Asianet News MalayalamAsianet News Malayalam

ഛത്തീസ്ഗഡില്‍ 'കൈ' ഉയര്‍ത്തി കോണ്‍ഗ്രസ്; തന്ത്രങ്ങളെല്ലാം പിഴച്ച് മുഖ്യമന്ത്രി രമൺസിംഗ്

എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവച്ചുകൊണ്ടാണ് ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. വലിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നേടുന്നത്. ബിജെപിയുടെ ജനകീയ മുഖ്യമന്ത്രിമാരില്‍ ഒരാളായ രമണ്‍സിംഗ് അടക്കമുള്ളവര്‍ക്ക് ഇക്കുറി ജനവികാരം മനസിലാക്കാന്‍ സാധിച്ചില്ല

chhattisgarh raman singh strategy fails
Author
Raipur, First Published Dec 11, 2018, 10:10 AM IST

റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ബിജെപിക്ക് ഏറ്റവുമധികം ആത്മവിശ്വാസമുണ്ടായിരുന്നത് ഛത്തിസ്ഗഡിലായിരുന്നു. ഡോക്ടര്‍ മുഖ്യമന്ത്രിയെന്നും ചാവല്‍ബാവയെന്നുമൊക്കെ വിശേഷണമുള്ള രമണ്‍സിംഗിന്റെ ജനപ്രിയമുഖമായിരുന്നു കാരണം. ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ അധികം ചര്‍ച്ചയാകാത്ത സംസ്ഥാനത്ത് മാവോയിസ്റ്റ് വിഷയങ്ങളും രമണ്‍സിംഗിന്റെ ഭരണത്തോടുള്ള അതൃപ്തിയുമായിരുന്നു അടിയൊഴുക്കിന്‍റെ കാരണം.

'ചാവൽബാബ' എന്ന രമൺസിംഗിന്‍റെ വീഴ്ച

ഛത്തീസ്ഗഡിൽ കോൺഗ്രസിന് മേൽക്കൈ കിട്ടുമെന്നായിരുന്നു എക്സിറ്റ് പോളുകൾ പറഞ്ഞത്. വലിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നേടുന്നത്. ബിജെപിയുടെ ജനകീയ മുഖ്യമന്ത്രിമാരില്‍ ഒരാളായ രമണ്‍സിംഗ് അടക്കമുള്ളവര്‍ക്ക് ഇക്കുറി ജനവികാരം മനസിലാക്കാന്‍ സാധിച്ചില്ല. മാവോയിസ്റ്റ് ഭീഷണിയുടെയും പട്ടിണിയുടെയും സംഘര്‍ഷങ്ങളുടെയും നാടായ ഛത്തീസ്ഗഡില്‍ ഏതാണ്ട് പതിനഞ്ച് വര്‍ഷക്കാലമാണ് ബിജെപി പിടിമുറുക്കിയത്.

ആദ്യമായി ഇന്ത്യയിൽ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയാണ് രമൺ സിംഗ് ശ്രദ്ധേയനും ജനപ്രിയനുമായത്. ഡോക്ടറായ രമൺസിംഗിനെ അങ്ങനെ അന്നദാതാവായ  'ചാവൽബാബ' എന്ന് ജനങ്ങൾ വിളിച്ചു.

എന്നാല്‍ 15 വർഷങ്ങൾക്കപ്പുറം ജനങ്ങള്‍ക്കിടയില്‍ ഭരണവിരുദ്ധവികാരം അലയടിക്കുകയാണെന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അജിത്‌ജോഗി പുതിയ പാര്‍ട്ടിയുണ്ടാക്കി ബിഎസ്പിയുമായി ചേര്‍ന്ന് മത്സരിച്ചിട്ടും കോണ്‍ഗ്രസിന്റെ പെട്ടിയിലേക്കുള്ള വോട്ടുകളില്‍ ചലനമുണ്ടാക്കാനായില്ലെന്നതും ശ്രദ്ധേയമായിരുന്നു. ഭരണവിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകുമെന്ന ബിജെപിയുടെ പ്രതീക്ഷകളും അസ്ഥാനത്താകുകയായിരുന്നു.

ഇത്തവണ സഖ്യമിങ്ങനെ

ബിജെപിയും കോണ്‍ഗ്രസും സഖ്യങ്ങളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. 90 സീറ്റുകളിലും ഇരു പാര്‍ട്ടികളും മത്സരിച്ചു. അജിത് ജോഗി-ബിഎസ്പി സഖ്യം ദളിത്, പട്ടികവര്‍ഗ, ഗോത്ര വോട്ടുബാങ്കുകള്‍ ലക്ഷ്യമിട്ടു. എന്നാല്‍ ഫലം പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ് ചരിത്ര വിജയമാണ് കുറിക്കുന്നത്.

 

 
Follow Us:
Download App:
  • android
  • ios