ഭോപ്പാല്‍: തീപാറും പോരാട്ടം നടക്കുന്ന ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിങ്ങിന്‍റെ പ്രചാരണ റാലിയില്‍ കാവി ഷാള്‍ ധരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു. കമ്പ്യൂട്ടര്‍ ബാബ എന്ന പേരിലറിയപ്പെടുന്ന സന്ന്യാസിയുമൊത്ത് ദിഗ് വിജയ് സിങ് നടത്തിയ റാലിയിലാണ് പൊലീസുകാര്‍ കാവി ഷാള്‍ ധരിച്ചത്. മിക്കവരും പൊലീസ് യൂനിഫോമിന് പകരം വെള്ള ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് ചിത്രം സഹിതം സംഭവം പുറത്തുവിട്ടത്.

സ്വന്തം ഇഷ്ടപ്രകാരമല്ല, നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഷാള്‍ ധരിച്ചതെന്നായിരുന്നു പൊലീസുകാരുടെ പ്രതികരണം. മധ്യപ്രദേശില്‍ കോണ്‍ഗ്രസാണ് ഭരിയ്ക്കുന്നത്. പൊലീസുകാരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് അന്വേഷിക്കണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങി. മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാസിങ് ഠാക്കൂറിനെയാണ് ഭോപ്പാലില്‍ ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഹിന്ദുത്വ കാര്‍ഡ് ഉപയോഗിച്ചാണ് കോണ്‍ഗ്രസും തിരിച്ചടിയ്ക്കുന്നത്.