ജയ്‍പൂർ, ഹൈദരാബാദ്: രാജസ്ഥാനിലും തെലങ്കാനയിലും ഉച്ചവരെ കനത്ത പോളിംഗ് രേഖപ്പെടുത്തി. ഒരു മണിവരെ രാജസ്ഥാനിൽ 41.58% ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ തെലങ്കാനയിൽ 48 ശതമാനം പേർ വോട്ട് ചെയ്യാനെത്തി. രാജസ്ഥാനിൽ പലയിടത്തും വോട്ടർമാരുടെ നീണ്ട നിരയാണ് കാണുന്നത്. തെലങ്കാന സംസ്ഥാനരൂപീകരണത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ആവേശപൂർവമാണ് വോട്ടർമാർ പോളിംഗ് ബൂത്തിലെത്തുന്നത്.

രാജസ്ഥാനിൽ ചിലയിടത്ത് വോട്ടിംഗ് യന്ത്രങ്ങൾ കേടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജാലോറിലെ രണ്ട് പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ കേടായതിനെത്തുടർന്ന് രണ്ടിടത്ത് വോട്ടെടുപ്പ് അൽപസമയം നിർത്തിവച്ചു. 

ബിക്കാനീർ, ബാർമർ, ഭരത്പൂർ, ദോസ ജില്ലകളിൽ പലയിടത്തായി ചില അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭരത്പൂരിലെ ദീഗിൽ രണ്ട് സ്ഥാനാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബിക്കാനീറിൽ വോട്ടർമാരെയും കൊണ്ട് പോളിംഗ് ബൂത്തിലേക്ക് പോയ ഒരു ജീപ്പിന് തീ വച്ചു. 

രാവിലെത്തന്നെ പ്രമുഖനേതാക്കൾ വോട്ട് ചെയ്യാനെത്തി. ജയമുറപ്പാണെന്നാണ് കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ ഏറ്റവുമധികം സാധ്യത കൽപിയ്ക്കപ്പെടുന്ന സച്ചിൻ പൈലറ്റ് പറഞ്ഞത്. 

രാജസ്ഥാനില്‍ കടുത്ത മത്സരമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍. 200 നിയോജക മണ്ഡലങ്ങളിൽ 199 ഇടത്താണ് വോട്ടെടുപ്പ്. ആല്‍വാര്‍ ജില്ലയിലെ  രാംഗഢ് സീറ്റിലെ വോട്ടെടുപ്പ്, സ്ഥാനാര്‍ഥി മരിച്ചതിനാൽ മാറ്റിവച്ചിരിക്കുകയാണ്. 2274 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഭരണം തുടരാമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോൾ സംസ്ഥാനം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. 

135 സീറ്റില്‍ ബിജെപി - കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടമാണെങ്കില്‍ മറ്റ് സീറ്റുകളില്‍ വിമതന്‍മാര്‍, ബിഎസ്‍പി, മൂന്നാംമുന്നണി, പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയുടെ സാന്നിധ്യം വിധിയില്‍ നിര്‍ണ്ണായകമാകും. രാംഗഢ് മണ്ഡലമൊഴിച്ച് 4.74 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. 

 

തെലങ്കാനയിൽ ജനത്തെ വലച്ച് വോട്ടിംഗ് യന്ത്രം!

തെലങ്കാനയിൽ പലയിടത്തും വ്യാപകമായി വോട്ടിംഗ് യന്ത്രം കേടായത് വോട്ടർമാരെ വലച്ചു. പല വോട്ടർമാർക്കും വോട്ടിംഗ് സ്ലിപ്പുകൾ കിട്ടാതിരുന്നതും തർക്കത്തിനിടയാക്കി. തെലങ്കാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വെബ്‍സൈറ്റും കേടായതോടെ വോട്ടർമാർക്ക് വോട്ടർപട്ടിക ഓൺലൈനായി പരിശോധിയ്ക്കാനുമായില്ല. 

താരങ്ങളായ ചിരഞ്ജീവിയും അല്ലു അർജുനുമുൾപ്പടെ സാനിയ മിർസയുൾപ്പടെയുള്ള സ്പോർട്സ് താരങ്ങളും രാവിലെത്തന്നെ വോട്ട് ചെയ്യാനെത്തി.