Asianet News MalayalamAsianet News Malayalam

ജനങ്ങളുടെ പ്രശ്നം അമ്പല നിര്‍മാണമല്ല; തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിയെ കുത്തിയും കോണ്‍ഗ്രസിനെ ഓര്‍മപ്പെടുത്തിയും പിണറായി

ജനങ്ങളുടെ പ്രശ്നം അമ്പലനിര്‍മാണവും ബിജെപിയുടെ മറ്റ് പ്രചാരണ വിഷയങ്ങളുമല്ലെന്ന് തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 

PInarayi on election result
Author
Kerala, First Published Dec 11, 2018, 7:42 PM IST

തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നം അമ്പലനിര്‍മാണവും ബിജെപിയുടെ മറ്റ് പ്രചാരണ വിഷയങ്ങളുമല്ലെന്ന് തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കനത്ത് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ അവഗണിക്കുകയും അവരെ വര്‍ഗീയമായി ചേരിതിരിക്കുവാന്‍ ഭരണാധികാരം ദുര്‍വിനിയോഗിക്കുകയും ചെയ്യുന്നതിനോട് ജനങ്ങള്‍ ക്ഷമിക്കില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഈ ജനവിധിയില്‍ നിന്നുളള പാഠമെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

അതേസമയം ഭരണം പിടിച്ച കോണ്‍ഗ്രസിനെ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്താനും അദ്ദേഹം മറന്നില്ല.   അപ്രസക്ത കാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവില്ല എന്നത് ജയിച്ച് അധികാരത്തില്‍ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വലിയൊരു പാഠമാണ്. ആ പാഠം ഉള്‍ക്കൊണ്ട് നയങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നില്ലെങ്കില്‍ എന്തുണ്ടാകുമെന്നതിന്‍റെ സൂചന കൂടി ഇതിലടങ്ങിയിട്ടുണ്ടെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ... 

ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ അവഗണിക്കുകയും അവരെ വര്‍ഗീയമായി ചേരിതിരിക്കുവാന്‍ ഭരണാധികാരം ദുര്‍വിനിയോഗിക്കുകയും ചെയ്യുന്നതിനോട് ജനങ്ങള്‍ ക്ഷമിക്കില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഈ ജനവിധിയില്‍ നിന്നുളള പാഠം.

ബി.ജെ.പി.യില്‍ ജനങ്ങള്‍ക്കുണ്ടായ അവിശ്വാസത്തിന്‍റെ പ്രതിഫലനമാണ് ജനവിധിയില്‍ കാണുന്നത്. വികസനം എന്ന ബി.ജെ.പി. മുദ്രാവാക്യത്തില്‍ ഒരു കഴമ്പുമില്ല എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുളള വിഭാഗങ്ങള്‍ തുടര്‍ച്ചയായ പോരാട്ടങ്ങളിലൂടെയാണ് ബി.ജെ.പി വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയത്. ഈ പോരാട്ടങ്ങളിലൂടെ ഇവരും ഇടതുപക്ഷവും മുന്നോട്ടുവച്ച ആശയങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലെ കൂടുതല്‍ ജനവിഭാഗങ്ങള്‍ ഏറ്റെടുക്കുന്നു എന്നതിന്‍റെ സ്ഥിരീകരണമാണ് ഈ ജനവിധി.

ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇപ്പോഴത്തെ സാമ്പത്തിക നയങ്ങളില്‍ നിന്നുളള മാറ്റമാണ്. അവര്‍ക്ക് അമ്പലം നിര്‍മാണമോ ബി.ജെ.പി. ഉയര്‍ത്തുന്ന സമാന മുദ്രാവാക്യങ്ങളോ അല്ല പ്രശ്നം. തങ്ങള്‍ അനുഭവിക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും മറ്റുമാണ്. അതിനെ അവഗണിച്ച് അപ്രസക്ത കാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവില്ല എന്നും ഇതില്‍ തെളിയുന്നു.

ഇത്, ജയിച്ച് അധികാരത്തില്‍ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വലിയൊരു പാഠം കൂടിയാണ്. ആ പാഠം ഉള്‍ക്കൊണ്ട് നയങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നില്ലെങ്കില്‍ എന്തുണ്ടാകുമെന്നതിന്‍റെ സൂചന കൂടി ഇതിലടങ്ങിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios