ദില്ലി: കോണ്‍ഗ്രസിനെ അടിമുടി ആക്രമിച്ച് എല്ലാ കരുത്തും പുറത്തെടുത്താണ് ഇന്നലെ രാജസ്ഥാനിലെ പ്രചാരണം ബിജെപി അവസാനിപ്പിച്ചത്. രാജസ്ഥാനിൽ 200-ൽ 129 സീറ്റുവരെ കോണ്‍ഗ്രസ് നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് വന്ന അഭിപ്രായ സര്‍വ്വെ ഫലങ്ങൾ. ബിജെപി 63 സീറ്റിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വെ പ്രവചിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പിലേക്ക് പോകുമ്പോൾ രാജസ്ഥാനിലെ സാഹചര്യങ്ങൾ പ്രവചനങ്ങൾക്ക് അതീതമാകുന്നു. 

വൈകീട്ട് ആറര മണിക്ക് ശേഷമാകും അഞ്ച് സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുക. അഞ്ചിൽ രണ്ട് കോണ്‍ഗ്രസിന് എന്നത് മാറിയേക്കുമെന്നാണ് സൂചന. 

അഭിപ്രായസർവേകൾ പറഞ്ഞതെന്ത്?

അഭിപ്രായ സര്‍വ്വെകളിൽ മധ്യപ്രദേശിൽ ബി.ജെ.പിക്ക് അധികാര തുടര്‍ച്ച എന്നാണ് പ്രവചിച്ചതെങ്കിൽ അവിടെ സ്ഥിതി മാറുമെന്ന സൂചനകളുണ്ട്. 126 സീറ്റ് ബി.ജെ.പിക്കും 97 സീറ്റ് കോണ്‍ഗ്രസിനും എന്നായിരുന്നു അഭിപ്രായ സര്‍വ്വെ. എന്നാലവിടെ നൂറിൽ കൂടുതൽ സീറ്റിലേക്ക് രണ്ട് പാർട്ടികളും എത്താനുള്ള സാധ്യതകളും പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ 230-ൽ 165 സീറ്റ് നേടിയാണ് ബി.ജെ.പി മൂന്നാമതും അധികാരം നിലനിര്‍ത്തിയത്. കോണ്‍ഗ്രസിന് കിട്ടിയത് 58 സീറ്റ് മാത്രം. ഭരണവിരുദ്ധ വികാരം മധ്യപ്രദേശിൽ വലിയ അടിയൊഴുക്കുകൾ ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

ഛത്തീസ്ഗഡിൽ 50 സീറ്റുവരെ കോണ്‍ഗ്രസും 39 സീറ്റുവരെ ബിജെ.പിയും നേടുമെന്നായിരുന്നു അഭിപ്രായ സര്‍വ്വെ. തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന് വലിയ മേൽക്കൈ കിട്ടുമെന്നും സര്‍വ്വെ പ്രവചിച്ചിരുന്നു. ഇതിൽ തെലങ്കാനയിൽ സ്ഥിതി ചന്ദ്രശേഖരറാവുവിന് അനായാസ വിജയം ഉണ്ടാകില്ലെന്ന സൂചനകളുണ്ട്.

ഛത്തീസ്ഗഡിൽ 90 സീറ്റും തെലങ്കാനയിൽ 199 സീറ്റുമാണ് ആകെ ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 49 സീറ്റ് നേടിയാണ് ഛത്തീസ്ഗഡിൽ ബി.ജെ.പി മൂന്നാമതും അധികാരത്തിൽ തുടര്‍ന്നത്. 

200 സീറ്റുകളുള്ള രാജസ്ഥാനിൽ കോൺഗ്രസിന് 129 സീറ്റുകൾ കിട്ടുമെന്നാണ് അഭിപ്രായസർവേ. ബിജെപി മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയ്ക്കെതിരെ ഭരണവിരുദ്ധവികാരം വോട്ടാക്കാൻ കോൺഗ്രസിന് കഴിയുമെന്നാണ് വിലയിരുത്തൽ. 63 സീറ്റുകൾ മാത്രമാണ് സർവേകൾ ബിജെപിയ്ക്ക് പ്രവചിച്ചത്. മറ്റ് പാർട്ടികൾ എട്ട് സീറ്റ് നേടുമെന്നും വിലയിരുത്തലുണ്ട്.

മിസോ നാഷണൽ ഫ്രണ്ടുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ ഇത്തവണ മിസോറാമിൽ ശക്തമായ മത്സരം ബി.ജെ.പി നടത്തി. അഞ്ച് സംസ്ഥാനങ്ങൾ എങ്ങോട്ട് എന്ന സൂചനകൾ എക്സിറ്റ്പോൾ ഫലങ്ങൾ നൽകും. അഞ്ച് സംസ്ഥാനങ്ങളിൽ മുന്നേറ്റമുണ്ടാക്കിയാൽ അത് ലോക്സഭയിലേക്ക് കോണ്‍ഗ്രസിന് നല്ല പിടിവള്ളിയാകും. അതിന് ഒരു സാധ്യതയുമില്ലെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.