റായ്പൂര്‍: വോട്ടെടുപ്പ് ദിവസം ബൂത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ പൂജ നടത്തി ഛത്തീസ്ഗഢ് മന്ത്രി.  സംഭവത്തില്‍  മന്ത്രിയോട് ഇലക്ഷന്‍ കമ്മീഷന്‍ വിശദീകരണം തേടി. ബിജെപി സ്ഥാനാര്‍ഥിയായ മത്സരിക്കുന്ന മന്ത്രി ദയാല്‍ ദാസ്  ബാഗ്ഹെലാണ് വോട്ടിങ് മെഷീനില്‍ പൂജ നടത്തിയത്. ചന്ദനത്തിരിയും വെള്ളവും തേങ്ങയും കരുതിയായിരുന്നു പൂജ. പൂജയ്ക്ക് ശേഷം ബൂത്തിന്‍റെ പടിയില്‍ തേങ്ങയുടയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില് പ്രചരിക്കുകയായിരുന്നു. തുടര്‍ന്നാണ് റിട്ടേണിങ് ഓഫീസര്‍ മന്ത്രിയില്‍ നിന്ന് വിശദീകരണം തേടിയത്. ബെമേതാര ജില്ലയിലെ നവാഗഡിലെ വോട്ടിങ് തുടങ്ങുന്നതിന് മുമ്പായിരുന്നു മന്ത്രിയുടെ പൂജ. 

15 വര്‍ഷമായി ജനങ്ങള്‍ക്ക് വേണ്ടി ബിജെപി ഒന്നും ചെയ്തില്ല. ജനങ്ങളെ ചതിച്ച് വോട്ടര്‍ മെഷീനില്‍ പൂജ നടത്തിയിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ജനാധിപത്യത്തില്‍ സാധാരണ ജനങ്ങളെയും വോട്ടര്‍മാരെയുമാണ് നേതാക്കള്‍ പൂജിക്കേണ്ടതെന്നും കോണ്‍ഗ്രസ് വക്താവ് ഷൈലേഷ്  ത്രിവേദി പറഞ്ഞു.