ഗോവ: ഗോവയില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍  രാഹുല്‍ ഗാന്ധി ബിജെപി നേതാവും ഗോവന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറിനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച്ച നടന്നത്. 

എന്നാല്‍ സന്ദര്‍ശനം വ്യക്തിപരമായിരുന്നെന്നും അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചതായും രാഹുല്‍ ട്വീറ്റ് ചെയ്തു. കൂടാതെ വൈകീട്ട് തനിക്ക് കേരളത്തിലെ ബൂത്ത് കമ്മറ്റി മെമ്പര്‍മാരുമായി കൂടിക്കാഴ്ച്ചയുണ്ടെന്നും  അത് തന്‍റെ ഫേസ്ബുക്കില്‍ ലൈവാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഇന്നലെ വൈകീട്ട് ഗോവയിലെ 12 പാര്‍ട്ടി എംഎല്‍എമാരുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

മാസങ്ങളായി രോഗബാധിതമായ മനോഹര്‍ പരീക്കര്‍ പൊതുപരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല. അഞ്ച് മിനിട്ടോളം കൂടിക്കാഴ്ച്ച നീണ്ടുനിന്നു. റഫാല്‍ കേസിലെ രേഖകള്‍ മനോഹര്‍ പരീക്കറിന്‍റെ കൈവശം ഉണ്ടെന്ന് പറയുന്ന ബിജെപി എംഎല്‍എയുടെ ശബ്ദ രേഖ നേരത്തെ ലോക്സഭയില്‍ രാഹുല്‍ വച്ചിരുന്നു. എന്നാല്‍ ഇത് ലോക്സഭയില്‍ കേള്‍പ്പിക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. 

രോഗബാധിതമായിട്ടും ഗോവന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മനോഹര്‍ പരീക്കറിനെ മാറ്റാത്തത് മോദി ഭയക്കുന്ന ഒരു തെളിവ് അദ്ദേഹത്തിന്‍റെ കൈവശമുള്ളത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രിയെ തെളിവുകള്‍ വെച്ച് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാത്തതെന്നും രാഹുല്‍‌ഗാന്ധി പറഞ്ഞു. 

റഫാല്‍ ഇടപാടില്‍ ബിജെപിക്ക് കാര്യമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന ശബ്‍ദരേഖ ലോക്സഭയില്‍ രാഹുല്‍ ഗാന്ധി ഇന്ന് കേള്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ തടഞ്ഞിരുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രപ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കിന്‍റെ കിടപ്പുമുറിയുലുണ്ടെന്ന ഗോവന്‍ മന്ത്രി വിശ്വജിത്ത് റാണെ പറയുന്ന ശബ്‍ദ സന്ദേശമാണ് രാഹുല്‍ സഭയില്‍ കേള്‍പ്പിക്കാന്‍ ശ്രമിച്ചത്.