തിരുവനന്തപുരം: രണ്ട് തവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് വീണ്ടും സീറ്റ് നൽകേണ്ടെന്ന പാര്‍ട്ടി നയത്തിൽ അഭിപ്രായ ഭിന്നതകളുണ്ടായിട്ടും തീരുമാനം കര്‍ശനമായി നടപ്പാക്കി സിപിഎം. രണ്ട് ജയിച്ചവര്‍ മാറി നിൽക്കണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ വിമര്‍ശനം ഉയര്‍ന്നെങ്കിലും  തോമസ് ഐസകും ജി.സുധാകരനും അടക്കം ആര്‍ക്കും ഇളവ് കൊടുക്കേണ്ട എന്നാണ് സംസ്ഥാന സമിതി തീരുമാനിച്ചത്.

ആലപ്പുഴയിൽ തോമസ് ഐസക്കിനേയും അമ്പലപ്പുഴയിൽ ജി.സുധാകരനേയും ജയസാധ്യത മുൻനിര്‍ത്തി വീണ്ടും മത്സരിപ്പിക്കണമെന്ന് വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കൾ സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ആര്‍ക്കും ഇളവ് വേണ്ട എന്നായിരുന്നു പൊതുവികാരം. ഇതോടെ സിപിഎമ്മിൻ്റെ ജനകീയരായ നിരവധി എംഎൽഎമാരായിരിക്കും ഇക്കുറി മത്സരിക്കാൻ അവസരം കിട്ടാതെ മാറി നിൽക്കേണ്ടി വരിക. 

മന്ത്രിമാരായ തോമസ് ഐസക് (ആലപ്പുഴ), ജി സുധാകരൻ (അമ്പലപ്പുഴ), സി.രവീന്ദ്രനാഥ് (പുതുക്കാട്) എന്നിവര്‍ക്ക് പകരം പുതുമുഖങ്ങൾ വരും. കോഴിക്കോട് നോര്‍ത്ത് എംഎൽഎ എ പ്രദീപ് കുമാര്‍, റാന്നി എംഎൽഎ രാജു എബ്രഹാം, കൊട്ടാരക്കര എംഎൽഎ അയിഷാ പോറ്റി എന്നിവരും ഇപ്രാവശ്യം മത്സരരംഗത്തുണ്ടാവില്ല. കോഴിക്കോട് നോര്‍ത്തിൽ മുൻ മേയര്‍ തോട്ടത്തിൽ രവീന്ദ്രൻ മത്സരിക്കാനാണ് സാധ്യത. കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാൽ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. ഇരിങ്ങാലക്കുടയിൽ എ.വിജയരാഘവൻ്റെ ഭാര്യ ആര്‍.ബിന്ദുവിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. നേരത്തെ തൃശ്ശൂര്‍ കോര്‍പ്പറേഷൻ മേയറായിരുന്നു ബിന്ദു. പാലക്കാട് തരൂര്‍ സീറ്റിൽ നിലവിലെ എംഎൽഎയും മന്ത്രിയുമായ എ.കെ.ബാലൻ്റെ ഭാര്യ പി.കെ.ജമീല മത്സരിക്കും. 

തിരുവനന്തപുരം
പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര - കെ ആൻസലൻ
വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത്
കാട്ടാക്കട - ഐ.ബി.സതീഷ്
നേമം - വി.ശിവൻകുട്ടി
കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ
വർക്കല - വി. ജോയ് 
വാമനപുരം - ഡി.കെ.മുരളി
ആറ്റിങ്ങൽ - ഒ.എസ്.അംബിക
അരുവിക്കര - ജി സ്റ്റീഫൻ

കൊല്ലം 
കൊല്ലം- എം മുകേഷ്
ഇരവിപുരം - എം നൗഷാദ്
ചവറ - ഡോ.സുജിത്ത് വിജയൻ
കുണ്ടറ - ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര - കെ.എൻ.ബാലഗോപാൽ

പത്തനംതിട്ട
ആറന്മുള- വീണാ ജോർജ്
കോന്നി - കെ.യു.ജനീഷ് കുമാർ
റാന്നി -കേരളാ കോൺഗ്രസ് എം

ആലപ്പുഴ
ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം - യു .പ്രതിഭ
അമ്പലപ്പുഴ- എച്ച് സലാം
അരൂർ - ദലീമ ജോജോ
മാവേലിക്കര - എം എസ് അരുൺ കുമാർ
ആലപ്പുഴ- കെ.പി.ചിത്തരജ്ഞൻ

കോട്ടയം
ഏറ്റുമാനൂർ - വി .എൻ .വാസവൻ
കോട്ടയം - കെ.അനിൽകുമാർ
പുതുപ്പള്ളി - ജെയ്ക്ക് സി തോമസ്

കണ്ണൂര്‍

ധർമ്മടം - പിണറായി വിജയൻ
പയ്യന്നൂർ - പി ഐ മധുസൂധനൻ
കല്യാശേരി -  എം വി ജിൻ
അഴിക്കോട് - കെ വി സുമേഷ്
മട്ടന്നൂർ - കെ.കെ.ഷൈലജ
തലശേരി - എ എൻ ഷംസീർ
തളിപറമ്പ് - എം.വി ഗോവിന്ദൻ

ഇടുക്കി
ഉടുമ്പൻചോല - എം.എം.മണി
ദേവികുളം- എ.രാജ

തൃശൂർ
ചാലക്കുടി - യു .പി . ജോസഫ്
ഇരിങ്ങാലക്കുട - ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ - മുരളി പെരുനെല്ലി
ചേലക്കര - യു.ആർ.പ്രദീപ്
ഗുരുവായൂർ - ബേബി ജോൺ not finalised
പുതുക്കാട് - കെ.കെ. രാമചന്ദ്രൻ
കുന്നംകുളം - എ.സി.മൊയ്തീൻ
ഇരിങ്ങാലക്കുട - ആർ ബിന്ദു

കോഴിക്കോട്
കുറ്റ്യാടി - കേരള കോൺഗ്രസ് എം
കൊയിലാണ്ടി -കാനത്തിൽ ജമീല / സതീദേവി (ജില്ല സെക്രട്ടറിയേറ്റ് നാളെ )
പേരാമ്പ്ര - ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി : സച്ചിൻ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്
കൊടുവള്ളി : കാരാട്ട് റസാക്ക്
തിരുവമ്പാടി - ലിന്റോ ജോസഫ് / ഗിരീഷ് ജോൺ

പാലക്കാട്
ആലത്തൂർ - കെ ഡി പ്രസന്നൻ
നെന്മാറ - കെ ബാബു
പാലക്കാട് - തീരുമാനം ആയില്ല
മലമ്പുഴ - എ പ്രഭാകരൻ
കോങ്ങാട്- പി പി സുമോദ്‌
തരൂർ - ഡോ. പി കെ ജമീല
ഒറ്റപ്പാലം - പി ഉണ്ണി
ഷൊർണ്ണൂർ - സി കെ രാജേന്ദ്രൻ
തൃത്താല -എം ബി രാജേഷ്

റാന്നി സീറ്റിൽ രാജു എബ്രഹാമിന് പകരം ഇനി സിപിഎം സ്ഥാനാര്‍ത്ഥിയുണ്ടാവില്ല. റാന്നി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് കൊടുക്കാനാണ് സംസ്ഥാന സമിതിയുടെ തീരുമാനം. 1996 മുതൽ കഴിഞ്ഞ അഞ്ച് തവണയായി രാജു എബ്രഹാം സിപിഎമ്മിനായി വിജയം ആവര്‍ത്തിക്കുന്ന സീറ്റാണിത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു കൊടുത്തു. 

സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ചയ്ക്കൊടുവിൽ ജില്ലാ കമ്മിറ്റികൾ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി പട്ടികയിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. തിരുവനന്തപുരത്തെ അരുവിക്കര സീറ്റിലേക്ക് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.മധുവിനെയാണ്. എന്നാൽ ജി.സ്റ്റീഫൻ്റെ പേരാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയര്‍ന്നിരിക്കുന്നത്. നാടാര്‍ സമുദായത്തിൽ നിന്നുള്ള ജി.സ്റ്റീഫനെ ഇറക്കിയാൽ സമുദായിക സമവാക്യങ്ങൾ അനുകൂലമായി വരുമെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

കണ്ണൂര്‍ സിപിഎമ്മിലെ കരുത്തനായ പി.ജയരാജൻ ഇപ്രാവശ്യം മത്സരിക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിലുണ്ടായ മറ്റൊരു തീരുമാനം. ഇപി ജയരാജൻ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും മാറി നിന്ന സാഹചര്യത്തിൽ പി.ജയരാജൻ മത്സരിക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. നേരത്തെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച സാധ്യതാ പട്ടികയിലും പി.ജയരാജൻ്റെ പേരുണ്ടായിരുന്നില്ല. തൃത്താലയിൽ എം.ബി.രാജേഷ് വീണ്ടും മത്സരിക്കും എന്ന് ഉറപ്പായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടവരാണ് എംബി രാജേഷും, കെ.എൻ.ബാലഗോപാലും, പി.ജയരാജനും ഇവരിൽ ജയരാജന് മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തത്.