Asianet News MalayalamAsianet News Malayalam

തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ പിഴ; ചതിച്ചത് 'തെലങ്കാന' തന്നെ

അപ്രതീക്ഷിത തിരിച്ചടിയാണ് കോൺഗ്രസിന് തെലങ്കാനയിൽ നേരിട്ടത്. തൊട്ടതെല്ലാം പിഴച്ചു. ടിഡിപി സഖ്യം ബൂമറാങ്ങായി. ചന്ദ്രശേഖര റാവുവിനെതിരെ ശക്തനായ ഒരു നേതാവിനെ അവതരിപ്പിക്കാൻ കോണ്‍ഗ്രസിനായില്ല. 

congress lose in telangana
Author
Telangana, First Published Dec 11, 2018, 11:10 PM IST

ഹൈദരാബാദ്: അപ്രതീക്ഷിത തിരിച്ചടിയാണ് കോൺഗ്രസിന് തെലങ്കാനയിൽ നേരിട്ടത്. തൊട്ടതെല്ലാം പിഴച്ചു. ടിഡിപി സഖ്യം ബൂമറാങ്ങായി. ചന്ദ്രശേഖര റാവുവിനെതിരെ ശക്തനായ ഒരു നേതാവിനെ അവതരിപ്പിക്കാൻ കോണ്‍ഗ്രസിനായില്ല. വരുന്ന ആന്ധ്ര തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സമ്മർദ്ദം ഏറ്റുന്നതാണ് അയല്‍പക്കത്തെ ഫലം.

വോട്ടർ പട്ടികയിലും വോട്ടിങ് യന്ത്രത്തിലും നടന്ന ക്രമക്കേടുകള്‍ തോൽ‌വിയിലേക്ക് നയിച്ചെന്ന് ആരോപിക്കുകയാണ് തെലങ്കാനയിൽ കോൺഗ്രസ്‌. എന്നാൽ അതിനപ്പുറം, പാളിയ തീരുമാനങ്ങളെ പാർട്ടിക്ക് പഴിക്കേണ്ടി വരും.  തെലങ്കാന രൂപീകരണ ശേഷം തെലുങ്ക് മണ്ണിൽ നഷ്ടമായ പ്രതാപം വീണ്ടെടുക്കാമെന്നാണ് കോൺഗ്രസ്‌ പ്രതീക്ഷിച്ചത്. 

ചിരവൈരി ആയിരുന്ന ചന്ദ്രബാബു നായിഡുവിനെ ഒപ്പം കൂട്ടി. മഹാസഖ്യം ഉണ്ടാക്കി. എന്നാൽ തെലങ്കാന കാര്‍ഡിറക്കാന്‍ അത് കെ സി ആറിന് അവസരമൊരുക്കി. തെലങ്കാനക്കെതിരെ സമരം നയിച്ച നായിഡുവിനെ പ്രചാരണ വേദിയിൽ രാഹുൽ ഗാന്ധി ചേർത്തു നിർത്തിയത് ടി ആർഎസിന് വോട്ട് നേടിക്കോടുത്തു.തെലങ്കാന സമരം ശക്തമായിരുന്ന വടക്കൻ തെലങ്കാന ടി ആർ എസ് തൂത്തുവാരിയത് ടി ഡി പി വിരോധം കൊണ്ട് കൂടിയാണ്. 

മഹാകുട്ടമിക്ക് ഒരു നേതാവുണ്ടായിരുന്നില്ല. കെ സി ആറിനെ പോലെ പ്രഭാവം ഉള്ള എതിരാളിയെ നേരിടാൻ പോന്ന മുഖം രാഹുൽ ഗാന്ധിക്ക് അവതരിപ്പിക്കാനുമായില്ല. കെട്ടുറപ്പുള്ള പാർട്ടിക്കും നേതാവിനും തെലങ്കാന വോട്ട് ചെയ്തപ്പോൾ ടി ആർ എസ് ഭരണത്തുടർച്ച ഉറപ്പിച്ചു. 

സെപ്റ്റംബർ ആറിനു സഭ പിരിച്ചുവിട്ട് കെ സി ആർ തെരഞ്ഞെടുപ്പിന് ഒരുങ്ങിയെങ്കിലും കോൺഗ്രസ്‌ സഖ്യ ചർച്ചകൾ പൂർത്തിയാക്കിയത് നവംബറിൽ മാത്രമാണ്.  സീറ്റ് വീതംവെപ്പിലെ കല്ലുകടി സഖ്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ സംശയം ജനിപ്പിച്ചു. മുസ്ലിം വോട്ടർമാർക്കിടയിലെ ആശയക്കുഴപ്പം മുതലെടുക്കാനായതുമില്ല.  

നായിഡുവിനൊപ്പം ആന്ധ്രയിൽ തെരഞ്ഞെടുപ്പിന്  ഒരുങ്ങുകയാണ് കോൺഗ്രസ്‌. അയല്‍പക്കത്തെ തോറ്റ പരീക്ഷണത്തിന്റെ കയ്പ്പ് കൂടെ ഉണ്ടാകും. ശക്തരായ പ്രാദേശിക കക്ഷികൾക്ക് എതിരെ രാഹുലിന് പുതിയ തന്ത്രങ്ങൾ പയറ്റേണ്ടി വരും.

Follow Us:
Download App:
  • android
  • ios