തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എങ്ങനെ യുഡിഎഫിന് നേട്ടമാകുകയും എല്‍ഡിഎഫിന് കോട്ടമാകുകയും ചെയ്തുവെന്ന ചിത്രം തെളിയുകയാണ്. രാഹുല്‍ ഗാന്ധിക്ക് തരംഗമുണ്ടാക്കാനാകില്ലെന്ന ഇടതുപക്ഷ വിലയിരുത്തലിനെ അപ്രസക്തമാക്കിയാണ് കേരളത്തിലെ യുഡിഎഫ് പ്രകടനം. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കേരളത്തില്‍ യുഡിഎഫിന് ഊര്‍ജമായെന്ന വസ്തുത നിരാകരിക്കാന്‍ എതിരാളികള്‍ക്കാവില്ല. വയനാട് മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കാന്‍ രാഹുല്‍ ഗാന്ധിക്കായി എന്ന് വന്‍ ഭൂരിപക്ഷം തെളിയിക്കുന്നു. 

എല്‍ഡിഎഫ് വിജയിച്ച കല്‍പ്പറ്റ, മാനന്തവാടി, തിരുവമ്പാടി, നിലമ്പൂര്‍ നിയമസഭ മണ്ഡലങ്ങളില്‍പോലും രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്ന മൃഗീയ ഭൂരിപക്ഷം സിപിഎം വോട്ടുകളടക്കം ചോര്‍ന്നതിന്‍റെ തെളിവാണ്. മലപ്പുറം, പൊന്നായി, വടകര, പാലക്കാട്, ആലത്തൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങിയ മലബാര്‍ മണ്ഡലങ്ങളിലുല്‍ രാഹുല്‍ ഗാന്ധിക്ക് ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ സാധിച്ചുവെന്നും ഫലം വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധിയെ വയനാട് മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗ് ചരടുവലി നടത്തിയതും ചേര്‍ത്ത് വായിക്കാം. 

വയനാട്ടില്‍ രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതുമുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ കാരണമാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയതെന്നും ആരോപണമുയര്‍ന്നു. ബിജെപി മുഖ്യ എതിരാളിയായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ഇടതുപക്ഷത്തിന്‍റെയും ചോദ്യം. യുപിഎ ഘടകകക്ഷികളില്‍ ചിലര്‍ക്കും രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തോട് യോജിപ്പുണ്ടായിരുന്നില്ല.

അതേസമയം , രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ യുഡിഎഫിന് ഗുണമായപ്പോള്‍ ദേശീയതലത്തില്‍ തിരിച്ചടിയായെന്നും വിലയിരുത്താം. രാഹുല്‍ ഗാന്ധിയുടെ ഒന്നാം മണ്ഡലമായ അമേത്തിയില്‍ തോല്‍ക്കുമെന്ന ഭയത്താലാണ് ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി അഭയം തേടിയതെന്ന് ബിജെപി വൃത്തങ്ങള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് വര്‍ഗീയത കലര്‍ത്തിയാണ് അമേത്തിയില്‍ രാഹുല്‍ ഗാന്ധിയെ ബിജെപി നേരിട്ടത്. ദേശീയതലത്തിലും രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം ഉയര്‍ത്തിക്കാട്ടി ബിജെപി വ്യാപക പ്രചാരണം നടത്തി.

രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡല പരീക്ഷണം കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസക്കുറവാണ് തെളിയിക്കുന്നത് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഇത്തരം ആരോപണങ്ങളും വിലയിരുത്തലുകളും ശരിവെക്കുന്ന തരത്തിലാണ് അമേത്തിയിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രധാന എതിരാളിയായ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയാണ് മുന്നില്‍. റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെയും നില ഭദ്രമല്ല. ഏറെത്തവണ പിന്നില്‍ നിന്ന സോണിയ ഇപ്പോഴാണ് ലീഡ് തിരിച്ചുപിടിച്ചത്. 2009ലും 2014ലും സ്മൃതി ഇറാനിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ എതിരാളി. അമേത്തിയിലോ റായ്ബറേലിയിലോ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് കുടുംബ രാഷ്ട്രീയത്തിന്‍റെ അന്ത്യമാകുമെന്നാണ് ബിജെപി വാദം.