ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ആലപ്പുഴയിൽ പുതിയൊരു ടീമിനെ രംഗത്തിറക്കുകയാണ് സിപിഎം. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ ആലപ്പുഴയുടെ മുഖമായി പ്രവര്‍ത്തിക്കുന്ന തോമസ് ഐസകും ജി.സുധാകരനും മത്സരരംഗത്തുണ്ടാവില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്.

പാര്‍ട്ടിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായമുണ്ടായെങ്കിലും ഐസക്കിനും സുധാകരനും രണ്ടാമതൊരു അവസരം സിപിഎം കൊടുക്കുന്നില്ല. ചെങ്ങന്നൂരിൽ മത്സരിക്കുന്ന സജി ചെറിയാനും, ആലപ്പുഴയിൽ തോമസ് ഐസകിന് പകരക്കാരനായി എത്തുന്ന കെ.പി.ചിത്തരഞ്ജനുമാവും ഈ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പ്രധാന സിപിഎം സ്ഥാനാര്‍ത്ഥികൾ.

പ്രാദേശിക തലത്തിൽ പ്രശ്നങ്ങളുണ്ടെങ്കിലും കായംകുളത്ത് യു.പ്രതിഭയെ വീണ്ടും മത്സരത്തിനിറക്കുകയാണ് സിപിഎം. ജി.സുധാകരന് പകരം എച്ച്.സലാമായിരിക്കും ആലപ്പുഴയിൽ മത്സരിക്കാനിറങ്ങുക. മാവേലിക്കരയിൽ എം.എസ്.അരുണ്‍ കുമാര്‍ വീണ്ടും ജനവിധി തേടും. നിലവിൽ കോണ്‍ഗ്രസിൻ്റെ കൈയിലുള്ള അരൂര്‍ ഷാനിമോൾ ഉസ്മാനിൽ നിന്നും തിരികെ പിടിക്കാൻ ഗായികയായ ദലീമ ജോജോയെയാണ് പാര്‍ട്ടി മത്സരിപ്പിക്കുന്നത്. നിലവിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ്  പ്രസിഡന്റാണ് അരൂര്‍ ഡിവിഷന്‍ പ്രതിനിധിയായ ദലീമ ജോജോ.