ദില്ലി: രാഷ്ട്രീയ അരങ്ങേറ്റത്തില്‍ ബിജെപിക്കായി മിന്നും തുടക്കമാണ് മുന്‍ ഇന്ത്യന്‍ ഓപ്പണ്‍ ഗൗതം ഗംഭീര്‍ നടത്തിയത്. ഈസ്റ്റ് ദില്ലി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ അര്‍വീന്ദര്‍ സിംഗിനും ആം ആദ്‌മിയുടെ അതിഷിക്കും എതിരെ മികച്ച വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഗംഭീര്‍ വിജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. 

ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ തകര്‍പ്പന്‍ ജയം നേടിയ ഗംഭീറിനെ പ്രശംസിച്ച് സീനിയര്‍ സ്‌പിന്നറും മുന്‍ സഹതാരവുമായ ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തി. വിജയത്തില്‍ പ്രിയ സഹോദരന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഭാജിയുടെ ട്വീറ്റ്. ഭാജിക്ക് നന്ദിയറിയിക്കുന്നതായും മാറ്റങ്ങള്‍ക്കാണ് തന്‍റെ ശ്രമമെന്നും ഗംഭീര്‍ മറുപടി നല്‍കി. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി‌പിന്നറായ ഹര്‍ഭജനെ പ്രശംസിക്കുകയും ചെയ്തു ഗൗതം ഗംഭീര്‍.

വിവിഎസ് ലക്ഷ്‌മണ്‍, ശിഖര്‍ ധവാന്‍, ആര്‍പി സിംഗ്, രാഹുല്‍ ശര്‍മ്മ, ഇശാന്ത് ശര്‍മ്മ, വേദാ കൃഷ്‌ണമൂര്‍ത്തി തുടങ്ങിയ ക്രിക്കറ്റര്‍മാരും ഗംഭീറിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.