Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് ആക്രമണങ്ങളുടെ നിഴലില്‍ ഛത്തീസ്‍ഗഢ് തെരഞ്ഞെടുപ്പ്; ഇതുവരെ 20 ശതമാനം പോളിങ്

മാവോയിസ്റ്റ് ആക്രമണങ്ങളുടെ നിഴലില്‍ ഛത്തിസ്ഗഡിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ദന്തേവാഡയിൽ പോളിംഗിന് തൊട്ടുമുമ്പ് സൈനികരെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടായി. ഉച്ചവരെയുള്ള കണക്ക് പ്രകാരം 20 ശതമാനമാണ് പോളിംഗ്.

Chhattisgarh Assembly Elections 2018 20 Per Cent Turnout Recorded
Author
Chhattisgarh, First Published Nov 12, 2018, 1:49 PM IST

റായ്പൂര്‍: മാവോയിസ്റ്റ് ആക്രമണങ്ങളുടെ നിഴലില്‍ ഛത്തീസ്‍ഗഢിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ദന്തേവാഡയിൽ പോളിംഗിന് തൊട്ടുമുമ്പ് സൈനികരെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടായി. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്ക് പ്രകാരം 20 ശതമാനമാണ് പോളിംഗ്.

മാവോയിസ്റ്റുകള്‍ക്ക് ഏറെ സ്വാധീനമുള്ള ബസ്തര്‍, രാജ്‍നന്ദ്ഗാവ് മേഖലകളിലാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ദന്തേവാഡയിലെ തുമാക്പാല്‍ സൈനിക ക്യാമ്പിന് സമീപം പോളിങ്ങിന് തൊട്ടു മുമ്പ് ബോംബ് സ്ഫോടനം ഉണ്ടായി. സിആര്‍പിഎഫ് ജവാന്‍മാരെ ലക്ഷ്യമിട്ട് റോഡില്‍ കുഴിച്ചിട്ട സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 

സൈനികര്‍ കടന്നുപോയതിന് ശേഷമായിരുന്നു സ്ഫോടനം. അതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. കോണ്ടയിലെ ഒരു ബൂത്തില്‍ മൂന്ന് സ്ഫോടകവസ്തുക്കള്‍ സൈന്യം കണ്ടെത്തി. തുടര്‍ന്ന് പോളിങ്ങിനായി മറ്റൊരു ബൂത്ത് സജ്ജീകരിച്ചു. ഈ രണ്ട് സംഭവങ്ങളും ഒഴിച്ചുനിർത്തിയാൽ ഇതുവരെ പോളിംഗ് സമാധാനപരമാണ്.

മുഖ്യമന്ത്രി രമണ്‍ സിംഗ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍  ഇന്ന് ജനവിധി തേടുന്നുണ്ട്. 18 സീറ്റുകളിലേക്കാണ് ആദ്യ ഘട്ട പോളിങ്. ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഈ മേഖലകളില്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 

കഴിഞ്ഞ തവണ 18 സീറ്റില്‍ 12 ഉം കോണ്‍ഗ്രസിനാണ് ലഭിച്ചത്. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ്, സ്വന്തം പാര്‍ട്ടി രൂപീകരിച്ച മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയും മല്‍സര രംഗത്തുണ്ട്. ബിഎസ്പിയും സിപിഐയുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചാണ് അജിത് ജോഗിയുടെ പോരാട്ടം. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കാന്‍ ഇത് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.

Follow Us:
Download App:
  • android
  • ios