ജയ്പൂര്‍: കെെവിട്ട് പോയ ഭരണം രാജസ്ഥാനില്‍ തിരിച്ച് പിടിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന 2013ലെ രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കുറിച്ച ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കുന്നതാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ ഫലം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ കൃത്യമായി മുന്നേറിയ കോണ്‍ഗ്രസ് ഒരു ഘട്ടത്തില്‍ പോലും ബിജെപിക്ക് മുന്നിലെത്താന്‍ അവസരം നല്‍കിയില്ല.

100 എന്ന മാന്ത്രിക സംഖ്യ പിന്നിട്ട് കേവല ഭൂരിപക്ഷത്തിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ആഘോഷം തുടങ്ങിയിരുന്നു. മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയ്ക്കെതിരെ ഭരണവിരുദ്ധവികാരം നിലനിന്നതാണ് ബിജെപിക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിച്ചത്. ഇത് തന്നെയാണ് പരാജയത്തിലേക്ക് നയിച്ചതെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. 

ഒരുമയോടെ സച്ചിന്‍ പെെലറ്റും അശോക് ഗെഹ്‍ലോട്ടും

സച്ചിന്‍ പെെലറ്റും അശോക് ഗെഹ്‍ലോട്ടും ഒരുമിച്ച്നിന്ന് കോണ്‍ഗ്രസിനെ നയിച്ചതോടെ കാര്യങ്ങള്‍ കെപ്പത്തിക്ക് അനുകൂലമായി നീങ്ങി. ജാതി സമവാക്യങ്ങൾ മാറി മറിഞ്ഞത് തന്നെയാണ്  രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ നിർണ്ണായകമായത്. തൊട്ടടുത്ത സംസ്ഥാനമായ മധ്യപ്രദേശിൽ കർഷകപ്രശ്നങ്ങൾ ആളിക്കത്തിയപ്പോഴും രാജസ്ഥാൻ വില കൊടുത്തത് ജാതിയ്ക്ക് മാത്രം.

എക്കാലവും ഒപ്പമുണ്ടായിരുന്ന രാജ്പുത് സമുദായം പിണങ്ങി നിന്നത് ബിജെപിക്ക് തലവേദനയായി. പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ജാട്ട്, മീണ സമുദായങ്ങളുടെ ചാഞ്ചാട്ടം കോൺഗ്രസിനും വെല്ലുവിളിയായി. വസുന്ധരാ രാജെ സിന്ധ്യയ്ക്കെതിരെ ഭരണവിരുദ്ധവികാരം അഞ്ഞടിച്ചതും ബിജെപിയുടെ തന്ത്രങ്ങള്‍ പാളുന്നതില്‍ കാരണമായി. ഭരണത്തിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു. 

ബിജെപിക്ക് തിരിച്ചടിയായത്

ജനസംഘകാലം മുതൽ രാജസ്ഥാനിൽ ബിജെപിയുടെ ഉറച്ച  വോട്ടുബാങ്കാണ് എട്ടു ശതമാനത്തോളം വരുന്ന രാജ്പുത്ത് സമുദായം. ആറ് കൊലപാതക കേസുകളിൽ പ്രതിയായിരുന്ന ആനന്ദ് പാൽ സിംഗ് രാവണ രാജ്പുത്ത് സമുദായ അംഗത്തെ കഴിഞ്ഞ വർഷം പൊലീസ് വെടിവച്ചു കൊന്നതാണ് സർക്കാരിനോട് ഈ സമുദായത്തിനുണ്ടായ  എതിർപ്പിനുള്ള ഒരു കാരണം.

അഞ്ച് ജില്ലകളിലെ തെരഞ്ഞെടുപ്പിൽ രാജ്പുത് സമുദായത്തിന്‍റെ സ്വാധീനം പ്രതിഫലിക്കുമെന്ന് രാവണ രാജ്പുത് മഹാസഭ പ്രസിഡന്‍റ് വീരേന്ദ്ര സിംഗ് രാവണ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് പറഞ്ഞിരുന്നു. അത് ഫലിച്ചെന്നാണ് വിലയിരുത്തല്‍. മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്‍റെ മകൻ മാനവേന്ദ്ര സിംഗ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതും ബിജെപിയോടുള്ള സമുദായത്തിന്‍റെ എതിർപ്പ് രേഖപ്പെടുത്തി.

പരമ്പരാഗതമായി രാജ്പുത്തിന്‍റെ എതിർ ചേരിയിലായ ജാട്ടുകളുടെ വോട്ടും വിധി നിർണയിക്കുന്നു. രാജസ്ഥാൻ ജനസംഖ്യയുടെ15 ശതമാനത്തോളം ജാട്ടുകളാണ്. ബിജെപി വിട്ട ഹനുമാൻ ബനിവാൽ എന്ന ജാട്ട് നേതാവ് പുതിയ പാർട്ടിയുണ്ടാക്കിയത് ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ തലവേദന സൃഷ്ടിച്ചിരുന്നു. എന്നാലും, ഭരണവിരുദ്ധ വികാരത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോയത് കോണ്‍ഗ്രസിന്‍റെ വിജയത്തില്‍ നിര്‍ണായകമായി.