Asianet News MalayalamAsianet News Malayalam

ചർച്ചകൾ ഫലം കണ്ടു; തമിഴ്നാട്ടിൽ ബിജെപി-അണ്ണാഡിഎംകെ സഖ്യപ്രഖ്യാപനത്തിന് കളമൊരുങ്ങുന്നു

അണ്ണാ ഡിഎംകെയുടെ ആവശ്യങ്ങൾ അംഗീകരിച്ചുളള സീറ്റ് വിഭജനത്തിന് ബിജെപി തയ്യാറായതാണ് സഖ്യചര്‍ച്ച വേഗത്തിലാക്കിയത്. ആദ്യഘട്ട ചര്‍ച്ചയില്‍ കൂടുതല്‍ സീറ്റ് ഉള്‍പ്പടെ കര്‍ശന ഉപാധികളാണ് ബിജെപി മുന്നോട്ട് വച്ചിരുന്നത്. എന്നാൽ ബിജെപിയല്ല മറിച്ച് സംസ്ഥാനത്തെ പ്രമുഖ കക്ഷിയായിരിക്കണം സഖ്യത്തിന് നേതൃത്വം നൽകേണ്ടതെന്ന നിലപാടില്‍ അണ്ണാ ഡിഎംകെ ഉറച്ച് നിന്നു.

bjp-aiadmk alliance announcement will be declared soon
Author
Chennai, First Published Feb 5, 2019, 10:36 PM IST

ചെന്നൈ:  ലോക്സഭാ തെരഞ്ഞെടുപ്പിലെ  സീറ്റ് വിഭജനത്തില്‍  ബിജെപി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായതോടെ തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ-ബിജെപി സഖ്യപ്രഖ്യാപനത്തിന് കളമൊരുങ്ങി. ഒരാഴ്ചയ്ക്കകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇരുപത്തിയഞ്ച് സീറ്റുകളിൽ അണ്ണാ ഡിഎംകെയും എട്ട് സീറ്റുകളിൽ ബിജെപിയും മത്സിക്കാനാണ് ധാരണ.

അണ്ണാ ഡിഎംകെയുടെ ആവശ്യങ്ങൾ അംഗീകരിച്ചുളള സീറ്റ് വിഭജനത്തിന് ബിജെപി തയ്യാറായതാണ് സഖ്യചര്‍ച്ച വേഗത്തിലാക്കിയത്. ആദ്യഘട്ട ചര്‍ച്ചയില്‍ കൂടുതല്‍ സീറ്റ് ഉള്‍പ്പടെ കര്‍ശന ഉപാധികളാണ് ബിജെപി മുന്നോട്ട് വച്ചിരുന്നത്. എന്നാൽ ബിജെപിയല്ല മറിച്ച് സംസ്ഥാനത്തെ പ്രമുഖ കക്ഷിയായിരിക്കണം സഖ്യത്തിന് നേതൃത്വം നൽകേണ്ടതെന്ന നിലപാടില്‍ അണ്ണാ ഡിഎംകെ ഉറച്ച് നിന്നതോടെ ചര്‍ച്ചകൾ നീണ്ടു. 

ബിജെപിക്ക് പകരം അന്‍പുമണി രാംദാസിന്‍റെ പിഎംകെയുമായി സഖ്യം പരിഗണിക്കണമെന്ന ആവശ്യവുമായി തമ്പിദുരൈ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍  രംഗത്തെത്തിയിരുന്നു. പിന്നാലെ പുതുച്ചേരിയിലെ ഒരു മണ്ഡലം ഉള്‍പ്പടെ 40 സീറ്റുകളിലേക്കും സ്ഥാനാർത്ഥികൾക്കായുള്ള അപേക്ഷ ക്ഷണിച്ച് പാര്‍ട്ടി പത്രക്കുറിപ്പ് ഇറക്കി. ഇതോടെ വിലപേശലിനുള്ള വഴിയടഞ്ഞ് ബിജെപി പ്രതിരോധത്തിലായി.

മുഖ്യമന്ത്രിയായ എടപ്പാടി പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ പനീർശെൽവത്തിന്‍റെയും പ്രതിനിധികളായി മന്ത്രിമാരായ പി തങ്കമണി, എസ് പി വേലുമണി എന്നിവരെ അമിത് ഷാ ചര്‍ച്ചയ്ക്കായി ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി നേതാക്കളുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു.
 
ഇന്ത്യന്‍ ജനനായക കക്ഷി, പിഎന്‍കെ ഉള്‍പ്പടെയുള്ള ചെറുകക്ഷികളും ബിജെപി ചിഹ്നത്തില്‍ മത്സരിക്കാൻ ധാരണയായിട്ടുണ്ട്. പിഎംകെയ്ക്കും വിജയകാന്തിന്‍റെ ഡിഎംഡികെയ്ക്കും നാല് സീറ്റുകള്‍ നല്‍കും. ടിഎംസി, പുതിയ തമിഴകം പാര്‍ട്ടികളും സഖ്യത്തിലുണ്ടാകും.

ജിഎസ്‍ടി, നീറ്റ്, കാവേരി നദീജലപ്രശ്നം എന്നീ വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ തമിഴകത്ത് കടുത്ത വികാരമാണുള്ളത്. ബിജെപിയെ മാറ്റിനിര്‍ത്തി സാഹസം വേണ്ടെന്നും ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണായകമായ മേഖലകളില്‍ വിമതനേതാക്കളെ രംഗത്തിറക്കി പ്രദേശിക എതിര്‍പ്പ് തണുപ്പിക്കാമെന്നുമാണ്  അണ്ണാ ഡിഎംകെയുടെ കണക്ക് കൂട്ടല്‍.

Follow Us:
Download App:
  • android
  • ios