തൃശൂര്‍: ഗര്‍ഭിണിയുടെ വയറ്റില്‍ കൈവെച്ചനുഗ്രഹിച്ച തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നവര്‍ക്ക്  മറുപടിയുമായി സുരേഷ് ഗോപിയുടെ ഭാര്യ രാധിക രംഗത്തെത്തി. സുരേഷ് ഗോപിക്ക് കുട്ടികളോടുള്ള സ്‌നേഹം തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഇത്തരത്തില്‍ വിമര്‍ശിക്കുന്നതെന്ന് രാധിക പറഞ്ഞു. സുരേഷ് ഗോപി വയറില്‍ കൈവച്ച് അനുഗ്രഹിച്ച അന്തിക്കാട്  സ്വദേശിയായ ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പിന്തുണ നല്‍കിയാണ് രാധികയുടെ പ്രതികരണം.

'എനിക്ക് ഫെയ്‌സ്ബുക്ക് ഇല്ലാത്തതിനാല്‍  സുരേഷേട്ടന്‍ തന്നെയാണ് വീഡിയോ കാണിച്ചുതന്നത്. സുരേഷ് ഗോപി എന്ന ആളെ ഒട്ടും അറിഞ്ഞുകൂടാത്ത ഒരാള്‍ക്ക് മാത്രമേ ആ വീഡിയോയിലെ സംഭവത്തെ വിമര്‍ശിക്കാന്‍ കഴിയൂ. കാരണം അദ്ദേഹത്തിന് കുഞ്ഞുങ്ങളോടുള്ള സ്‌നേഹം എല്ലാവര്‍ക്കും അറിയാം- രാധിക പറഞ്ഞു.
 
ഞാനും അഞ്ച് കുട്ടികളുടെ അമ്മയാണ്. ഏട്ടന് അമ്മമാരോടും കുഞ്ഞുങ്ങളോടും   സ്‌നേഹവും ബഹുമാനവും ഉണ്ട്.  ഗര്‍ഭിണിയായ സ്ത്രീകളെ കണ്ടാല്‍ ഭഗവാന്‍ പോലും എഴുന്നേറ്റു നില്‍ക്കും എന്ന രീതിയിലുള്ള സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന  ആളുകളാണ് നമ്മള്‍. അതു കാണാന്‍ കഴിയാതെ അതിനെ വിമര്‍ശിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല. അത് മനസിലാക്കാന്‍ പറ്റാത്തവര്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ  പറയാന്‍ സാധിക്കുകയുള്ളൂ, അത്തരം ആളുകള്‍ പറയുന്ന ഒരു കാര്യവും നമ്മള്‍ ഉള്ളിലേക്ക് എടുക്കേണ്ട കാര്യമില്ലെന്നും ശ്രീലക്ഷ്മിയോട് പറഞ്ഞു.

 മാനസികമായി  സന്തോഷിച്ചിരിക്കേണ്ട സമയത്ത് ശ്രീലക്ഷ്മിക്ക് ചെറിയ സങ്കടം തരുന്ന കാര്യമാണ് നടന്നത്. അതുകൊണ്ട് ആ കുട്ടിക്ക് പിന്തുണ അറിയിക്കാനാണ്   താനെത്തിയതെന്നും രാധിക പറഞ്ഞു.  സുരേഷ് ഗോപിയുടെ മക്കളും രാധികയ്ക്കൊപ്പമുണ്ടായിരുന്നു.   'ഈ തിരക്കൊഴിഞ്ഞാല്‍ ചേട്ടനും മോളെ കാണാന്‍ വരും. സന്തോഷമായിരിക്കുക. ദൈവം അനുഗ്രഹിക്കട്ടെ!' എന്ന് കുറിച്ചുകൊണ്ട് രാധികയും ശ്രീലക്ഷ്മിയും സംസാരിക്കുന്ന വീഡിയോ സുരേഷ്  ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.