Asianet News MalayalamAsianet News Malayalam

ഫലം വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; എക്സിറ്റ് പോള്‍ പറയുന്നതിങ്ങനെ

അ‍ഞ്ച് സംസ്ഥാനങ്ങളിലായി 678 മണ്ഡലങ്ങളിലെ 8500-ഓളം സ്ഥാനാർഥികളുടെ വിധിയുടെ വിരൽ പതിപ്പിച്ച 1.74 ലക്ഷം വോട്ടിംഗ് മെഷീനുകൾ പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും പ്രതീക്ഷയോടെ കാണുന്നത്

details of exitpolls results
Author
Rajasthan, First Published Dec 11, 2018, 8:03 AM IST

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാത്ത് രാഷ്ട്രീയലോകം. അ‍ഞ്ച് സംസ്ഥാനങ്ങളിലായി 678 മണ്ഡലങ്ങളിലെ 8500-ഓളം സ്ഥാനാർഥികളുടെ വിധിയുടെ വിരൽ പതിപ്പിച്ച 1.74 ലക്ഷം വോട്ടിംഗ് മെഷീനുകൾ പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും പ്രതീക്ഷയോടെ കാണുന്നത്.

 മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളുടെ ജനവിധി മണിക്കൂറുകൾക്കുള്ളിൽ അറിയാം. വോട്ടിംഗ് യന്ത്രങ്ങൾ വഴിയിലുപേക്ഷിച്ച നിലയിൽ കണ്ടെത്തിയതുൾപ്പടെയുള്ള വിവാദങ്ങളുണ്ടായതിനാൽ ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം പുറത്ത് വന്ന എക്സിറ്റ്പോളുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതിന്‍റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. എന്നിരുന്നാലും കോണ്‍ഗ്രസിന്‍റെ നേരിയ മുന്‍കൂലം മിക്ക സര്‍വേകളും നല്‍കിയിട്ടുണ്ട്. 

ഇതുവരെ വന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ രത്നച്ചുരുക്കം ഇങ്ങനെ:

രാജസ്ഥാൻ: കോൺഗ്രസിന് എല്ലാ എക്സിറ്റ് പോളുകളും മുൻതൂക്കം പ്രവചിക്കുന്നു
മധ്യപ്രദേശ്: ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസിന് നേരിയ മുൻതൂക്കം
ഛത്തീസ്ഗഢ്: പ്രതീക്ഷിച്ച മുൻതൂക്കം ബിജെപിയ്ക്കില്ല, കോൺഗ്രസിന് മുൻതൂക്കം, ആര് ജയിക്കുമെന്ന കാര്യത്തിൽ എക്സിറ്റ് പോളുകളിൽ ഭിന്നതയുണ്ട്
തെലങ്കാന: ഇന്ത്യാ ടുഡേ സർവേ തെലങ്കാന രാഷ്ട്രസമിതി തൂത്തുവാരുമെന്നാണ് പറയുന്നത്
മിസോറാം: സീവോട്ടർ സർവേ തൂക്ക് സഭ പ്രവചിക്കുന്നു, മിസോ നാഷണൽ ഫ്രണ്ട് നേട്ടമുണ്ടാക്കും.
 

മധ്യപ്രദേശ്

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം മധ്യപ്രദേശിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. പതിനഞ്ച് വർഷത്തിന് ശേഷം മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. കോൺഗ്രസിന് 104 മുതൽ 122 സീറ്റുകൾ വരെ സർവേ പ്രവചിക്കുന്നു.

ബിജെപി 102 മുതൽ 120 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് ഇന്ത്യാ ടുഡേ സർവേയുടെ പ്രവചനം. മറ്റുള്ളവർ 4 മുതൽ 11 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. മധ്യപ്രദേശിൽ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്.

എന്നാൽ ടൈംസ് നൗ സിഎൻഎക്സ് സർവേ ഫലം മധ്യപ്രദേശിൽ ബിജെപിക്ക് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നു. ബിജെപിക്ക് 126 സീറ്റുകൾ പ്രവചിക്കുമ്പോൾ കോൺഗ്രസിന് 89 സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്. മറ്റുള്ളവർ 15 സീറ്റുകൾ നേടുമെന്നും ടൈംസ് നൗ സിഎൻഎക്സ് സർവേ ഫലം പ്രവചിക്കുന്നു.

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡിൽ 50 സീറ്റുവരെ കോണ്‍ഗ്രസും 39 സീറ്റുവരെ ബിജെപിയും നേടുമെന്നായിരുന്നു അഭിപ്രായ സര്‍വ്വേ. എന്നാല്‍ പുറത്തുവന്ന മൂന്ന് സര്‍വേകള്‍ കോണ്‍ഗ്രസിനും മൂന്ന് സര്‍വേകള്‍ ബിജെപിക്കും മൂന്‍തൂക്കം നല്‍കുന്നതാണ്. ആകെയുള്ള 90 സീറ്റുകളില്‍ സീ വോട്ടര്‍ 43 മുതല്‍ 45 വരെയുള്ള സീറ്റുകളാണ് ബിജെപിക്ക് നല്‍കുന്നത്.

കോണ്‍ഗ്രസ് 42 മുതല്‍ 50 സീറ്റുകള്‍ വരെ നേടുമെന്ന് സീ വോട്ടർ പ്രവചിക്കുന്നു. 90 ല്‍ 46 സീറ്റുമായി ബിജെപി അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സിഎൻഎക്സ് എക്സിറ്റ് പോൾ വ്യക്തമാക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും കോണ്‍ഗ്രസ്  മുന്‍തൂക്കം നേടുമെന്നാണ് സർവേ ഫലങ്ങൾ പൊതുവിൽ തരുന്ന സൂചന.

തെലങ്കാന

തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന് വലിയ മേൽക്കൈ കിട്ടുമെന്നായിരുന്നു അഭിപ്രായ സര്‍വ്വേ പ്രവചിച്ചത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ തെലങ്കാനയില്‍ ടി ആര്‍ എസിന്‍റെ വിജയം തന്നെയാണ് കൂടുതല്‍ സര്‍വ്വേകളും വ്യക്തമാക്കുന്നത്. മൊത്തമുള്ള 119 സീറ്റുകളില്‍ ടി ആര്‍ എസ് 66 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ അടക്കമുള്ള ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിനെ എഴുതിതള്ളാന്‍ കഴിയില്ലെന്ന് ചില എക്സിറ്റ് പോളുകളും അതേസമയം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് ടി ആര്‍ എസിന്‍റെ അടുത്തേക്ക് വരാന്‍ സാധ്യതയുണ്ടെന്ന് ഒരു സര്‍വ്വേ വ്യക്തമാക്കുമ്പോള്‍ മൂന്ന് സര്‍വ്വേകള്‍ ടി ആര്‍ എസിന്‍റെ വിജയമാണ് പ്രവചിക്കുന്നത്. 

രാജസ്ഥാന്‍

200 സീറ്റുകളുള്ള രാജസ്ഥാനിൽ കോൺഗ്രസിന് 129 സീറ്റുകൾ കിട്ടുമെന്നായിരുന്നു അഭിപ്രായസർവേ. ബിജെപി മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയ്ക്കെതിരെ ഭരണവിരുദ്ധവികാരം വോട്ടാക്കാൻ കോൺഗ്രസിന് കഴിയുമെന്നും വിലയിരുത്തിയിരുന്നു. 63 സീറ്റുകൾ മാത്രമാണ് സർവേകൾ ബിജെപിയ്ക്ക് പ്രവചിച്ചത്. മറ്റ് പാർട്ടികൾ എട്ട് സീറ്റ് നേടുമെന്നും വിലയിരുത്തലുണ്ടായിരുന്നു.

എന്നാല്‍ പുറത്തുവരുന്ന എക്സിറ്റ് പോള്‍ ഫലങ്ങളിലേറെയും 105 മുതല്‍ 120 വരെ സീറ്റുകളില്‍  കോണ്‍ഗ്രസ് ജയിക്കുമെന്നാണ് പ്രവചിക്കുന്നത്. ബി ജെ പി 55 മുതല്‍ 72 സീറ്റ് വരെയും കോണ്‍ഗ്രസ് 119 മുതല്‍ 141 സീറ്റ് വരെയും നേടുമെന്നാണ് ഇന്ത്യ ടുഡേ, ആക്സിസ് മൈ ഇന്ത്യ പ്രവചനം. ബി ജെ പി 85 ഉം കോണ്‍ഗ്രസ് 105 ഉം ബി എ സ്പി രണ്ടും മറ്റുള്ളവര്‍ ഏഴ് സീറ്റും നേടുമെന്നാണ് ടൈംസ് നൗ, സി എന്‍ എക്സ് പ്രവചനം.

മിസോറാം

മിസോ നാഷണൽ ഫ്രണ്ടുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ ഇത്തവണ മിസോറാമിൽ ശക്തമായ മത്സരമായിരുന്നു ബി ജെ പി നടത്തിയത്. അഞ്ച് സംസ്ഥാനങ്ങളിൽ മുന്നേറ്റമുണ്ടാക്കിയാൽ അത് ലോക്സഭയിലേക്ക് കോണ്‍ഗ്രസിന് നല്ല പിടിവള്ളിയാകും. എന്നാല്‍ അതിന് ഒരു സാധ്യതയുമില്ലെന്നായിരുന്നു ബി ജെ പിയുടെ അവകാശവാദം.

എന്നാല്‍ മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും തമ്മില്‍ വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പബ്ലിക് സി വോട്ടേഴ്സിന്‍റെ എക്സിറ്റ് പോള്‍ ഫലം പ്രകാരം കോണ്‍ഗ്രസിന് 14 മുതല്‍ 18 സീറ്റും എംഎന്‍എഫിന് 16 മുതല്‍ 20 സീറ്റും ലഭിക്കും. ബിജെപിക്ക് പൂജ്യം സീറ്റും മറ്റുള്ളവര്‍ക്ക് 3 മുതല്‍ 10 വരെ സീറ്റുമാണ് ലഭിക്കുക.

Follow Us:
Download App:
  • android
  • ios