അയോധ്യ: രാമക്ഷേത്രനിർമാണത്തിന് കേന്ദ്രസർക്കാർ ഉടൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. സുപ്രീംകോടതി രാമക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട കേസ് അനിശ്ചിതകാലത്തേയ്ക്ക് വലിച്ചുനീട്ടുകയാണെന്നും വിഎച്ച്പി അയോധ്യയിൽ സംഘടിപ്പിച്ച മഹാറാലിയായ ധരംസഭയുടെ ഭാഗമായി നടന്ന ഹുംകാർ റാലിയിൽ മോഹൻ ഭാഗവത് പറഞ്ഞു. രാമക്ഷേത്രത്തിന്‍റെ കാര്യത്തിൽ മാത്രം - വൈകിയ നീതി നിഷേധിയ്ക്കപ്പെട്ട നീതിയായി സുപ്രീംകോടതിയ്ക്ക് തോന്നാത്തതെന്താണെന്നും മോഹൻ ഭാഗവത് ചോദിച്ചു. 

മുഴുവൻ ഭൂമിയും രാമക്ഷേത്രത്തിന്‍റേതെന്ന് വിഎച്ച്പി

ബാബ്‍റി മസ്ജിദ് പൊളിച്ചയിടത്തെ മുഴുവൻ ഭൂമിയും രാമക്ഷേത്രനിർമാണത്തിന് നൽകണമെന്നാണ് ഉദ്ഘാടനപ്രസംഗത്തിൽ വിഎച്ച്പി ദേശീയ വൈസ് പ്രസിഡന്‍റ് ചംപദ് റായി ആവശ്യപ്പെട്ടത്. 'ഭൂമി വിഭജിയ്ക്കുന്നത് അംഗീകരിക്കാനാകില്ല. മുഴുവൻ ഭൂമിയും രാംലല്ലയുടേതാണ്.'' ചംപദ് റായി പ്രസംഗിച്ചു.

''ഉത്തർപ്രദേശിലെ 45 ജില്ലകളിൽ നിന്നുള്ളവർ മാത്രമാണ് ഇവിടെ എത്തിയിരിക്കുന്നത്. രാജ്യത്തെ ബുദ്ധിജീവികൾ ഒരു കാര്യം ഓർക്കണം. അയോധ്യയിൽ രാമക്ഷേത്രമെന്ന ഹിന്ദുക്കളുടെ ആവശ്യം 1992 ഡിസംബർ 6 ഓടെ അവസാനിച്ചിട്ടില്ല'', ചംപദ് റായ് പറയുന്നു.

സരയൂതീരത്ത് വൻ ശക്തിപ്രകടനം

രാമക്ഷേത്രനിർമാണം ഉടൻ വേണമെന്നാവശ്യപ്പെട്ട് സരയൂതീരത്ത് വിഎച്ച്പി വൻ ശക്തിപ്രകടനമാണ് നടത്തിയത്. രണ്ടര ലക്ഷത്തോളം പേരാണ് വിഎച്ച്പിയുടെ മഹാറാലിയിൽ പങ്കെടുത്തത്. വിശ്വഹിന്ദു പരിഷദ് ദേശീയ വൈസ് പ്രസിഡന്‍റ് ചംപദ് റായിയാണ് ധരംസഭ ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്. ആർഎസ്എസ് സർകാര്യവാഹക് കൃഷ്ണഗോപാൽ ധരംസഭയുടെ അധ്യക്ഷനായി. വിവിധ സന്യാസസഭകളിൽ നിന്നും സാധു അഖാഡകൾ എന്നറിയപ്പെടുന്നയിടങ്ങളിൽ നിന്നും ആയിരക്കണക്കിന് സന്യാസിമാരും റാലിയിൽ പങ്കെടുത്തു.

'രാമക്ഷേത്രനിർമാണത്തിന് മുന്നോടിയായുള്ള അവസാന ധരംസഭയാണ് ഇന്നത്തേത്' എന്നാണ് വിഎച്ച്പിയുടെ പ്രാന്ത് സംഘാടൻ മന്ത്ര പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. 'ഇനി ഇക്കാര്യത്തെക്കുറിച്ചാലോചിയ്ക്കാൻ ഒരു ധരംസഭ ചേരില്ല, രാമക്ഷേത്രം നിർമിയ്ക്കുക മാത്രമേ ചെയ്യൂ' - പ്രസ്താവന വ്യക്തമാക്കുന്നു.

രാമക്ഷേത്രനിർമാണത്തിന് വരുന്ന നിയമസഭാസമ്മേളനത്തിൽ നിയമനിർമാണം വേണം, അല്ലെങ്കിൽ ഉടൻ ഓർഡിനൻസ് കൊണ്ടുവരണമെന്നാണ് ഹിന്ദുസംഘടനകളുടെ ആവശ്യം.

വിട്ടുകൊടുക്കാതെ ശിവസേന

കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമെതിരെ രാമക്ഷേത്രനിർമാണവിവാദം തന്നെ ഉയർത്തി ആ‌ഞ്ഞടിയ്ക്കുകയാണ് ശിവസേനയും. വിഎച്ച്പിയുടെ ധരംസഭയ്ക്ക് സമാന്തരമായി അയോധ്യയിൽ ശിവസേനയും മഹാറാലി നടത്തി. ആശീർവാദ് സമ്മേളൻ - എന്നായിരുന്നു ശിവസേനയുടെ പരിപാടിയുടെ പേര്. 

'തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ രാം - രാം എന്ന് ജപിയ്ക്കുന്ന ബിജെപി നേതാക്കൾ അത് കഴിഞ്ഞാൽ ആരാം (വിശ്രമം) എന്ന നിലപാടാണെടുക്കുന്നതെ'ന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ ആഞ്ഞടിച്ചു. രാമക്ഷേത്രമില്ലെങ്കിൽ അധികാരവുമില്ലെന്ന് ബിജെപി ഓർക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെങ്കിൽ തെരഞ്ഞെടുപ്പ് കാലത്ത് എന്തിനാണ് ബിജെപി അയോധ്യാ വിഷയം ഉന്നയിക്കുന്നതെന്ന് ഉദ്ധവ് താക്കറെ ചോദിച്ചു. ഹിന്ദുവികാരം വച്ച് കളിയ്ക്കരുത്. - ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി. ധരംസഭയ്ക്ക് തൊട്ടുമുമ്പായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കിയത്.

ഇന്നലെ സരയൂതീരത്ത് മഹാ ആരതി നടത്തിയ ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും ഇന്ന് അയോധ്യയിലെ ചെറു രാമക്ഷേത്രമായ 'രാംലല്ല' ക്ഷേത്രത്തിൽ ദർശനവും നടത്തി. 

: ഇന്നലെ സരയൂതീരത്ത് മഹാആരതി നടത്തിയ ഉദ്ധവ് താക്കറെ

എന്നാൽ ശിവസേനയ്ക്കെതിരെ രൂക്ഷവിമർശനമാണ് ബിജെപി ഉന്നയിച്ചത്. 'രാമക്ഷേത്രനിർമാണത്തിലോ ധരംസഭയിലോ ഒരു റോളുമില്ലാത്ത ശിവസേന എന്തിനാണ് ഇവിടെ അഭിപ്രായം പറയുന്നതെ'ന്നായിരുന്നു ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ചോദിച്ചത്. 'മുംബൈയിൽ ജോലിയ്ക്ക് വന്ന ഉത്തരേന്ത്യക്കാരെ ചെരിപ്പുകൊണ്ടടിച്ച ശിവസേനയ്ക്ക് രാമക്ഷേത്രത്തെക്കുറിച്ച് സംസാരിയ്ക്കാൻ അവകാശമില്ലെന്ന്' യുപിയിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിംഗും തിരിച്ചടിച്ചു.

അയോധ്യ സുരക്ഷാ വലയത്തിൽ

വിഎച്ച്പിയുടെ ധരംസഭയുടെ പശ്ചാത്തലത്തിൽ ജില്ലയിലെമ്പാടും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത സുരക്ഷാവലയത്തിലാണ് അയോധ്യ. 

അഞ്ച് കമ്പനി റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ, തീവ്രവാദവിരുദ്ധസേനയിലെ ഉദ്യോഗസ്ഥർ, സായുധസേനാ ബറ്റാലിയനുകളുടെ 42 കമ്പനി ഉദ്യോഗസ്ഥർ, ആയിരത്തോളം പൊലീസുദ്യോഗസ്ഥർ എന്നിങ്ങനെ അരയും തലയും മുറുക്കി, അയോധ്യയെ സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ് യുപി സർക്കാർ. സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പുമുണ്ട്. പൊലീസ് ഡ്രോണുകൾ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്. 

സംഘർഷ സാധ്യത കണക്കിലെടുത്ത് സൈന്യത്തെ അയോധ്യയിൽ വിന്യസിക്കണമെന്നാണ് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടത്. സ്വന്തം പരാജയങ്ങൾ മറച്ചുവയ്ക്കാനാണ് ബിജെപി രാമക്ഷേത്രനിർമാണം ഉയർത്തിക്കൊണ്ടുവരുന്നതെന്ന വിമർശനവുമായി ബിഎസ്പി അധ്യക്ഷ മായാവതിയും രംഗത്തെത്തി. 

മുസ്ലിംജനത നാടുവിടുന്നു

1992-ലേതു പോലെ കലാപമുണ്ടാകുമെന്ന് ഭയന്ന് മുസ്ലിംജനത അയോധ്യയിൽ നിന്നും ഫരീദാബാദിലെ മറ്റിടങ്ങളിൽ നിന്നും വീടുകൾ ഒഴിഞ്ഞുപോവുകയാണെന്നാണ് റിപ്പോർട്ട്. പലരും സ്ത്രീകളെയും കുട്ടികളെയും സ്ഥലത്തു നിന്ന് മാറ്റിപ്പാർപ്പിച്ചു. ''17 മുസ്ലിംങ്ങളാണ് അയോധ്യയിൽ 1992-ലെ കലാപകാലത്ത് കൊല്ലപ്പെട്ടത്. ഞങ്ങളത് മറന്നിട്ടില്ല. അതിലെന്‍റെ വല്യച്ഛനും സഹോദരനുമുണ്ടായിരുന്നു. പേടി കാരണം വീടൊഴിഞ്ഞ് പോവുകയാണ്.'' അയോധ്യയിൽ നിന്ന് വീടൊഴിഞ്ഞ് പോകുന്ന ഒരാൾ പറയുന്നു.