2009-ൽ ആദ്യം കോഴിക്കോട്ട് അങ്കത്തിനിറങ്ങിയപ്പോൾ എം കെ രാഘവനോ, അതാരാ എന്ന് അന്തംവിട്ട, നെറ്റി ചുളിച്ച കോഴിക്കോട്ടുകാർ നിരവധിയാണ്. നാട്ടുകാരനല്ല, വിജയിക്കില്ല എന്നൊക്കെ വിധിയെഴുതിയവ‍ർ പക്ഷേ, ഇടതുമുന്നണിയുടെ സ്വാധീനമേഖലയായ മണ്ഡലത്തിൽ സിപിഎമ്മിന്‍റെ യുവതാരത്തെ തീർത്തും ചെറിയ വോട്ടിന്‍റെ, കൃത്യം 838 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എം കെ രാഘവൻ തോൽപിച്ചപ്പോൾ അന്തം വിടുക തന്നെ ചെയ്തു.

രണ്ടാംവട്ടം മത്സരത്തിനിറങ്ങിയപ്പോൾ പക്ഷേ, എം കെ രാഘവന് ഈ ആശങ്ക ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇടതുമുന്നണിയുടെ കൺവീനറായ എ വിജയരാഘവനെ 16,833 എന്ന നല്ല ഭൂരിപക്ഷം നേടി എം കെ രാഘവൻ തോൽപിച്ചു. സീറ്റ് കിട്ടാത്ത അതൃപ്തിയുമായി ഇടതു മുന്നണി വിട്ട എം പി വീരേന്ദ്രകുമാറിന്‍റെ വോട്ടുകളും രാഘവനൊപ്പമായിരുന്നു. 

മൂന്നാം വട്ടവും അങ്കത്തിനിറങ്ങുകയാണ്  എം കെ രാഘവൻ. യുഡിഎഫ് ഔദ്യോഗികമായിട്ടല്ലെങ്കിലും സ്ഥാനാർഥിയായി പ്രഖ്യാപിച്ച ആദ്യത്തെ പേര് രാഘവന്‍റേത് തന്നെ. മറ്റ് സീറ്റുകളെച്ചൊല്ലി തർക്കവും തമ്മിൽത്തല്ലും യുഡിഎഫിൽ തുടരുമ്പോൾ കോഴിക്കോടിനെച്ചൊല്ലി മാത്രം തർക്കമില്ല. രാഘവന് വേണ്ടി കോഴിക്കോട്ട് പലയിടത്തും പോസ്റ്ററുകളും പതിച്ചു കഴിഞ്ഞു. അനൗദ്യോഗികമായെങ്കിലും ജനങ്ങളെ കാണുമ്പോൾ പിന്തുണ തേടി രാഘവനും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വികസനനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം.

ആദ്യം എതിരാളിയായി എത്തിയ പി എ മുഹമ്മദ് റിയാസ് തന്നെയാകും ഇത്തവണയും രാഘവന്‍റെ എതിരാളിയെന്നാണ് സൂചന. ഡിവൈഎഫ്ഐയുടെ ദേശീയ പ്രസിഡന്‍റായ മുഹമ്മദ് റിയാസ് എത്തുമ്പോൾ ന്യൂനപക്ഷവോട്ടുകൾ ഭിന്നിക്കുമോ? വീണ്ടും ഇടതുമുന്നണിയിലെത്തിയ വീരേന്ദ്രകുമാറിന്‍റെ വോട്ടുകൾ നി‍ർണായകമാവുമോ? ശബരിമല പ്രശ്നം യുഡിഎഫിന്‍റെയും വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തുമോ? ചോദ്യങ്ങൾ നിരവധിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിന്‍റെ തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ ഫൈവ് ഇയർ ചാലഞ്ചിൽ എം കെ രാഘവൻ എം പി സംസാരിക്കുന്നു. 

# കേരളത്തിൽ ആദ്യമായി യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർഥിയാണല്ലോ താങ്കൾ? ബാലുശ്ശേരിയിലും മറ്റും പ്രചാരണപ്രവർത്തനങ്ങളും തുടങ്ങി. 2009-ൽ അതിഥിയായെത്തിയതാണ്, ഇപ്പോൾ കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട എംപിയുമാണ്? 

ഹൈക്കമാന്‍റാണ് സീറ്റിന്‍റെ കാര്യത്തിലൊക്കെ അന്തിമ തീരുമാനമെടുക്കേണ്ടത്. മുല്ലപ്പള്ളി കൊടുവള്ളിയിൽ നടത്തിയ പ്രചാരണയോഗത്തിൽ എന്‍റെ പേര് പറഞ്ഞതിൽ സന്തോഷമുണ്ട്. വീണ്ടുമൊരു തവണ ഹൈക്കമാന്‍റ് മത്സരിക്കാൻ നിയോഗിച്ചാൽ വിജയിക്കുമെന്ന വിശ്വാസവുമുണ്ട്.

കെ എസ് യു കാലം മുതൽക്കു തന്നെ ഞാൻ കോഴിക്കോടുമായി അടുത്ത് പ്രവർത്തിച്ചയാളാണ്. കോഴിക്കോടിന്‍റെ ചുമതലയുള്ള കെപിസിസി ഭാരവാഹിയായി ഞാൻ 15 വർഷം പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ, പാർട്ടിക്കാർക്ക് മാത്രമേ എന്നെ അറിയൂ. പൊതുജനങ്ങൾക്ക് എം കെ രാഘവൻ എന്ന പൊതുപ്രവർത്തകനെ അറിയില്ല. നിങ്ങൾക്കറിയാമല്ലോ, ഇടതുപക്ഷത്തിന് ശക്തിയുള്ള മേഖലയാണ് കോഴിക്കോട് മണ്ഡലം. ആദ്യം മത്സരിക്കാനിറങ്ങിയപ്പോൾ സാന്നിധ്യമറിയിക്കണം, പരമാവധി സത്യസന്ധതയോടെ ജനങ്ങളോട് സംസാരിക്കണം എന്നേ കരുതിയിരുന്നുള്ളൂ. പക്ഷേ, കോഴിക്കോട്ടുകാർക്ക് എന്നെ വിശ്വാസം തോന്നിയതുകൊണ്ടാകണം, ചെറിയ ഭൂരിപക്ഷത്തിൽ ആദ്യത്തെ തവണ ഞാൻ ജയിച്ചു.

പക്ഷേ, ആത്മാർഥതയോടെ പ്രവർത്തിക്കുന്നവരെ ഇരു കൈയും നീട്ടി സ്വീകരിക്കുന്നവരുടെ നാടാണ് കോഴിക്കോട്. ജാതിയ്ക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി നല്ലവരെ ഒപ്പം നിർത്തും കോഴിക്കോട്ടുകാർ. അന്ധമായ രാഷ്ട്രീയവിശ്വാസമോ പകയോ കോഴിക്കോട്ടുകാർക്കില്ല. അവരെന്നെ രണ്ടാമത് മത്സരിച്ചപ്പോൾ നല്ല ഭൂരിപക്ഷത്തിൽത്തന്നെ വിജയിപ്പിച്ചു. പതിനാറായിരത്തിൽപ്പരം വോട്ടുകളുടെ നല്ല ഭൂരിപക്ഷത്തിലേക്ക് എനിക്ക് എത്താൻ കഴിഞ്ഞു. 

# പത്ത് വർഷത്തെ പ്രധാനപ്പെട്ട പത്ത് വികസനനേട്ടങ്ങൾ ചോദിച്ചാൽ ഏതെല്ലാം താങ്കൾ തെരഞ്ഞെടുക്കും?

കേരളത്തിൽ ഏറ്റവും കൂടുതൽ കേന്ദ്രപദ്ധതികൾ കിട്ടിയ ഒരു മണ്ഡലം കോഴിക്കോടാണ്. നിതാന്തപരിശ്രമത്തിന്‍റെ ഫലമാണിതെന്നേ പറയാനുള്ളൂ. വികസനം തന്നെയാണ് എനിക്ക് മുന്നോട്ടു വയ്ക്കാനുള്ള പ്രധാന വാഗ്ദാനവും. 

1. കോഴിക്കോട് റെയിൽവേ സ്റ്റേഷന്‍റെ വികസനം തന്നെയാണ് അതിൽ പ്രധാനം. ലോകനിലവാരത്തിലുള്ള ഒരു സ്റ്റേഷനായി കോഴിക്കോടിനെ ഉയർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ തന്നെ ലിഫ്റ്റും എസ്കലേറ്ററും വരുന്ന ആദ്യ സ്റ്റേഷനായിരുന്നു കോഴിക്കോട്. ഇന്ത്യയിലെ മികച്ച റെയിൽവേസ്റ്റേഷനായി കോഴിക്കോട് ഒന്നിലധികം തവണ തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ പേർക്ക് നടക്കാനുള്ള സൌകര്യം കിട്ടുന്ന വലിയ മേൽപ്പാലം സ്റ്റേഷനിൽ വന്നു. ഇപ്പോൾ പൊതു - സ്വകാര്യപങ്കാളിത്തത്തോടെ സ്റ്റേഷൻ വികസനത്തിനുള്ള പദ്ധതി രൂപീകരണം അന്തിമഘട്ടത്തിലാണ്.

2. ആരോഗ്യരംഗത്തെ വികസനമാണ് മറ്റൊന്ന്. മലബാറിലെവിടെയും നിന്നുള്ള രോഗികൾക്ക് വിശ്വാസ്യതയോടെ ആശ്രയിക്കാവുന്ന ഒരിടമായി കോഴിക്കോട് മെഡിക്കൽ കോളേജ് മാറി. അവിടെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. 

3. മെഡിക്കൽ കോളേജിലെ പുതിയ ആധുനിക ത്രിതല ക്യാൻസർ സെന്‍റർ മലബാർ മേഖലയിലെ രോഗികൾക്ക് വലിയ ആശ്വാസമാണ്. തലസ്ഥാനത്തെ ആർസിസിയോട് കിട പിടിയ്ക്കുന്ന തരത്തിലാണ് മെഡിക്കൽ കോളേജിലെ ഏഴ് നിലയുള്ള ക്യാൻസർ സെന്‍റർ. 

4. ബംഗലുരുവിലെ നിംഹാൻസിന് ശേഷം ദക്ഷിണേന്ത്യയിൽ നിർമിക്കപ്പെട്ട കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍റ് ന്യൂറോ സയൻസസ് (ഇംഹാൻസ്) മികച്ച നേട്ടമാണ്.

5. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക കേന്ദ്രമായ, മെഡിക്കൽ കോളേജിനടുത്തുള്ള ഇംഹാൻസ് ക്യാംപസിലെ കോംപസിറ്റ് റീജ്യണൽ സെന്‍ററിന് സ്വന്തമായി കെട്ടിടനിർമാണം നടന്നുകൊണ്ടിരിക്കുന്നു.

6. കാസർകോട് മുതലുള്ള തൊഴിലാളികളുടെ ഇൻഷൂറൻസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇഎസ്ഐ സബ് റീജ്യണൽ ഓഫീസ് കോഴിക്കോട്ട് കൊണ്ടുവരാനായത് നേട്ടമാണ്. ആനുകൂല്യങ്ങൾ ശരിയാക്കാൻ തൃശ്ശൂർ വരെ യാത്ര ചെയ്യേണ്ടിയിരുന്ന തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് ഈ സബ് റീജ്യണൽ ഓഫീസ്.

7. ഉത്തരമലബാറിൽ ഗതാഗതവികസനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന ആദ്യ ബൈപ്പാസ് ഉടൻ യാഥാർഥ്യമാകും. ആറ് വരിപ്പാതയുള്ള ഈ ബൈപ്പാസിന്‍റെ വീതി 45 മീറ്ററാണ്. 1700 കോടി രൂപ ചെലവിൽ പണി തീർക്കുന്ന ഈ ബൈപ്പാസിന്‍റെ കോഴിക്കോട്ടെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി. 

8. ബേപ്പൂർ തുറമുഖത്തെ മലാപ്പറമ്പിൽ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന നാല് വരിപ്പാത ഉടൻ യാഥാർഥ്യമാകും.

9. കോഴിക്കോട്ടെ മോഡൽ ഐടിഐ അത്യാധുനിക സൌകര്യങ്ങളോടെ നവീകരിച്ചു. ഇനി തൊഴിൽ പരിശീലനത്തിനായി വിദേശത്ത് പോയിരുന്നവർക്ക് നാട്ടിൽത്തന്നെ മികച്ച പരിശീലനം നേടാനാകും.

10. മലബാറിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സഹായകരമാകുന്ന സിജിഎച്ച്എസ് വെല്‍നസ് സെന്‍റർ (അലോപ്പതി) പദ്ധതിക്ക് അനുമതി കിട്ടി.

# പത്ത് വർഷമായിട്ടും നടപ്പാകാതെ പോയ പദ്ധതികളുണ്ടോ?

കോഴിക്കോടിന്‍റെ ഏറ്റവും വലിയ നഷ്ടം ലൈറ്റ് മെട്രോ തന്നെയാണ്. മെട്രോമാൻ ഇ ശ്രീധരൻ ഉൾപ്പടെയുള്ളവർ താൽപ്പര്യമെടുത്ത് അതിന് പ്രാഥമികരൂപരേഖ തയ്യാറാക്കി നമ്മൾ ഓഫീസ് വരെ തുടങ്ങിയെങ്കിലും സംസ്ഥാനസർക്കാരിന് താൽപ്പര്യമില്ലാത്തതിനാൽ പദ്ധതി നഷ്ടപ്പെട്ടു.

മറ്റൊന്ന് ചാലിയത്തെ യുദ്ധക്കപ്പൽ രൂപകൽപന കേന്ദ്രമായ നിർദേശാണ്. പ്രധാനമന്ത്രിയുടെ ഇടപെടലിനായി കാത്തിരിക്കുകയാണ് നിർദേശ്. നാൽപ്പതേക്കർ സ്ഥലത്ത് മികച്ച സൌകര്യങ്ങളോടെ ഒരുങ്ങാൻ കേന്ദ്രമന്ത്രിസഭയുടെ ഭരണാനുമതിയാണ് ഇനി വേണ്ടത്.

# ഏറ്റവും വലിയ വെല്ലുവിളികളെന്തൊക്കെ?

നൂറ്റാണ്ടിന്‍റെ പ്രളയത്തിൽ കോഴിക്കോടിന്‍റെ മലയോരമേഖലയും വലിയ നഷ്ടങ്ങൾ നേരിട്ടു. അരിയും മറ്റ് സഹായങ്ങളും പ്രളയബാധിതർക്ക് ഉടൻ തന്നെ എത്തിക്കാൻ കഴിഞ്ഞു. പക്ഷേ ഇപ്പോഴും സഹായം കിട്ടാത്ത നിരവധിപ്പേരുണ്ട്. അത് നികത്താനും പ്രളയബാധിതമേഖലയുടെ പുനർനിർമാണത്തിനും ഇനിയും ശ്രമങ്ങളുണ്ടാകേണ്ടതുണ്ട്. 

അടുത്തത് ജയിക്കുന്നതാരായാലും എന്തിനൊക്കെ പ്രഥമപരിഗണന കൊടുക്കണം?

ലൈറ്റ് മെട്രോ തന്നെയാകും പ്രധാന അജണ്ട. വീണ്ടും പദ്ധതി പുനരുജ്ജീവിപ്പിക്കണം. കോഴിക്കോട്ട് ലൈറ്റ് മെട്രോയ്ക്ക് സാധ്യതകളുണ്ട്. കേന്ദ്രസർക്കാരിന്‍റെ സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തി കനോലി കനാൽ നവീകരിക്കുന്നതിന് മറ്റൊരു പ്രധാനപരിഗണ നൽകണം. മലപ്പുറം - അങ്ങാടിപ്പുറം റെയിൽവേ ലെയിൻ യാഥാർഥ്യമാകണം. കോഴിക്കോടിന് എയിംസ് നേടിക്കൊടുക്കുന്നത് ഒരു വലിയ സ്വപ്നമാണ്. ഇതെല്ലാം യാഥാർഥ്യമാക്കാൻ കോഴിക്കോട്ടുകാർ കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷ. എം കെ രാഘവൻ പറഞ്ഞ‌ു നിർത്തുന്നു.