കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് വേണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാനഘടകത്തെ സമീപിച്ചു. കഴിഞ്ഞ പ്രാവശ്യം ജനതാദൾ മത്സരിച്ച സീറ്റിൽ ഇത്തവണ പാർട്ടി സ്ഥാനാർത്ഥിയെ നിർത്തിയാൽ ജയിക്കാൻ കഴിയുമെന്നാണ്  ജില്ലാകമ്മിറ്റിയുടെ വിലയിരുത്തൽ.

കോട്ടയം ലോക്സഭാസീറ്റിന്റ കാര്യത്തിൽ ഇടതുമുന്നണിയിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് സിപിഎം ജില്ലാകമ്മിറ്റി സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. പല പ്രാവശ്യം സിപിഎം ജയിച്ച സീറ്റിൽ കഴിഞ്ഞ തവണ അവസാനനിമിഷമാണ് ജനതാദൾ എസ് മത്സരിക്കാനെത്തിയത്. 

ഇത്തവണ ജനതാദളിന് കോട്ടയത്തിന് വേണ്ടി കടുംപിടുത്തമില്ല. ഫ്രാൻസിസ് ജോർജിന്റ ജനാധിപത്യ കേരള കോൺഗ്രസ് കോട്ടയമോ പത്തനംതിട്ടയോ ചോദിച്ചിട്ടുണ്ട്. ഫ്രാൻസിസ് ജോർജ് സ്ഥാനാർത്ഥിയായി വരുന്നതിനോട് സിപിഎം സംസ്ഥാന നേതൃത്വത്തിനും എതിർപ്പില്ല. അതേസമയം സിപിഎം തന്നെ സീറ്റ് ഏറ്റെടുക്കുകയാണെങ്കില്‍ പി.കെ.ഹരികുമാർ, ജെയ്ക്ക്.സി.തോമസ്,സുരേഷ് കുറുപ്പ് എംഎൽഎ, ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ തുടങ്ങിയവരാണ് സിപിഎമ്മിന്‍റെ പരിഗണനാപ്പട്ടികയിലുള്ളത്.