കേന്ദ്രഭക്ഷ്യമന്ത്രിയായപ്പോഴും പിന്നീട് കോൺഗ്രസിന്‍റെ മുതിർന്ന നേതാവായപ്പോഴും എറണാകുളത്തിന്‍റെ സ്വന്തം അധ്യാപകനായിരുന്നു കെ വി തോമസ് എം പി. 22 വർഷം എറണാകുളത്ത് കോൺഗ്രസ് കോട്ട കെട്ടിയ മുതിർന്ന നേതാവ്. 1984-ൽ എറണാകുളത്ത് മത്സരിച്ച് ജയിച്ചുതുടങ്ങിയ കെ വി തോമസിന് അടി തെറ്റിയത് ഒരു തവണ മാത്രം. 1996-ൽ ഫ്രഞ്ച് ചാരക്കേസ് ആരോപണത്തിൽ പെട്ട കെ വി തോമസ്, എൽഡിഎഫിന്‍റെ സേവ്യർ അറയ്ക്കലിനോട് തോറ്റു. പക്ഷേ, 2009-ൽ തിരിച്ചു വന്നു കെ വി തോമസ്. പിന്നീടിങ്ങോട്ട് പത്ത് വർഷം എറണാകുളത്തിന്‍റെ ജനപ്രതിനിധിയായി.

ഇത്തവണ യൂത്ത് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നിൽ എറണാകുളവുമുണ്ട്. അഭിനവ പൾവാൾ ദേവൻമാർ എന്ന് അനിൽ ആന്‍റണിക്കെതിരെ ഒളിയമ്പെയ്ത് പാസ്സാക്കിയ കെ എസ് യു എറണാകുളം ജില്ലാ സമ്മേളനത്തിന്‍റെ പ്രമേയത്തിൽ മണ്ഡലം കാലങ്ങളായി കൈവശം വയ്ക്കുന്ന കെ വി തോമസ് എംപിക്കെതിരെ പരോക്ഷവിമർശനവുമുണ്ട്. എന്നാൽ ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ച പിസിസി അധ്യക്ഷൻമാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിൽ സിറ്റിംഗ് എംപിമാർക്കെല്ലാം സീറ്റ് നൽകാമെന്ന ധാരണ ഉരുത്തിരിഞ്ഞ സാഹചര്യമാണെന്നാണ് വിലയിരുത്തലും. എട്ടാം വട്ടവും കെ വി തോമസ് എറണാകുളത്ത് നിന്ന് ജനവിധി തേടുമോ? ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിന്‍റെ തെരഞ്ഞെടുപ്പ് പ്രത്യേക പംക്തിയായ ഫൈവ് ഇയർ ചാലഞ്ചിൽ കെ വി തോമസ് എംപി.

പത്ത് വർഷത്തെ നേട്ടങ്ങൾ?

1. കേന്ദ്ര ഭക്ഷ്യമന്ത്രിയായിരിക്കെ ലോകം അംഗീകരിച്ച ദേശീയ ഭക്ഷ്യസുരക്ഷാ നിയമം രൂപപ്പെടുത്തി നടപ്പാക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തില്‍ ഏറ്റവും അഭിമാനം നല്‍കുന്നത്. രാജ്യത്തെ 81 കോടി ജനങ്ങള്‍ക്ക് അരി മൂന്ന് രൂപ, ഗോതമ്പ് നാല് രൂപ, മറ്റ് ധാന്യങ്ങള്‍ ഒരു രൂപ നിരക്കില്‍ നല്‍കുന്ന പദ്ധതി. 2009 ല്‍ കേന്ദ്ര ഭക്ഷ്യ മന്ത്രിയായി ചുമതലയേറ്റപ്പോഴുള്ള വെല്ലുവിളിയായിരുന്നു ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി. യു.പി.എ. ഗവണ്‍മെന്‍റിന്‍റെ ഒട്ടുമിക്ക ജനക്ഷേമപദ്ധതികളും ഒന്നുകില്‍ അട്ടിമറിക്കുകയോ പേര് മാറ്റി സ്വന്തം പേരില്‍ അവതരിപ്പിക്കുകയോ ചെയ്ത മോദി ഈ നിയമത്തില്‍ കൈ വെയ്ക്കാന്‍ തയ്യാറായില്ല. 

2. കൊച്ചി മെട്രോയുടെ തുടക്കക്കാരനാവാന്‍ കഴിഞ്ഞത് മറ്റൊരു അഭിമാനം. 2001-ല്‍ സംസ്ഥാന ടൂറിസം മന്ത്രിയായിരിക്കെ സ്വപ്ന പദ്ധതിയായി ടൂറിസം വകുപ്പ് അവതരിപ്പിച്ചതായിരുന്നു മെട്രോ. 2009-ല്‍ കേന്ദ്ര മന്ത്രിയായി ഡല്‍ഹിയില്‍ എത്തിയത് മുതല്‍ നടത്തിയ നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ 2011-ല്‍ കേന്ദ്രസര്‍ക്കാര്‍ കൊച്ചി മെട്രോയ്ക്ക് അംഗീകാരം നല്‍കി. ഡി.എം.ആര്‍.സി. ഇ.ശ്രീധരന്‍ എന്നിവരുടെ സേവനങ്ങള്‍ നേടിയെടുക്കലായിരുന്നു അടുത്ത പരീക്ഷണം. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, കേന്ദ്ര മന്ത്രിമാരായ പ്രണബ് മുഖര്‍ജി, കമല്‍നാഥ്, എ.കെ. ആന്‍റണി, വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെ ഒരുമിച്ച് ഇരുത്തി ആ ലക്ഷ്യം നേടി. കൊച്ചിയെ മെട്രോ നഗരമാക്കിയതിലും അഭിമാനം.

3. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വികസനം, ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കൊച്ചി റിഫൈനറിയുടെ വികസനപദ്ധതി, മെട്രോയ്ക്ക് അനുബന്ധമായി പുതിയ മേൽപ്പാലങ്ങൾ, സൌത്ത് റെയിൽവേ സ്റ്റേഷൻ വികസനം, മെട്രോ തൃപ്പൂണിത്തുറയിലേക്ക് നീട്ടിയത് ഒക്കെ നേട്ടമാണ്.

4. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യസ്മാർട്ട് സിറ്റിയായി കൊച്ചി. 2076 കോടി രൂപയുടെ പദ്ധതിയില്‍ അടിസ്ഥാന സൗകര്യവികസനത്തിന് 1385 കോടി രൂപയും, പാന്‍ സിറ്റി വികസനത്തിന് 691 കോടി രൂപയും കിട്ടി.

5. എംപി ഫണ്ട് വിനിയോഗം 93 ശതമാനത്തിൽ എത്തിച്ചു. നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കുമ്പോൾ ഇത് വീണ്ടുമുയരും.

6. പുതുവൈപ്പിലെ എല്‍എന്‍.ജി. ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിച്ചത് വ്യവസായ ശാലകളുടെ കുതിപ്പിന് പ്രചോദനമായി. 4200 കോടി രൂപയുടെ പദ്ധതിയിലൂടെ കൊച്ചി റിഫൈനറി, എഫ്.എ.സി.ടി. തുടങ്ങിയ പ്രധാന ഉപഭോക്താക്കള്‍ക്ക് പൈപ്പ് ലൈനിലൂടെ എല്‍.എന്‍.ജി.എത്തിക്കാന്‍ കഴിഞ്ഞു.

പത്ത് വർഷം നേരിട്ട പ്രധാന വെല്ലുവിളികളെന്തായിരുന്നു? 

1. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ എഫ്.എ.സി.ടി.യുടെ പുനരുദ്ധാരണത്തിന് കഴിഞ്ഞ ഗവണ്‍മെന്‍റ് തയ്യാറാക്കിയ 8000 കോടി രൂപയുടെ പദ്ധതി അട്ടിമറിച്ച മോദി സര്‍ക്കാര്‍ പാക്കേജിന് പകരം 1000 കോടി രൂപ പതിനൊന്ന് ശതമാനം പലിശയ്ക്ക് വായ്പ നല്‍കി സ്ഥാപനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത് വെല്ലുവിളിയാണ്.

2. എച്ച്.എം.ടി. കളമശ്ശേരി യൂണിറ്റ് സ്വതന്ത്ര യൂണിറ്റാക്കാനുള്ള കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനം മോദി സര്‍ക്കാര്‍ അവഗണിച്ചത് വെല്ലുവിളിയായി. എച്ച്.എം.ടി. കമ്പനികളില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്നത് കളമശ്ശേരിയിലേതാണ്.

3. ഏറ്റവും പഴക്കം ചെന്ന വില്ലിംഗ്ടണ്‍ ഐലന്‍റ് റെയില്‍വേ സ്റ്റേഷന്‍ പൈതൃക രീതിയില്‍ പുനര്‍ നിര്‍മ്മിച്ചുവെങ്കിലും ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാത്തതും പ്രയാസമുണ്ടാക്കി. വേളാങ്കണ്ണി, രാമേശ്വരം ട്രെയിനുകള്‍ ഇവിടെ നിന്നും തുടങ്ങണമെന്ന എന്‍റെ നിര്‍ദ്ദേശം അവഗണിച്ചതും തിരുത്തപ്പെടണം.

പത്ത് വർഷമായി നടപ്പാക്കാനാകാതെ പോയത്?

കൊച്ചി പോർട്ട് ട്രസ്റ്റിന്‍റെ വികസനപദ്ധതികൾക്ക് വേഗതയില്ലാത്തതും, സിറ്റി ഗ്യാസ് ലൈൻ പദ്ധതിക്ക് വേഗത കൈവരിക്കാനാകാത്തതതും പുതുവൈപ്പ് എൽഎൻജി ടെർമിനൽ വൈകുന്നതും, വല്ലാർപാടം ടെർമിനലിന്‍റെ ഭാഗമായി നിർമിച്ച റെയിൽവേ ലൈനിലൂടെ ചരക്ക് ഗതാഗതം തുടങ്ങാത്തതും വെല്ലുവിളികളാണ്. 

ഇനി വരുന്നവർ ആരായാലും എന്തിനായിരിക്കണം പ്രഥമപരിഗണന?

1. പ്രളയദുരിതം കാഠിന്യത്തോടെ ഏറ്റുവാങ്ങിയ പ്രദേശമാണ് എറണാകുളം. ആയിരങ്ങള്‍ക്ക് കിടപ്പാടങ്ങളും, തൊഴിലും, മറ്റ് സാമഗ്രികളും നഷ്ടമായി. ഒട്ടെറെ പേര്‍ അന്യവീടുകളിലും ക്യാമ്പുകളിലും കഴിയുന്നു. ഇവരുടെ ദുരിത കണ്ണീര്‍ അകറ്റണം. ദുരിത ബാധിതരെ എല്ലാ വിധത്തിലും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.

2. ദുരന്തവേലിയേറ്റമാണ് കടലോരത്ത്. തിരമാലക്കയറ്റം തടയാന്‍ സമ്പൂര്‍ണ്ണമായി കടല്‍ഭിത്തി നിര്‍മ്മിക്കപ്പെടണം. കേരളത്തിന്‍റെ സ്വന്തം സൈന്യം എന്ന വിളിപ്പേര് ഉള്ള മല്‍സ്യത്തൊഴിലാളികളുടെ ജീവിത സുരക്ഷയും തൊഴില്‍ സംരക്ഷണവും തീരദേശ സംരക്ഷണവും പ്രഥമ അജണ്ടയാണ്.

3. എയിംസ് കൊച്ചിയിലെത്തിക്കുക പ്രധാന അജണ്ടയാണ്.

4. മണ്ഡലത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും സമഗ്ര വികസനത്തിലൂടെ പ്രദേശ വാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നത് മറ്റൊരു ലക്ഷ്യം.

5. കൊച്ചി മെട്രോയുടെ ഇന്‍ഫോപാര്‍ക്കിലേക്കുള്ള അനുമതിയോടൊപ്പം നെടുമ്പാശ്ശേരിയിലേക്കും പശ്ചിമ കൊച്ചിയിലേക്കും നീട്ടുന്നത്.

6. ദേശീയ പാത 17 ന്‍റെ വികസനം ജനങ്ങളെ ദ്രോഹിക്കാതെയാവണം.

വീണ്ടും മത്സരിക്കാനുള്ള സാധ്യതയുണ്ടോ?

മല്‍സരിക്കാന്‍ പാര്‍ട്ടി അവസരം തരുമെന്ന് തന്നെയാണ് പ്രതീക്ഷ. കോൺഗ്രസ് സ്ഥാനാര്‍ഥിക്ക് നൂറു ശതമാനം വിജയം ഉറപ്പുള്ള മണ്ഡലമാണ് എറണാകുളം.