ജയ്‍പൂർ: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ രൂപീകരണത്തിനുള്ള കേവലഭൂരിപക്ഷം കടക്കുമെന്ന സൂചനകളാണ് ലഭിയ്ക്കുന്നത്. സർക്കാർ രൂപീകരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നാണ് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയത്. 

199 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ സർക്കാർ രൂപീകരണത്തിന് 100 സീറ്റുകൾ നേടണം. ആദ്യമണിക്കൂറുകളിൽ കോൺഗ്രസ് കൃത്യമായി ലീഡ് നിലനിർത്തി. ലീഡ് നില കേവലഭൂരിപക്ഷം കടന്നതോടെ കോൺഗ്രസ് ക്യാംപിൽ ആഹ്ലാദപ്രകടനം നടത്തി. 

മുഖ്യമന്ത്രി ആരാകുമെന്ന് രാഹുൽഗാന്ധി തീരുമാനിയ്ക്കട്ടെ എന്ന് മുതിർന്ന നേതാവ് അശോക് ഗെഹ്‍ലോട്ട് പ്രസ്താവനയും നടത്തി. പ്രചാരണകാലത്ത് ഒന്നിച്ചുനിന്നെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് ഇരുവരും തമ്മിലൊരു ശീതസമരം നിലനിൽക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

പക്ഷേ പിന്നീടാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാത്രം മാറി. ബിജെപി സീറ്റുകൾ കൂട്ടി. കോൺഗ്രസ് ക്യാംപ് ആശങ്കയിലായി. സമാനചിന്താഗതിക്കാരുമായി ചർച്ച നടത്തുകയാണെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി. ബിഎസ്‍പിയുൾപ്പടെയുള്ള കക്ഷികളുമായി ചർച്ച നടത്താൻ നീക്കം തുടങ്ങി.

2013-ൽ ബിജെപിയ്ക്ക് 163 സീറ്റാണ് കിട്ടിയത്. മൃഗീയഭൂരിപക്ഷം. കോൺഗ്രസിന് 21 സീറ്റുകൾ മാത്രം. പണ്ട് ബിജെപി വിട്ട് കിരോഡി ലാൽ മീണ സ്ഥാപിച്ച എൻപിപി നേടിയത് 4 സീറ്റുകൾ. ബിഎസ്പിയ്ക്ക് 3 സീറ്റുകൾ. മറ്റുള്ളവർക്ക് ഒമ്പത് സീറ്റുകൾ. 

 

 

എക്സിറ്റ് പോളുകൾ പറഞ്ഞതെന്ത്?

എല്ലാ എക്സിറ്റ് പോളുകളും ഒരുപോലെ രാജസ്ഥാൻ കോൺഗ്രസിന് എന്നാണ് വിധിയെഴുതിയത്. റിപ്പബ്ലിക് സീ വോട്ടർ സർവേ കോൺഗ്രസിന് 129 മുതൽ 145 സീറ്റുകൾ വരെ പ്രവചിച്ചപ്പോൾ ബിജെപിയ്ക്ക് 52 മുതൽ 68 സീറ്റുകൾ നൽകി. ബിഎസ്പിയ്ക്ക് സീറ്റൊന്നും കിട്ടില്ലെന്ന് പ്രവചിച്ച റിപ്പബ്ലിക് ടിവി മറ്റുള്ളവർക്ക് 5 മുതൽ 11 സീറ്റുകൾ നൽകി. 

ടൈംസ് നൗ കോൺഗ്രസിന് 105 സീറ്റുകൾ നൽകി. ബിജെപിയ്ക്ക് 85 സീറ്റുകളും മറ്റുള്ളവർക്ക് 9 സീറ്റുകളും നൽകി. എബിപി ന്യൂസ് കോൺഗ്രസിന് 101 സീറ്റുകളും ബിജെപിയ്ക്ക് 83 സീറ്റുകളും പ്രവചിച്ചു. മറ്റുള്ളവർക്ക് 15 സീറ്റുകളാണ് എബിപിയുടെ പ്രവചിച്ചത്.

ഇന്ത്യാ ടുഡേ സർവേയാണ് കോൺഗ്രസിന് വൻഭൂരിപക്ഷം പ്രവചിച്ച മറ്റൊരു എക്സിറ്റ് പോൾ. ഇന്ത്യാ ടുഡേ കോൺഗ്രസിന് നൽകിയത് 119 മുതൽ 141 സീറ്റുകൾ വരെയാണ്. ബിജെപിയ്ക്ക് 55 മുതൽ 72 സീറ്റുകളും മറ്റുള്ളവർക്ക് 4 മുതൽ 11 സീറ്റുകൾ വരെയാണ് ഇന്ത്യാ ടുഡേ പ്രവചിച്ചത്.