Asianet News MalayalamAsianet News Malayalam

'അത്യന്തം ഹൃദയവേദനയോടെയാണ് ഞാന്‍ ഈ രാജിക്കത്ത് എഴുതുന്നത്' വൈകാരികമായി പ്രിയങ്ക ചതുര്‍വേദിയുടെ രാജിക്കത്ത്

പാര്‍ട്ടിക്കകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഗണിച്ചില്ലെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സമയത്ത് ചില പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് എനിക്കെതിരെ മോശം പെരുമാറ്റമുണ്ടായപ്പോള്‍ പാര്‍ട്ടി അവഗണിച്ചെന്നും അവര്‍ കുറ്റപ്പെടുത്തി.

If i continue in congress party, it will cost of my dignity and self respect-priyanka
Author
New Delhi, First Published Apr 19, 2019, 1:25 PM IST

ദില്ലി: അത്യന്തം ഹൃദയവേദനയോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നതെന്ന് പ്രിയങ്ക ചതുര്‍വേദി. എല്ലാവര്‍ക്കും ആശംസ നേരുന്നുവെന്നും തന്നെ പിന്തുണച്ചവര്‍ക്കും കൂടെനിന്നവര്‍ക്കും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. ഇനിയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ മാന്യതക്കും സ്വാഭിമാനത്തിനും നല്‍കേണ്ട വിലയാകുമെന്ന് എഐസിസിക്ക് നല്‍കിയ രാജിക്കത്തില്‍ അവര്‍ വ്യക്തമാക്കി. പാര്‍ട്ടിക്കകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഗണിച്ചില്ലെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സമയത്ത് ചില പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് എനിക്കെതിരെ മോശം പെരുമാറ്റമുണ്ടായപ്പോള്‍ പാര്‍ട്ടി അവഗണിച്ചെന്നും അവര്‍ കുറ്റപ്പെടുത്തി. തനിക്ക് നേരെയുള്ള പാര്‍ട്ടിയുടെ സമീപനമാണ് രാജിവെക്കാന്‍ പ്രേരിപ്പിച്ചതെന്നും കത്തില്‍ വ്യക്തമാക്കി. 

 

രാജിക്കത്തിന്‍റെ പൂര്‍ണ രൂപം ചുവടെ...


അത്യന്തം ഹൃദയവേദനയോടെയാണ് ഞാന്‍ ഈ രാജി കത്ത് എഴുതുന്നത്. 10 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിലും തുറന്നതും വികസനോത്മുഖവുമായ രാഷ്ട്രീയ സമീപനത്തിലും ആകൃഷ്ടയായാണ് ഞാന്‍ യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുന്നത്. ഇക്കഴിഞ്ഞ 10 വര്‍ഷക്കാലവും പൊതു/ രാഷ്ട്രീയ ഇടങ്ങളെ പഠിക്കാനും വളരാനുമുള്ള നിരവധി അവസരം പാര്‍ട്ടി എനിക്ക് നല്‍കി. എന്നിലേല്‍പ്പിച്ച കര്‍ത്തവ്യം ഭംഗിയായും ഉത്തരവാദിത്തോടെയും 100 ശതമാനം അര്‍പ്പണബോധത്തോടെ നിറവേറ്റിയെന്നാണ് എന്‍റെ വിശ്വാസം. വിവിധ അവസരങ്ങളില്‍ ഞാന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചു. പാര്‍ട്ടി ശോഷിച്ച ഇടങ്ങളില്‍ പോലും. 
പാര്‍ട്ടിയില്‍ ഞാന്‍ പ്രവര്‍ത്തിച്ച കാലത്ത് എന്‍റെ ജീവന് ഭീഷണി നേരിട്ടതും എന്‍റെ കുട്ടികള്‍ക്ക് നേരെയും കുടുംബത്തിന് നേരെയും അധിക്ഷേപങ്ങള്‍ നേരിട്ടതും ഞാന്‍ നിങ്ങളെ ഇപ്പോള്‍ ഓര്‍മപ്പെടുത്തുന്നില്ല. എന്‍റെ പ്രവര്‍ത്തനത്തിന് പ്രതിഫലമായി പാര്‍ട്ടി എനിക്ക് എന്ത് നല്‍കിയെന്നും ഞാന്‍ ചോദിക്കുന്നില്ല.

പക്ഷേ, കഴിഞ്ഞ കുറച്ചാഴ്ചകളായി എന്‍റെ സേവനം പാര്‍ട്ടിക്ക് മൂല്യവത്തല്ലെന്ന് എനിക്ക് ബോധ്യപ്പെടുകയാണ്. ഇനിയും പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ അതെന്‍റെ മാന്യതക്കും സ്വാഭിമാനത്തിനും നല്‍കേണ്ട വിലയാകും. 
സ്ത്രീകളുടെ സുരക്ഷ, ശാക്തീകരണം അന്തസ് എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ പോരാടുമെന്ന് പറയുമ്പോഴും പാര്‍ട്ടിക്കകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഗണിച്ചില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സമയത്ത് ചില പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് എനിക്കെതിരെ മോശം പെരുമാറ്റമുണ്ടായപ്പോള്‍ ര്‍ട്ടി എന്നെ തീര്‍ത്തും അവഗണിച്ചു.

ഈ സംഭവമാണ് ഇനി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരേണ്ടതില്ലെന്ന തീരുമാനത്തില്‍ എന്നെ എത്തിച്ചത്. 
എല്ലാവര്‍ക്കും ആശംസകള്‍ നേരുകയാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും എനിക്ക് അവസരങ്ങള്‍ നല്‍കിയവര്‍ക്കും. എന്നെ സ്നേഹിച്ച, എനിക്കൊപ്പം നിന്ന, എനിക്ക് പ്രചോദനമായ എല്ലാവര്‍ക്കും നന്ദി പറയുന്നു. 
എന്‍റെ രാജി സ്വീകരിക്കണമെന്നും പാര്‍ട്ടി എന്നില്‍ നിക്ഷിപ്തമാക്കിയ എല്ലാ ചുമതലകളില്‍നിന്നും എത്രയും വേഗം ഒഴിവാക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. 

എന്ന്, 
പ്രിയങ്ക ചതുര്‍വേദി
എഐസിസി വക്താവ്, കമ്മ്യൂണിക്കേഷന്‍ കണ്‍വീനര്‍

Follow Us:
Download App:
  • android
  • ios