Asianet News MalayalamAsianet News Malayalam

ചര്‍ച്ച പരാജയം: കേരള കോണ്‍ഗ്രസിന് അധിക സീറ്റില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്

 ഇനിയെന്ത് വേണം എന്ന് കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് കെഎം മാണി 

kerala congress congress discussion over extra seat
Author
Kochi, First Published Mar 5, 2019, 10:36 PM IST

കൊച്ചി:രണ്ടാമതൊരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടു. അധിക സീറ്റ് നല്‍കാനാവില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയും രണ്ടാമതൊരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് കേരളകോണ്‍ഗ്രസ് പിന്‍മാറാതിരിക്കുകയും ചെയ്തതോടെയാണ് രണ്ടാം സീറ്റില്‍ നടന്ന രണ്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടത്. 

വരാനിരിക്കുന്നത് കോണ്‍ഗ്രസിന് ഏറ്റവും നിര്‍ണായകമായ ലോക്സഭാ തെര‍ഞ്ഞെടുപ്പാണെന്നും പരമാവധി സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുക എന്നതാണ് നയമെന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയെ അറിയിച്ചു. ഇക്കാര്യം ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു. 

രണ്ടാം സീറ്റ് നല്‍കാനാവില്ലെന്ന കോണ്‍ഗ്രസ് നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട കെ.എം മാണി പറ‍ഞ്ഞു. രണ്ട് സീറ്റുകള്‍ യുഡിഎഫ് തന്നാല്‍ രണ്ടും ജയിക്കാം എന്ന ആത്മവിശ്വാസം ഇപ്പോള്‍ കേരള കോണ്‍ഗ്രസിനുണ്ട്. എങ്കിലും മുന്നണി മര്യാദ പാര്‍ട്ടി ലംഘിക്കില്ല. ഇനിയെന്ത് വേണം എന്ന് കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കെഎം മാണി അറിയിച്ചു. രണ്ടാം സീറ്റിനായി ശക്തമായി വാദിക്കുന്ന പി.ജെ ജോസഫും അദ്ദേഹത്തെ അനുകൂലമിക്കുന്ന മോന്‍സും ജോസഫും അടക്കമുള്ള നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. 

Follow Us:
Download App:
  • android
  • ios