മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിക്കെതിരെ കോൺഗ്രസ് എൻസിപി സഖ്യവുമായി നീക്കുപോക്കിനു ഒരുങ്ങി സിപിഎം. സഖ്യത്തിൽ ചേരാതെയുള്ള നീക്കുപോക്കിനാണ് ഒരുങ്ങുന്നത് എന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം മഹേന്ദ്രസിങ്ങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാൽഘര്‍, ഡിൻഡോളി എന്നീ സീറ്റുകളിലാണ് സിപിഎം കോണ്‍ഗ്രസ്-എന്‍സിപി സഖ്യവുമായി നീക്കുപോക്കിന് ശ്രമിക്കുക. ബിജെപിക്കതിരെ അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി പ്രാദേശിക സഹകരണത്തിന് സിപിഎം കേന്ദ്രകമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ഇതിനു ചുവടുപ്പിടിച്ചാണ് മഹാരാഷ്ട്രയിലെ സിപിഎം നീക്കം. പാർട്ടിക്ക് ശക്തിയുള്ള സീറ്റുകളിൽ കോൺഗ്രസിന്‍റേയും എൻസിപിയുടെയും പിന്തുണ തേടാനാണ് സിപിഎം ശ്രമം എന്ന സൂചന കേന്ദ്രകമ്മിറ്റിയംഗം മഹേന്ദ്ര സിംഗ് നല്കി

കഴിഞ്ഞ വർഷം നടന്ന പാൽഘ‌‌ർ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിൻതള്ളി സിപിഎം നാലാം സ്ഥാനത്ത് എത്തിയിരുന്നു. പാൽഘ‌ർ ഉൾപ്പെടെ രണ്ട് സീറ്റുകളിലാവും നീക്കുപോക്ക് . 48 ലോകസഭാ സീറ്റുകൾ ഉള്ള സംസ്ഥാനത്ത് 20 സീറ്റുകളിൽ കോൺഗ്രസും 20ൽ എൻസിപിയും മത്സരിക്കാനാണ് ധാരണ. ബാക്കിയുള്ള എട്ട് സീറ്റുകൾ സഖ്യവുമായി സഹകരിക്കുന്ന പാർട്ടികൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ആദിവാസി ഗോത്രമേഖലകളിൽ കിസാൻ സഭയുടെ ലോംഗ് മാർച്ചിനു ശേഷം സിപിഎമ്മിന് വലിയ മുന്നേറ്റത്തിന് കഴിഞ്ഞിട്ടുണ്ട്. പാർട്ടികോൺഗ്രസ് രേഖ കോൺഗ്രസുമായി രാഷ്ട്രീയസഖ്യം തള്ളിയ സാഹചര്യത്തിലാണ് നീക്കു പോക്ക് എന്ന പേരിലുള്ള അടവുനയത്തിന് സംസ്ഥാന ഘടകം തീരുമാനിച്ചത്.