Asianet News MalayalamAsianet News Malayalam

പടിപടിയായി കുറയുന്ന മുസ്ലിം പ്രാതിനിധ്യം; പാര്‍ലമെന്‍റ് കണക്കുകള്‍ പറയുന്നത്

1980ല്‍ 49 എംപിമാരും 1984ല്‍ 46 എംപിമാരും പാര്‍ലമെന്‍റിലെത്തിയ ചരിത്രമൊഴിച്ച് നിര്‍ത്തിയാല്‍ മുസ്ലിം പ്രാതിനിധ്യം നാമമാത്രമായിരുന്നു. 2014ല്‍ 24 മുസ്ലിം എംപിമാര്‍ മാത്രമാണ് പാര്‍ലമെന്‍റിലെത്തിയത്. 

parliament representation of muslims reduces gradually
Author
New Delhi, First Published May 24, 2019, 12:11 PM IST

ദില്ലി: ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ 1952ന് ശേഷം പാര്‍ലമെന്‍റില്‍ ഏറ്റവും കുറച്ച് മുസ്ലിംകള്‍ പ്രിതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഷമായിരുന്നു 2014. പ്രധാന ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ നൂറോളം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയെങ്കിലും വെറും 24 പേര്‍ മാത്രമാണ് പാര്‍ലമെന്‍റ് പടികള്‍ ചവിട്ടിയത്. 2019 ആയപ്പോഴേക്കും മുസ്‌ലിം സ്ഥാനാര്‍ത്ഥികളുടെ എണ്ണം നന്നേ കുറഞ്ഞു. 2014ല്‍ ഏഴ് മുസ്ലിംകളെയാണ് ബിജെപി കളത്തിലിറക്കിയതെങ്കിലും ഒരാള്‍ക്ക് പോലും വിജയിക്കാനായില്ല. 2014ല്‍ കോണ്‍ഗ്രസ് 31 പേരെ കളത്തിലിറക്കിയെങ്കിലും ഏഴുപേര്‍ വിജയിച്ചു.

ഇന്ത്യന്‍ ജനസംഖ്യയില്‍ 14 ശതമാനമുണ്ട് മുസ്ലിംകള്‍. എന്നാല്‍, രണ്ട് തവണയല്ലാതെ ഒരിക്കലും പാര്‍ലമെന്റിലെ മുസ്ലിം പ്രാതിനിധ്യം ആറ് ശതമാനം പിന്നിട്ടിട്ടില്ല. 1980ല്‍ 49 എംപിമാരും 1984ല്‍ 46 എംപിമാരും പാര്‍ലമെന്‍റിലെത്തിയ ചരിത്രമൊഴിച്ച് നിര്‍ത്തിയാല്‍ മുസ്ലിം പ്രാതിനിധ്യം നാമമാത്രമായിരുന്നു. 2014ല്‍ 24 മുസ്ലിം എംപിമാര്‍ മാത്രമാണ് പാര്‍ലമെന്‍റിലെത്തിയത്. നിയമസഭ തെരഞ്ഞെടുപ്പുകളിലും സ്ഥിതി വ്യത്യസ്തമല്ല. 2013-2015 കാലത്തെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ മുസ്ലിം സ്ഥാനാര്‍ത്ഥി പ്രാതിനിധ്യം 35 ശതമാനത്തില്‍നിന്ന് 20 ശതമാനമായി. അപൂര്‍വം ചില സംസ്ഥാനങ്ങളൊഴിച്ച് എവിടെയും മുസ്ലിം സാമാജികരുടെ എണ്ണം രണ്ടക്കം തികഞ്ഞില്ല. 

2009ന് ശേഷമാണ് മുസ്ലിം നേതാക്കള്‍ക്ക് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ ടിക്കറ്റ് നല്‍കാന്‍ മടിക്കുന്ന പ്രവണതക്ക് ആക്കം കൂടുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2009 ല്‍ കോണ്‍ഗ്രസ് 29 മുസ്ലിം നേതാക്കള്‍ക്ക് ടിക്കറ്റ് നല്‍കി 10 പേരെ പാര്‍ലമെന്‍റിലെത്തിച്ചു. ബിജെപി 2009 ല്‍ നാല് മുസ്ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് ഒരാളെ ജയിപ്പിച്ചു. 2014 ല്‍ ഏഴു മുസ്ലിം സ്ഥാനാര്‍ത്ഥികളെ ബിജെപി കളത്തിലിറക്കിയെങ്കിലും ഒരാള്‍ പോലും വിജയിച്ചില്ല. 2014ല്‍ കോണ്‍ഗ്രസ് 31 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും ഏഴു പേര്‍ മാത്രമാണ് വിജയിച്ചത്. 2019 തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ 437 പേരില്‍ ഏഴുപേര്‍ മാത്രമാണ് മുസ്ലിം സ്ഥാനാര്‍ത്ഥികള്‍. 464 പേരെ കളത്തിലിറക്കിയ കോണ്‍ഗ്രസ് 32 മുസ്ലിം നേതാക്കള്‍ക്കാണ് സീറ്റ് നല്‍കിയത്.

ദേശീയ പാര്‍ട്ടികള്‍ മാത്രമല്ല, പ്രാദേശിക പാര്‍ട്ടികളും ഇക്കാലയളവില്‍ മുസ്ലിം നേതാക്കള്‍ക്ക് ടിക്കറ്റ് നിരസിക്കുന്ന പ്രവണത ആരംഭിച്ചു. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയുമെല്ലാം മുസ്ലിം സ്ഥാനാര്‍ത്ഥികളുടെ എണ്ണം വെട്ടിക്കുറച്ചു. കേരളത്തില്‍ പോലും കോണ്‍ഗ്രസ് ഒറ്റ മുസ്ലിം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയില്ല എന്നത് ശ്രദ്ധേയമാണ്. മഹാഡഗ്ബന്ധന്‍ 78 സീറ്റില്‍ വെറും 10 മുസ്ലിം സ്ഥാനാര്‍ത്ഥികളെ മാത്രമാണ് രംഗത്തിറക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്പി 19 മുസ്ലിം സ്ഥാനാര്‍ത്ഥികളെയും ബിഎസ്പി 14 മുസ്ലിം സ്ഥാനാര്‍ത്ഥികളെയും കളത്തിലിറക്കിയിരുന്നു. ബീഹാറില്‍ ആര്‍ജെഡി ഇക്കുറി നാല് മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കിയത്. ടിആര്‍എസ്, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജെഡിഎസ്, ബിജെഡി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ ഒറ്റ മുസ്ലിം സ്ഥാനാര്‍ത്ഥികളെപ്പോലും കളത്തിലിറക്കിയില്ല. 

വലതുപക്ഷ ആശയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിടിമുറുക്കിയതോടെ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട് തുടങ്ങിയതെന്ന് മൗലാന ആസാദ് നാഷണല്‍ ഉറുദു യൂനിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനും എഴുത്തുകാരനുമായ അഫ്രോസ് ആലം ദേശീയ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. മുസ്ലിം രാഷ്ട്രീയ നേതാക്കളെ കണ്ടെത്തുന്നതിനും സെക്കുലര്‍ രാഷ്ട്രീയ പരിസരത്തേക്ക് കൊണ്ടുവരുന്നതിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം വിലയിരുത്തുന്നു.

മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യത കുറവുള്ളവരാണ് എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് പോലും വച്ചുപുലര്‍ത്തുന്നത്. നിരവധി രാഷ്ട്രീയ, സമൂഹിക കാരണങ്ങളാണ് മുസ്ലിം നേതാക്കളെ മത്സര രംഗത്തുനിന്ന് പിന്‍വലിക്കുന്നതിനുള്ള കാരണങ്ങളായി രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ പിന്നില്‍നില്‍ക്കുന്ന വിഭാഗത്തിന് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ പാര്‍ലമെന്‍റില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ പ്രത്യാഘാതം വലുതായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു. 

Follow Us:
Download App:
  • android
  • ios