മലപ്പുറം: വിദേശവാസത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ നിലമ്പൂര്‍ എംഎൽഎ പിവി അൻവർ കേരളത്തിൽ തിരിച്ചെത്തി. കോഴിക്കോട് കരിപ്പൂരിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. തന്നെ സ്വീകരിക്കാനെത്തിയ നിലമ്പൂരിലെ പ്രവ‍ര്‍ത്തക‍ര്‍ക്ക് നന്ദിയറിയിച്ച അൻവര്‍ നാട്ടിലേക്ക് തിരിച്ചു. കൊവിഡ് പ്രോട്ടോക്കോളടക്കം ലംഘിച്ച് നൂറുകണക്കിന് പേരാണ് അൻവറിനെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയിരുന്നത്.  

ബിസിനസ് ആവശ്യങ്ങൾക്കായി ആഫ്രിക്കയിൽ ആയിരുന്ന അന്‍വറിന്റെ അസാന്നിധ്യം നിലമ്പൂരിൽ കോൺഗ്രസ് അടക്കം നേരത്തെ വലിയ ചര്‍ച്ചയാക്കിയിരുന്നു. എംഎൽഎയെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെ സാമൂഹ്യമാധ്യമങ്ങളിലും ഇക്കാര്യം ച‍ര്‍ച്ചയായി. ഇതോടെ താൻ ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കൻ രാജ്യമായി സിയറ ലിയോണിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നും വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കിൽ വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.