ജയ്‍പൂർ: രാജസ്ഥാൻ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ നിർണായകമാവുന്ന വോട്ടുബാങ്കുകളിലൊന്ന് രാജ്പുത് വിഭാഗത്തിന്‍റേതാണ്.
'രാജപുത്രൻ'മാരാണ് രാജ്പുത്തുകൾ. ഇപ്പോഴും രാജവാഴ്ചയിൽ വിശ്വസിയ്ക്കുന്ന തീവ്രസ്വത്വവാദം കാത്തുസൂക്ഷിയ്ക്കുന്ന വിഭാഗങ്ങളുണ്ടിവിടെ. അതിലൊന്നാണ് കർണിസേന.

കർണിസേനയെ എല്ലാവരും ഓർക്കുന്നുണ്ടാകും. 'പദ്മാവത്' എന്ന സിനിമയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിലൂടെയാണ് കർണിസേനയെന്ന രാജ്‍പുത് സംഘടന ദേശീയശ്രദ്ധയാകർഷിച്ചത്.

ഇന്ന് തെര‍ഞ്ഞെടുപ്പിൽ കർണിസേന പ്രധാനചർച്ചാവിഷയമാണ്. രാജസ്ഥാനിൽ രാജ്പുത്തുകൾ 12 ശതമാനമെന്നാണ് കണക്ക്. മുമ്പ് ബിജെപിയ്ക്കൊപ്പം ശക്തമായി നിലകൊണ്ടിരുന്ന ഇവർക്കിടയിൽ ഇപ്പോൾ ബിജെപിയ്ക്കെതിരായ വികാരം ശക്തമാണ്.

രാജ്പുത് വിഭാഗത്തിന് മുഖ്യമന്ത്രി വസുന്ധരാരാജെ സിന്ധ്യ വേണ്ടത്ര ആദരവ് നൽകുന്നില്ലെന്നാണ് ഇവരുടെ ആരോപണം. 'പിന്നെയെന്തിനാണ് ഞങ്ങൾ വസുന്ധരയ്ക്ക് വോട്ട് ചെയ്യുന്നത്?', കർണിസേനയുടെ ജൽറാപഠൻ ജില്ലാ പ്രസിഡന്‍റ് ഭാനുപ്രതാപ് സിംഗ് ചോദിയ്ക്കുന്നു.

രാജകുടുംബാംഗമായ വസുന്ധരയ്ക്കെതിരെ രാജ്പുത്തുകൾ തിരിഞ്ഞത് ബിജെപിയ്ക്ക് ചെറിയ തലവേദനയല്ല സൃഷ്ടിയ്ക്കുന്നത്. പോകെപ്പോകെ, വസുന്ധരയ്ക്കെതിരെ ജൽറാപഠനിൽ രാജ്പുത്തുകൾ കർണിസേനയുടെ ബാനറിൽ പ്രചാരണം നടത്തുന്ന കാഴ്ച വരെ കണ്ടു.

അപകടം മണത്തറിഞ്ഞ അമിത് ഷാ പ്രശ്നത്തിൽ നേരിട്ടിടപെടുകയാണെന്നാണ് സൂചന. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ജാട്ട് വിഭാഗത്തെ ഒപ്പം കൂട്ടാൻ നടത്തിയ നീക്കത്തിന് സമാനമായാണ് അമിത്ഷായുടെ നീക്കങ്ങൾ. പല പ്രമുഖ രാജ്പുത് നേതാക്കളെയും അമിത് ഷാ നേരിട്ടു വിളിച്ചു. അനന്ത്പാൽ സിംഗ് എന്ന മാഫിയാ നേതാവിന്‍റെ കൊപാതകത്തിൽ പ്രതിഷേധിക്കുന്ന രാവണവിഭാഗം ഒഴികെയുള്ള രാജ്പുത്തുകൾ ബിജെപിയിലേക്ക് തിരിച്ചെത്തും എന്ന ആത്മവിശ്വാസമാണ് പാർട്ടി നേതാക്കൾ ഇപ്പോൾ പ്രകടിപ്പിക്കുന്നത്. അമിത്ഷായുടെ തന്ത്രം ഫലിയ്ക്കുമോ? ഫലം ഈ മാസം 11 ന് വോട്ട് പെട്ടി തുറക്കുമ്പോഴറിയാം.

"