൊരു പാര്‍ട്ടിക്കും സ്ഥാനമില്ലാത്ത സംസ്ഥാന നിയമസഭയെന്ന അപൂര്‍വ്വതയും ഇതോടെ സിക്കിമിന് സ്വന്തം.

ബൈച്ചിങ്ങ് ബൂട്ടിയ മത്സരിച്ച തുമെന്‍ ലിങ്ഗി മണ്ഡലത്തില്‍ എസ്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുജെന്‍ ടി ജെയ്സടോ ഭൂട്ടിയ 6357 വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിയും സിക്കിം ക്രാന്തി മോര്‍ച്ച സ്ഥാനാര്‍ത്ഥിയുമായ സംദുപ് ശ്രിങ് ബൂട്ടിയ 6151 വോട്ട് നേടി രണ്ടാം സ്ഥാനം നേടി. ബൈച്ചിങ് ബൂട്ടിയയ്ക്ക് കിട്ടിയത് 234 വോട്ട് മാത്രം. 13260 വോട്ടാണ് ഈ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത്. മൂന്നക്കം കടന്ന ചുരുക്കം ചില സ്ഥാനാര്‍ത്ഥികള്‍ മാത്രമേ ഹമാരോ സിക്കിം പാര്‍ട്ടിക്കുള്ളൂ. പല സ്ഥലത്തും മൂന്നാംസ്ഥാനം നോട്ടയ്ക്കാണ്. 

സിക്കിമിൽ തുടങ്ങിയ പുതിയ രാഷ്ട്രീയ പാർട്ടിക്ക് ഫണ്ട് കണ്ടെത്താൻ ഫുട്ബോൾ താരം ബൈച്ചുങ് ബൂട്ടിയ തന്‍റെ രണ്ട് ജേഴ്സികൾ ലേലത്തിന് വച്ചത് വന്‍ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. വ്യവസായികളില്‍ നിന്നും മറ്റ് പ്രമുഖരില്‍ നിന്നും പണം സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബൈച്ചുങ് ബൂട്ടിയ ജേഴ്സികൾ ലേലത്തിന് വച്ചത്. യുഎന്‍ സംഘടിപ്പിച്ച മത്സരത്തിലിട്ട ജേഴ്സിയും, ബയേൺ മ്യൂണിക്കിനെതിരായ വിടവാങ്ങൽ മത്സരത്തിലെ ജേഴ്സിയുമാണ് ലേലം ചെയ്തിരുന്നത്.  സിനദിൻ സിദാൻ അടക്കമുള്ളവരുടെ കയ്യൊപ്പുള്ള ജേഴ്സികളാണ് അദ്ദേഹം ലേലത്തിന് വച്ചിരുന്നത്. എന്നാല്‍ സിക്കിമിന്‍റെ അഭിമാനം സംരക്ഷിണമെന്ന ഉദ്ദേശത്തോടെ രൂപീകരിച്ച ഹമാരോ സിക്കിം പാര്‍ട്ടിക്ക് മത്സരിച്ച 32 നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ മണ്ഡലത്തിലും കെട്ടിവച്ച കശ് നഷ്ടമായി.