തെലങ്കാന: പ്രമുഖ ബാഡ്മിന്‍റൻ താരവും തെലങ്കാനയിലെ വോട്ടറുമായ ജ്വാല ഗുട്ടയ്ക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാൻ പോകാനൊരുങ്ങി രാവിലെ വോട്ടർ പട്ടികയിൽ പേര് തെരഞ്ഞപ്പോഴാണ് തന്‍റെ പേരില്ല എന്ന് താരം അറിയുന്നത്. ഓൺലൈൻ പട്ടികയിൽ തെറ്റ് പറ്റിയതാകാം എന്ന് കരുതി വോട്ട് ചെയ്യാൻ ബൂത്തിലെത്തി. എന്നാൽ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാനാകില്ല. സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാതിരുന്നതിന്‍റെ ദേശ്യം ജ്വാല ഗുട്ട ട്വിറ്ററിലാണ് തീർത്തത്. ഒന്നിനുപുറകെ ഒന്നായി മൂന്ന് ട്വീറ്റുകൾ. "വോട്ടർ പട്ടിക ഓൺലൈനിൽ പരിശോധിച്ചപ്പോൾ എന്‍റെ പേര് അപ്രത്യക്ഷമായത് കണ്ട് അതിശയിച്ചുപോയി" രാവിലെ താരം ട്വിറ്ററിൽ കുറിച്ചു.  #whereismyvote എന്ന ഹാഷ് ടാഗിനൊപ്പം ആയിരുന്നു ജ്വാലയുടെ ആദ്യ പ്രതികരണം.

അടുത്ത ട്വീറ്റ് അൽപ്പം കൂടി കടുത്ത ഭാഷയിലായിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ദുരൂഹമായി അപ്രത്യക്ഷമാകുമ്പോൾ എങ്ങനെ തെരഞ്ഞെടുപ്പ് ന്യായയുക്തമായി നടക്കുമെന്ന് ജ്വാല ഗുട്ട ചോദിച്ചു. ഒപ്പം രോക്ഷം സൂചിപ്പിക്കുന്ന രണ്ട് ഇമോജികളും. ജ്വാലയുടെ ട്വീറ്റുകൾ നിരവധി പേർ റീ ട്വീറ്റ് ചെയ്തു.

വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാനാകാതിരുന്ന നിരവധി പേർ അനുഭവം പങ്കുവച്ചു. എല്ലാ ബാലിശമായ ചോദ്യങ്ങൾക്കും ഉത്തരം എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോയും ജ്വാല ഗുട്ട ട്വീറ്റ് ചെയ്തിട്ടുണ്ട്. 

തന്‍റെ അച്ഛന്‍റേയും സഹോദരിയുടേയും പേരുകൾ പട്ടികയിൽ ഇല്ലായിരുന്നുവെന്ന് നേരത്തേ അറിഞ്ഞിരുന്നുവെന്ന് ജ്വാല ഗുട്ട പറയുന്നു. എന്നാൽ തനിക്കും അമ്മയ്ക്കും വോട്ട് ഉണ്ടാകുമെന്ന് കരുതിയാണ് വോട്ട് ചെയ്യാനായി പോയത്. പോളിംഗ് ഉദ്യോഗസ്ഥർ പട്ടിക പരിശോധിച്ചതിന് ശേഷം വോട്ട് ചെയ്യാനാകില്ല എന്ന് പറഞ്ഞു. പോളിംഗ് ഏജന്‍റുമാരും പട്ടിക ഒത്തുനോക്കിയതിന് ശേഷം പേര് ഇല്ല എന്ന് പറഞ്ഞു. ഇത് നീതിയുക്തമായ തെരഞ്ഞെടുപ്പല്ല, ജ്വാല പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

സാനിയ മിർസ, ചിരഞ്ജീവി, നാഗാർജുന, ജൂനിയർ എൻടിആർ തുടങ്ങി ഒട്ടേറെ പ്രശസ്തർ ഇതിനകം തെലങ്കാനയിൽ വോട്ടവകാശം വിനിയോഗിച്ചുകഴിഞ്ഞു. അതേസമയം ജ്വാല ഗുട്ടയെപ്പോലെ ഒരു അന്തർദേശീയ താരത്തിന്‍റെ പേര് പോലും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായെങ്കിൽ പ്രശസ്തരല്ലാത്ത എത്രയോ സാധാരണക്കാർക്ക് വോട്ടവകാശം നഷ്ടമായിട്ടുണ്ടാകാം എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.