Asianet News MalayalamAsianet News Malayalam

പരിവാർക്കെണിയിൽ കരുതലോടെ; ശബരിമല തൊടില്ല, വികസനത്തിലൂന്നി ഇടത് തന്ത്രങ്ങള്‍

തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയർന്നു കഴിഞ്ഞു. ശബരിമല വിഷയത്തിൽ കേരള രാഷ്ട്രീയം തിളച്ചു നിൽക്കുകയാണ്. സുവർണാവസരം മുതലാക്കാൻ  എൻ‍‍ഡിഎ ഒരുങ്ങിക്കഴിഞ്ഞു. ശബരിമല വിഷയം വഷളാക്കിയത് എൽഡിഎഫ് എന്നു പറഞ്ഞ് സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കാനാണ് യുഡിഎഫിന്റേയും തീരുമാനം. 

election strategies of ldf ldf r ajaya ghosh writes
Author
Kerala, First Published Jan 24, 2019, 2:22 PM IST

തെരഞ്ഞെടുപ്പിന്‍റെ കേളികൊട്ട് ഉയർന്നു കഴിഞ്ഞു. ശബരിമല വിഷയത്തിൽ കേരള രാഷ്ട്രീയം തിളച്ചു നിൽക്കുകയാണ്. സുവർണാവസരം മുതലാക്കാൻ  എൻ‍‍ ഡി എ ഒരുങ്ങിക്കഴിഞ്ഞു. ശബരിമല വിഷയം വഷളാക്കിയത് എൽഡിഎഫ് എന്നു പറഞ്ഞ് സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കാനാണ് യുഡിഎഫിന്‍റേയും തീരുമാനം. ഇതിനെ എങ്ങനെ സിപിഎം പ്രതിരോധിക്കും. പ്രത്യേകിച്ച് മുമ്പെങ്ങുമില്ലാത്ത വിധം കേരളജനത വിശ്വാസത്തിന്‍റെ പേരിൽ വിഘടിച്ചു നിൽക്കുമ്പോൾ എന്നതാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം നേരിടുന്ന പ്രധാന ചോദ്യം.

എൽഡിഫിന്‍റെയും സിപിഎമ്മിന്‍റെയും ശത്രുക്കൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. പിണറായിയുടെ പിടിവാശിയാണ് വിഷയം വഷളാക്കിയതെന്നാണ് പ്രധാന വിമർശനം. തിരുവിതാംകൂർ ദേവസ്വം  ബോർഡിനെ പോലും വരിഞ്ഞു മുറുകി എല്ലാം ഏറ്റെടുത്ത് മുഖ്യമന്ത്രി കൈകാര്യം ചെയ്‌തെന്നാണ് സംഘപരിവാരത്തിന്‍റെ പ്രധാന ആരോപണം. വിശ്വാസികളുടെ മേൽ നിരീശ്വര വാദത്തിന്‍റെ വിജയത്തിനായി മുഖ്യമന്ത്രി അങ്ങേയറ്റം വരെ പോയി  എന്നവർ   വിലയിരുത്തുന്നു. അതിനാൽ തന്നെ ശബരിമലയെ പ്രധാന വിഷയമാക്കി പ്രചാരണം നടത്തി സർക്കാരിനെ ഒറ്റപ്പെടുത്താനാണ് ഇരുകൂട്ടരുടെയും ശ്രമം. ഇത് മുന്നിൽ കണ്ടാണ് എൽഡിഎഫും സിപിഎമ്മും മറുതന്ത്രം മെനയുന്നത്.

ശബരിമലയെ കുറിച്ച് അവർ കൂടുതൽ പറയില്ല. സുപ്രീംകോടതി വിധി വന്നു, വിധി നടപ്പാക്കി. സ്‌ത്രീ അശുദ്ധയല്ല, ആർത്തവത്തിന്‍റെ കാര്യം പറഞ്ഞ് സ്ത്രീയെ എവിടെ നിന്നും മാറ്റിനിർത്താനാകില്ല. ഇത് പുരോഗമനാശയമാണ്. അതിനിയും തുടരും. 1000 ദിവസം കൊണ്ട് സർക്കാർ ചെയ്ത കാര്യങ്ങളായിരിക്കും എൽഡിഎഫ് എടുത്തു പറയുക. ധർമ്മടത്തു ചേർന്ന കുടുംബയോഗത്തിൽ മുഖ്യമന്ത്രി ഇത് വ്യക്തമാക്കി കഴിഞ്ഞു.   

ഇവിടെ ഒന്നും നടക്കില്ലെന്ന ധാരണ ചിലർക്കുണ്ടായിരുന്നു. പക്ഷെ അത് മാറി. പലതും നടക്കുന്നത് നമ്മൾ കാണുകയാണ്, ഗെയിൽ പദ്ധതി നോക്കൂ, 90 ശതമാനവും പൂർത്തിയായി കഴിഞ്ഞു. ദേശീയപാത വികസനത്തിനായി സ്ഥലമെടുപ്പ് മുടങ്ങികിടക്കുകയായിരുന്നു, അത് നല്ല രീതിയിൽ പുരോഗമിക്കുന്നു. സ്വന്തം മണ്ഡലത്തിലെ വോട്ടർമാർക്ക് മുന്നിൽ വികസനം മാത്രം പറഞ്ഞു മുഖ്യമന്ത്രി നയം വ്യക്തമാക്കുകയാണ്. കണ്ണൂർ വിമാനത്താവളത്തിന്‍റെ കാര്യം എടുത്തു പറയാൻ മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിച്ചു. 

സർക്കാർ സ്‌കൂളുകൾ നവീകരിച്ചത്, ഒരു ലക്ഷം ആളുകൾക്ക് പട്ടയം നൽകിയത്, ലൈഫ് പദ്ധതിയിൽ മുടങ്ങിക്കിടന്ന വീടുകൾ പൂർത്തിയാക്കിയത്, പ്രളയ ശേഷമുള്ള നവകേരള നിർമാണം, മലയോര ഹൈവേ,ഗെയിൽ, ദേശീയപാതവികസനം, ജലപാത ഇങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ പരിഗണനാവിഷയങ്ങൾ.ഐടി വികസനത്തിനൊപ്പം സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റുമെന്ന പ്രചാരണത്തിനും മുൻതൂക്കം നൽകുന്നു. നിസ്സാൻ അടക്കമുള്ള വൻകിട കമ്പനികൾ തലസ്ഥാനത്തെത്തിയതും നേട്ടമായി സർക്കാർ കാണുന്നു.

ഈ വികസന നേട്ടങ്ങളായിരിക്കും എൽഡിഎഫ് ഉയർത്തിക്കാട്ടുക. പിണറായി വിജയനെ പ്രതിസ്ഥാനത്തു നിർത്തി വിചാരണ ചെയ്യാൻ ബിജെപിയും കോൺഗ്രസും തയ്യാറെടുക്കുമ്പോൾ അതിനെ പിണറായി ചെയ്ത കാര്യങ്ങൾ പറഞ്ഞു നേരിടാനാണ് എൽഡിഎഫ് നീക്കം.  ടിവി ചാനൽ ചർച്ചകളിൽ പോലും ഇനി ശബരിമല വിഷയം ഉന്നയിക്കാൻ സിപിഎം ഇഷ്ടപ്പെടുന്നില്ല. കോടിയേരി ബാലകൃഷ്ണനും കാനം  രാജേന്ദ്രനും നയിക്കുന്ന ജാഥകളിലും വികസന വിഷയങ്ങളായിരിക്കും എൽഡിഎഫ് ചർച്ചയാക്കുക. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ കുടുംബയോഗങ്ങൾക്ക് ശേഷം എല്ലായിടത്തും വിപുലമായ കുടുംബ യോഗങ്ങൾ നടത്തും. ശബരിമലയുടെ പ്രാഥമിക കാര്യങ്ങൾ മാത്രം പറഞ്ഞു  പോയി,  നേരെ വികസന വിഷയങ്ങളിലേക്കു കടക്കും. മുഖ്യമന്ത്രിക്കെതിരായ വികാരം ഇതിലൂടെ മറികടക്കാനാകുമെന്ന് സിപിഎം കരുതുന്നു.

ദേശീയ തലത്തിൽ  ബിജെപി ഉയർത്തുന്ന വെല്ലുവിളിക്കെതിരെ നന്മയുടെ തുരുത്തായ കേരളം എന്ന മുദ്രാവാക്യവും എൽ ഡി എഫ് മുന്നോട്ടു വയ്ക്കും. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി വർഗീയ ചേരിതിരിവുണ്ടാക്കുമ്പോൾ എല്ലാവര്‍ക്കും ഒരുപോലെ ജീവിക്കാവുന്ന മണ്ണെന്ന സന്ദേശമാണ് എൽ ഡി എഫ് ഉന്നയിക്കുക. എന്തെല്ലാം കുത്തിത്തിരുപ്പുകളുണ്ടായാലും കേരളം അതെല്ലാം അതിജീവിക്കുമെന്നും അതിനു കരുത്തായി സിപിഎമ്മും എൽഡിഎഫും ഒപ്പമുണ്ടാകുമെന്നും ഉറപ്പു നൽകുന്ന പ്രചാരണം കരുത്തു പകരുമെന്നും അവർ വിലയിരുത്തുന്നു.

ദേശീയ തലത്തിൽ  സിപിഎമ്മിനു പ്രസക്തിയില്ലെന്ന മറുഭാഗത്തിന്‍റെ പരിഹാസത്തെയും അവർക്കു നേരിടേണ്ടിവരും. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്ന് ത്രിപുരയിലേതടക്കം ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാകും സിപിഎം ശ്രമം. മൗലികാവകാശ വിഷയങ്ങളിൽ ബിജെപിയും കോൺഗ്രസും ഒരേ നിലപാട് എടുക്കുന്നത് എൽഡിഎഫ് ഉപയോഗിക്കും. കളം പിടിക്കാൻ കച്ച മുറുക്കുമ്പോൾ അണിയറയിൽ ഒരുങ്ങുന്നത് തികച്ചും വ്യത്യസ്തമായ തന്ത്രങ്ങളാകുമെന്നു തീർച്ച.

Follow Us:
Download App:
  • android
  • ios