ജയ്പൂർ: രാജസ്ഥാനിലെ പ്രചാരണത്തിന്‍റെ അവസാനദിനം കൊട്ടിക്കലാശിച്ചത് രണ്ട് അഴിമതിയിടപാടുകളുടെ പേരിലാണ്. അഗസ്റ്റാ വെസ്റ്റ്‍ലാൻഡ് ഹെലികോപ്റ്റർ ഇടപാടിന്‍റെ ഇടനിലക്കാരനായ ക്രിസ്ത്യൻ മിഷേൽ എന്തൊക്കെ വെളിപ്പെടുത്തുമെന്നറിയാൻ കാത്തിരിയ്ക്കാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. രാജസ്ഥാനിലെ കർഷകരെ കബളിപ്പിച്ച് റോബർട്ട് വാദ്ര കോടികളുണ്ടാക്കിയെന്നും മോദി ആരോപിച്ചു. ആദ്യം മോദി റഫാൽ അഴിമതിയിൽ മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചടിച്ചു. 

റഫാലിനെ നേരിടാൻ അഗസ്റ്റ വെസ്റ്റ്‍ലാൻഡ്

അഗസ്റ്റ കേസിനെ വൻ രാഷ്ട്രീയായുധമാക്കുകയാണ് ബിജെപി. രാജസ്ഥാൻ പ്രചാരണത്തിന്‍റെ അവസാനദിവസം തന്നെ ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യയിലെത്തിയ്ക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം ബിജെപി മറച്ചുവച്ചതുമില്ല. യുഎഇ മുമ്പും ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറിയിട്ടുണ്ട്. എന്നാൽ ഒരു ബ്രിട്ടീഷ് പൗരനെ കൈമാറാൻ യുഎഇ സമ്മതിച്ചത് കേന്ദ്രസർക്കാരിന് വൻനേട്ടമായി.

അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷെലിനെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിൽ എത്തിച്ചത് ഇന്നലെ രാത്രി. ഇന്ന് രാജസ്ഥാനിലെ രണ്ടു റാലികളിൽ മോദിയുടെ പ്രധാന ആയുധമായി ഈ നേട്ടം. റഫാൽ ഇടപാടിൽ പ്രചരണം തുടങ്ങിയ കോൺഗ്രസിന് അവസാനം അഗസ്റ്റ വെസ്റ്റ്ലാൻഡിൽ മറുപടി. 

''സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും ജാമ്യം എടുത്ത് പുറത്ത് നടക്കുന്നവരാണ്. ഹെലികോപ്റ്റർ ഇടപാടിൽ സോണിയാഗാന്ധിയുടെ പേരും രേഖകളിൽ ഉണ്ടായിരുന്നു. ഇവർക്കെതിരെ നീങ്ങുന്നത് കൊണ്ടാണ് തനിക്കെതിരെ കള്ളകഥകൾ മെനയുന്നത്.'' മോദി പറഞ്ഞു. റോബർട്ട് വാധ്ര രാജസ്ഥാനിൽ ഭൂമി വാങ്ങിയ ശേഷം കൂടിയ തുകയ്ക്ക് മറിച്ചു വിറ്റ കേസും മോദി പരാമർശിച്ചു.

റഫാൽ ഇടപാട് വീണ്ടും ഉയർത്തിയായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. റഫാൽ അഴിമതിയിൽ ഒരു പ്രാവശ്യം പോലും മറുപടി നൽകാൻ മോദി തയ്യാറല്ല. മറ്റുള്ളവർക്കെതിരെ ആരോപണം ഉയർത്തും മുമ്പ് മോദി ഇക്കാര്യം വിശദമാക്കണം. അഗസ്റ്റ വെസ്റ്റ്‍ലാൻഡിൽ അന്വേഷണം തുടങ്ങിയത് യുപിഎ ഭരണകാലത്താണെന്നും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി കഴിഞ്ഞതാണെന്നും രാഹുൽ പ്രതികരിച്ചു.

"

കോൺഗ്രസിന് കുരുക്കാകുമോ?

'കുടുംബം, എപി' എന്നൊക്കെയുള്ള ക്രിസ്ത്യൻ മിഷേലിന്‍റെ ഡയറിയിലെ പരാമർശങ്ങൾ തന്നെയാണ് കോൺഗ്രസിനെ ആശങ്കയിലാഴ്ത്തുന്നത്. ഇത് നെഹ്റു കുടുംബം, അഹമ്മദ് പട്ടേൽ എന്നിവയുടെ ചുരുക്കെഴുത്താണെന്ന ആരോപണം തെളിഞ്ഞാൽ രാഷ്ട്രീയ ചിത്രം തന്നെ മാറും. 

വിജയ് മല്യയെ കൈമാറുന്ന കാര്യത്തിൽ ലണ്ടൻകോടതിയിൽ നിന്ന് അനുകൂല വിധി സർക്കാർ തിങ്കളാഴ്ച പ്രതീക്ഷിക്കുന്നുണ്ട്. റഫാൽ ഇടപാടിൽ സുപ്രീംകോടതി അന്വേഷണത്തിനുത്തരവിട്ടാൽ ബിജെപിക്കത് വലിയ ആഘാതമാകും. അങ്ങനെ വന്നാൽ ക്രിസ്ത്യൻ മിഷെലിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ ഉപയോഗിച്ച് കോൺഗ്രസ് ആക്രമണം പ്രതിരോധിയ്ക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.