റായപൂര്‍: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറെ ആശങ്കയുണര്‍ത്തിയ സംസ്ഥാനമായിരുന്നു ഛത്തീസ്ഗഡ്. മാവോയിസ്റ്റ് സാന്നിധ്യവും കോണ്‍ഗ്രസ്-ബി ജെ പി നേര്‍ക്കുനേര്‍ പോരാട്ടവും തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കി. കഴിഞ്ഞ 15 വര്‍ഷക്കാലമായി ബിജെപിയുടെ കോട്ടയായിരുന്നു ഛത്തീസ്ഗഡ്. എന്നാല്‍ ഇക്കുറി കോണ്‍ഗ്രസ് മുന്നേറ്റത്തിന് മുന്നില്‍ ബിജെപി കോട്ടകള്‍ ഇളകി മാറി.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളിലൊന്നു കൂടിയായിരുന്നു രമണ്‍ സിംഗിന്‍റെ ഛത്തീസ്ഗഡ്. സംസ്ഥാന സർക്കാരിനെതിരെ വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരമില്ലെന്ന ധാരണയായിരുന്നു ബി ജെ പി വച്ചുപുലര്‍ത്തിയത്. എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസ്സിന് അനുകൂലമായിരുന്നെങ്കിലും അപ്രമാദിത്വം പ്രവചിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമാകുമ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്ന വിജയമാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

രമണ്‍ സിംഗിന്‍റെ ജനപ്രീയതയില്‍ ഇക്കുറിയും അധികാരം നിലനിര്‍ത്താം എന്ന പ്രതീക്ഷയോടെ കളത്തിലിറങ്ങിയ ബി ജെ പിക്ക് അടിതെറ്റുകയായിരുന്നു. അജിത് ജോഗി-മായാവതി സഖ്യം പ്രതിപക്ഷ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. തകര്‍പ്പന്‍ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസ് ചരിത്രവിജയവുമായി അധികാരവഴികളില്‍ തിരിച്ചെത്തി.

താര സ്ഥാനാർത്ഥികളും മണ്ഡലങ്ങളും

രമണ്‍ സിംഗ് (മുഖ്യമന്ത്രി) ബിജെപി- രാജ്നന്ദ്ഗാവ്ഛത്തീസ്ഗഡിൽ മൂന്ന് വർഷം തുടർച്ചയായി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബി ജെ പിയുടെ ഏറ്റവും താരത്തിളക്കമുള്ള നേതാവായിരുന്നു രമൺ സിംഗ്. 15 വർഷമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായ രമൺ സിങ് കഴിഞ്ഞ 2 തവണയും രാജ്നന്ദ്ഗാവിൽ നിന്നായിരുന്നു നിയമസഭയിലെത്തിയത്. അധികാരം നഷ്ടമായെങ്കിലും രമണ്‍ സിംഗ് ജയിച്ചുകയറുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും ബി ജെ പി കേന്ദ്രങ്ങള്‍ വച്ചുപുലര്‍ത്തുന്നത്. ശക്തമായ മത്സരം നേരിടേണ്ടിവന്ന രമണ്‍ സിംഗ് ചില ഘട്ടങ്ങളില്‍ പിന്നിലായിരുന്നു.

കരുണ ശുക്ല (വാജ്‌പേയിയുടെ അനന്തരവള്‍) കോൺ​ഗ്രസ്- രാജ്നന്ദ്ഗാവ്

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിംഗിനെതിരെ രാജ്നന്ദ്ഗാവ് മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാന്‍ വാജ്പേയിയുടെ അനന്തിരവള്‍ എത്തിയതോടെ മണ്ഡലത്തില്‍ പോരാട്ടത്തിന്‍റെ കാഹളം മുഴങ്ങിയത്. അറുപത്തിയെട്ടുകാരിയായ കരുണ ശുക്ല വാജ്പേയ്‌യുടെ സഹോദരൻ അവധ് ബിഹാരി വാജ്പേയിയുടെ മകളാണ്. ജാന്‍ഗിരി മണ്ഡലത്തില്‍നിന്നുള്ള ബി ജെ പി എംപിയായിരുന്നു കരുണ ശുക്ല. 2003ൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വരെ ബി ജെ പി കരുണ ശുക്ലയെ പരിഗണിച്ചിരുന്നു. എന്നാൽ 2009 ലെ തെരഞ്ഞെടുപ്പിൽ അടിതെറ്റിയതോടെ ബി ജെ പിയിൽ ഒതുക്കപ്പെട്ടു. 2013ൽ ബി ജെ പിയിൽനിന്ന് രാജിവച്ച് പുറത്തുപോയി. തുടർന്ന് 2014ൽ കരുണ കോൺഗ്രസിലേക്ക് മാറി. ഭരണവിരുദ്ധ വികാരത്തിനൊപ്പം കരുണ ശുക്ലയുടെ നിലപാടും കോണ്‍ഗ്രസിന്‍റെ അധികാരനേട്ടത്തില്‍ നിര്‍ണായകമായി. രമണ്‍ സിംഗിനെതിരെ ശക്തമായ മത്സരം കാഴ്ചവച്ച കരുണ ഇപ്പോഴും വിജയപ്രതീക്ഷയിലാണ്.

ഭൂപേഷ് ഭാഗൽ (പി സി സി അധ്യക്ഷൻ) കോൺ​ഗ്രസ്- പട്ടാന്‍

ഛത്തീസ്ഗഡ് പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി അധ്യക്ഷനാണ് ഭൂപേഷ് ഭാഗൽ. 2014 മുതൽ പാര്‍ട്ടി അധ്യക്ഷനായി തുടരുന്ന ഭാ​ഗൽ  മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. ഛത്തീസ്ഗഡിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് മുനത്തിനെതിരെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ഭൂപേഷ് ഭാഗലിനെ ജയിലില്‍ അടച്ചിരുന്നു. സിഡി വിവാദത്തില്‍ ഭൂപേഷ് ഭാഗല്‍ ആരോപണ വിധേയനായതിനെതുടര്‍ന്ന് വിഷയം ദേശീയ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം. 2000 നവംബറിൽ ഛത്തീസ്ഗഢ് സർക്കാർ രൂപീകരിച്ചപ്പോൾ ആദ്യത്തെ റവന്യൂ മന്ത്രി ഭാ​ഗലായിരുന്നു.
 
ടി എസ് സിങ് ദേവ് (പ്രതിപക്ഷ നേതാവ്) കോൺ​ഗ്രസ്- അംബികാപൂര്‍

ഛത്തീസ്ഗഡിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവാണ് ത്രിഭുവനേശ്വർ‌ സിങ് ദേവ് അഥവാ ടി എസ് സിങ് ദേവ്. 2014 മുതൽ ഛത്തിസ്​ഗഡ് നിയമസഭയിലെ പ്രതിപക്ഷ നേതാവായി തുടരുകയാണ് സിങ് ദേവ്. 2008 മുതൽ സുർ​ഗുജ ജില്ലയിലെ അംബികാപൂരിൽനിന്നുള്ള എംപിയാണ് അദ്ദേഹം. ഛത്തീസ്ഗഡിലെ രണ്ടാം ഘട്ട വോട്ടെട്ടുപ്പിൽ ജനവിധി തേടിയ കോൺഗ്രസിലെ പ്രമുഖനാണ് സിങ് ദേവ്. കോണ്‍ഗ്രസിന് ഭരണം ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഒരാളാണ് ദേവ്.
 
ഗൗരി ശങ്കർ അ​ഗർവാൾ (നിയമസഭ സ്പീക്കർ) ബി ജെ പി- കസ്ദോല്‍

​ചത്തീസ്​ഗഡ് നിയമസഭയിലെ മുതിർന്ന ബിജെപി നേതാവാണ് ഗൗരി ശങ്കർ അ​ഗർവാൾ. കസ്ദോളിൽനിന്നുള്ള നിയമസഭാ അം​ഗമാണ് ഇദ്ദേഹം. നവംബർ 20ന് നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ് ശങ്കർ അ​ഗർവാൾ ജനവിധി തേടിയത്. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ രാജകമൽ സിഘാനിയയെ പരാജയപ്പെടുത്തിയിരുന്നു. 22,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ശങ്കർ അ​ഗർവാൾ വിജയിച്ചത്. ഇത്തവണ ജനതാ കോൺ​ഗ്രസ് സ്ഥാനാർത്ഥി പരമേശ്വർ യ​ദു, കോൺ‌​ഗ്രസിന്റെ ശകുന്തള സാഹു എന്നിവരാണ് ശങ്കർ അ​ഗർവാളിന്റെ എതിർ സ്ഥാനാർത്ഥികളായെത്തിയത്. മണ്ഡലത്തില്‍ കടുത്ത വെല്ലുവിളിയാണ് അഗര്‍വാള്‍ നേരിടുന്നതെന്നാണ് വോട്ടെണ്ണല്‍ വ്യക്തമാക്കുന്നത്.
 
ധരം ലാൽ കൗശിക് (ബിജെപി സംസ്ഥാന അധ്യക്ഷൻ) ബി ജെ പി- ബില്‍ഹ


 
ബി ജെ പി സംസ്ഥാന അധ്യക്ഷനാണ് ധരൻലാൽ കൗശിക്. കോൺ​ഗ്രസ് സ്ഥാനാർത്ഥി രാജേന്ദ്ര ശുക്ലയ്ക്കെതിരെയാണ് ലാൽ കൗശിക്കിനെ ഇത്തവണ ബി ജെ പി സ്ഥാനാർത്ഥിയായി നിർത്തിയത്. 2013ലെ തെരഞ്ഞെടുപ്പിൽ കോൺ‌​ഗ്രസിന്റെ സിയാറാം കൗശിക് 10,000 വോട്ടിന് ലാൽ കൗശിക്കിനെ തോൽപ്പിച്ചിരുന്നു. ​ഛത്തീസ്​ഗഡ് വിധാൻ സഭയിലെ മുൻ സ്പീക്കറായിരുന്നു ധരം ലാൽ കൗശിക്. മണ്ഡലത്തില്‍ മുന്നിലാണെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അ​ജി​ത്​ ജോ​ഗി (മുൻ മുഖ്യമന്ത്രി) ജെ സി സി- മര്‍വാഹി

ഛത്തീ​സ്​​ഗ​ഡിലെ പ്ര​ഥ​മ കോ​ൺ​ഗ്ര​സ്​ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു അ​ജി​ത്​ ജോ​ഗി. പി​ന്നീ​ട്​ കോ​ൺ​ഗ്ര​സ്​ വി​ട്ട് ജ​​ന​​താ കോ​​ണ്‍​​ഗ്ര​​സ് ഛത്തീ​​സ്ഗ​​ഡ് എന്ന പേരിൽ സ്വ​ന്തം പാ​ർ​ട്ടി രൂ​പ​വ​ത്​​ക​രി​ച്ചു. 2016 ല്‍ ​ആ​ണ് ജോ​ഗി പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ച​ത്. ബി​ ജെ​ പി​ക്ക് അ​നു​കൂ​ല​മാ​യി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ സ​ഹാ​യം ചെ​യ്‌​തെ​ന്നാ​രോ​പി​ച്ച മ​ക​ന്‍ അ​മി​ത് ജോ​ഗി​യെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് പുതിയ പാ​ര്‍​ട്ടി​ക്ക് ജോ​ഗി രൂ​പം ന​ല്‍​കി​യ​ത്. ജോ​ഗിയുടെ മ​ക​ന്‍ അ​മി​ത് മാ​ര്‍​വാ​ഹി​യി​ല്‍​നി​ന്നു​ള്ള എം ​എ​ല്‍ ​എ​യായിരുന്നു. കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ലാ​ണ് അ​മി​തും എം​ എ​ല്‍ ​എ ആ​യ​ത്. പി​ന്നീ​ടാ​ണ് പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും പു​റ​ത്താ​ക്കി​യ​ത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മായാവതിയുടെ ബി എ സ് പി, സി പി എം എന്നിവര്‍ക്കൊപ്പം ചേർന്ന് മർവാഹിയിൽ നിന്നാണ് അജിത് ജോഗി ജനവിധി തേടുന്നത്.
 
രേ​ണു ജോ​ഗി (അ​ജി​ത് ജോ​ഗി​യു​ടെ ഭാ​ര്യ) ജെ സി സി- കോട്ട

അ​ജി​ത് ജോ​ഗി​യു​ടെ ഭാ​ര്യയാണ് രേ​ണു ജോ​ഗി. ചത്തീസ്​ഗഡിലെ  കോൺ​ഗ്രസിന്റെ ശക്ത കേന്ദ്രമായ കോട്ടയിൽനിന്നുള്ള സ്ഥാനാർത്ഥിയാണ് രേ​ണു ജോ​ഗി. കോൺ​ഗ്രസ് നേതാവായിരുന്ന രേണുവിന‌് ഇത്തവണ പാർട്ടി സീറ്റ് നൽകാതെ  ഒഴിവാക്കുകയായിരുന്നു. ഇതേതുടർന്ന് രേണു ജെ സി സിയിൽ ചേരുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയുമായിരുന്നു.         

റിച്ച ജോ​ഗി (അ​ജി​ത് ജോ​ഗി​യു​ടെ മരുമകൾ) ബി എ സ് പി- അകല്‍താര

അ​ജി​ത് ജോ​ഗി​യു​ടെ മരുമകളാണ് റിച്ച ജോ​ഗി. അകൽത്താര നിയമസഭാ മണ്ഡലത്തിൽനിന്നുള്ള ബി എ സ് പി സ്ഥാനാർത്ഥിയാണ് റിച്ച ജോ​ഗി. ദളിത്-ആദിവാസികൾ ഏറ്റവും കൂടുതലുള്ള മേഖലയാണ് അകൽത്താര. മേഖലയിൽ റിച്ച തരം​ഗം ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.