ശിവഗംഗ: ശക്തമായ പോരാട്ടമാണ് വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുന്ന തമിഴ്നാട്ടിലെ ശിവഗംഗയിൽ നടക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി കാർത്തി ചിദംബരത്തിനെതിരെ ബിജെപിയുടെ ദേശീയ സെക്രട്ടറി എച്ച് രാജയാണ് മത്സരിക്കുന്നത്. മോദിയുടെ ഭരണനേട്ടങ്ങളും കാർത്തിക് ചിദംബരത്തിനെതിരായ വികാരവും തനിക്ക് വോട്ടായി മാറുമെന്നാണ് രാജയുടെ കണക്ക് കൂട്ടൽ. 

കാര്‍ത്തി ചിദംബരം മത്സര രംഗത്ത് പോലും ഇല്ലെന്നും മികച്ച ഭൂരിപക്ഷത്തില്‍ ഞാന്‍ തന്നെ വിജയിക്കുമെന്ന് ഉറപ്പാണെന്നും പറയുന്നു രാജ. ശിവഗംഗക്കാരന്‍ തന്നെയായ തന്നെക്കാണാൻ സാധാരണ ദിവസങ്ങളില്‍ പോലും നിരവധി ആളുകള്‍ എന്നെ എത്താറുണ്ടെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും അവകാശപ്പെടുന്ന രാജ ഇതെല്ലാം തെരഞ്ഞെടുപ്പില്‍ വോട്ടാകുമെന്ന പ്രതീക്ഷയിലാണ്.

ഡിഎംകെ കോൺഗ്രസ് സഖ്യം വെല്ലുവിളിയാകില്ലെന്നും ബിജെപി സഖ്യം 40 സീറ്റുകളും തൂത്തുവാരുമെന്നും ഉറപ്പിക്കുകയാണ് രാജ. ദാരിദ്രരേഖയില്‍ താഴെയുള്ള ജനങ്ങള്‍ക്കായി മോദി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അതിര്‍ത്തി മേഖലയില്‍ പോലും സുരക്ഷ ഉറപ്പ് വരുത്തിയെന്നുമാണ് രാജ അവകാശപ്പെടുന്നത്.