Asianet News MalayalamAsianet News Malayalam

തോല്‍വി പുത്തരിയല്ല; ഇടതുപക്ഷം സംപൂജ്യരായ തെരഞ്ഞെടുപ്പ് മുമ്പുമുണ്ടായിട്ടുണ്ട്

സ്ഥാസംന ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തൂത്തുവാരലുകള്‍ പുതിയ കാര്യമല്ല. നാല് തവണയാണ് എതിരാളികളെ നിഷ്പ്രഭമാക്കി വിജയം കൊയ്തത്. ഇതില്‍ മൂന്ന് തവണയും 'ഇര'യായതും സിപിഎമ്മാണ് എന്നത് ചരിത്ര വസ്തുത.

not first; kerala witnessed clean sweep
Author
Thiruvananthapuram, First Published May 23, 2019, 3:57 PM IST

തിരുവനന്തപുരം: അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും എല്‍ഡിഎഫും നേരിട്ടത്. വിജയിക്കുമെന്ന് എതിരാളികള്‍ പോലും കരുതിയ മണ്ഡലങ്ങളില്‍ സിപിഎമ്മിന് അടിതെറ്റി. സിപിഎം കുത്തകയെന്ന് അറിയപ്പെടുന്ന പാലക്കാട്, ആറ്റിങ്ങല്‍, കാസര്‍കോട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് തൂത്തുവാരി. എന്നാല്‍, സംസ്ഥാന ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തൂത്തുവാരലുകള്‍ പുതിയ കാര്യമല്ല. നാല് തവണയാണ് എതിരാളികളെ നിഷ്പ്രഭമാക്കി വിജയം കൊയ്തത്. ഇതില്‍ മൂന്ന് തവണയും 'ഇര'യായതും സിപിഎമ്മാണ് എന്നത് ചരിത്ര വസ്തുതയാണ്.

1977
ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഗതിനിര്‍ണയ സംഭവങ്ങളില്‍ പ്രധാനമാണ് 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഏകാധിപത്യ ശൈലിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്. രണ്ട് വര്‍ഷത്തിന് ശേഷം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്തു. ഇന്ദിരാഗാന്ധിയെയും കോണ്‍ഗ്രസിനെയും അധികാരത്തില്‍നിന്ന് തൂത്തെറിഞ്ഞ് ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തിലേറി. കോണ്‍ഗ്രസ് അധികാരത്തില്‍ ആദ്യമായി അകറ്റി നിര്‍ത്തിയ തെരഞ്ഞെടുപ്പായിരുന്നു അത്. കോണ്‍ഗ്രസ് 153 സീറ്റിലൊതുങ്ങി. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തോല്‍വിയറിഞ്ഞു. എന്നാല്‍, കേരളത്തിലെ അവസ്ഥ വ്യത്യസ്തമായിരുന്നു. രാജ്യത്താകമാനം കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടപ്പോള്‍ 20ല്‍ 20 സീറ്റും കോണ്‍ഗ്രസ് തൂത്തുവാരി. സിപിഐ അന്ന് യുഡിഎഫ് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായിരുന്നു. കെ കരുണാകരന്‍റെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് -11, സിപിഐ-4, മുസ്ലിം ലീഗ്-2, കേരള കോണ്‍ഗ്രസ്-2, ആര്‍എസ്പി-1 എന്നിങ്ങനെയായിരുന്നു അന്നത്തെ സീറ്റ് നില.

1984
ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം യുഡിഎഫ് കേരളത്തില്‍ വീണ്ടും വന്‍ മുന്നേറ്റമുണ്ടാക്കി. ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗമായിരുന്നു തൂത്തുവാരലിന് പിന്നില്‍. യുഡിഎഫ് 15 സീറ്റ് നേടിയപ്പോള്‍ എല്‍ഡിഎഫ് അഞ്ചിലൊതുങ്ങി. സിപിഎമ്മിന് കിട്ടിയത് ഒറ്റ സീറ്റ് മാത്രം. എല്‍ഡിഎഫിലെ കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ്(ജെ), ജെഎഎൻ പാര്‍ട്ടികള്‍ക്കും ഓരോ സീറ്റ് ലഭിച്ചു. യുഡിഎഫില്‍ കോണ്‍ഗ്രസ് 13 സീറ്റും മുസ്ലിം ലീഗ് രണ്ട് സീറ്റും നേടി. 

1991
രാജീവ് ഗാന്ധി വധത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലും യുഡിഎഫ് കേരളം തൂത്തുവാരി. 16 സീറ്റുകളാണ് അന്ന് യുഡിഎഫ് നേടിയത്. സിപിഐ പാളയത്തിലെത്തിയിട്ടും അന്ന് എല്‍ഡിഎഫിന് നേട്ടമുണ്ടാക്കാനായില്ല. സഹാതാപ തരംഗത്തില്‍ എല്‍ഡിഎഫ് ഒലിച്ചു പോയി. കോണ്‍ഗ്രസ്-13, മുസ്ലിം ലീഗ്-2, കേരള കോണ്‍ഗ്രസ്-1 എന്നിങ്ങനെയായിരുന്നു യുഡിഎഫ് കക്ഷിനില. സിപിഎമ്മിന് മൂന്ന് സീറ്റ് ലഭിച്ചു. 

2004
കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തൂത്തുവാരിയ ഓരേയൊരു തെരഞ്ഞെടുപ്പ്. 20ല്‍ 18 സീറ്റും എല്‍ഡിഎഫ് നേടി. സിപിഎം-12, സിപിഐ-3, സ്വതന്ത്രന്‍-1, കേരള കോണ്‍ഗ്രസ്(ജെ)-1 എന്നിങ്ങനെയായിരുന്നു അന്നത്തെ എല്‍ഡിഎഫ് കക്ഷിനില. യുഡിഎഫില്‍ പൊന്നാനിയിലെ ഇ. അഹമ്മദ് മാത്രമാണ് ജയിച്ചു കയറിയത്. മഞ്ചേരി മണ്ഡലത്തില്‍ മുസ്ലിം ലീഗിന്‍റെ കെപിഎ മജീദിനെ സിപിഎം സ്ഥാനാര്‍ത്ഥി ടികെ ഹംസ തോല്‍പ്പിച്ചതായിരുന്നു ഏറ്റവും വലിയ അട്ടിമറി.   

Follow Us:
Download App:
  • android
  • ios