ജയ്പൂര്‍: രാജസ്ഥാനിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം നടുറോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ രണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കമ്മിഷൻ സസ്പെന്‍ഡ് ചെയ്തു. ഇതിനിടെ, ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്താൻ വോട്ടര്‍മാരോട് ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി.

അതേസമയം, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ തകരാര്‍ കാരണം ചില ബൂത്തുകളിൽ വോട്ടിങ് തുടങ്ങാൻ വൈകിയിരുന്നു. നാനൂറോളം ബൂത്തുകളിൽ യന്ത്രത്തകരാറുണ്ടായെന്നാണ് കോണ്‍ഗ്രസ് പരാതി. ഇതിനിടയിലാണ് രാത്രിയോടെ വോട്ടിങ് യന്ത്രം നടുറോഡിൽ കണ്ടെത്തിയതാണ് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. കിഷൻ ഗഞ്ച് മണ്ഡലത്തിലെ ഷഹനാബാദ് മേഖലയിൽ ദേശീയ പാതയിലാണ് വോട്ടിങ് യന്ത്രം കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്മീഷൻ നടപടിയെടുത്തത്.

വോട്ടിങ് യന്ത്രം സ്ട്രോങ് റൂമിലേയ്ക്ക് മാറ്റി. ആദര്‍ശ് നഗര്‍ സീറ്റിലെ 101 നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്ഥനാണ് വോട്ടര്‍മാരോട് ബി ജെ പിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്. വോട്ടര്‍മാരും മാധ്യമപ്രവര്‍ത്തകരും ഇതിനെതിരെ പരാതിപ്പെട്ടതോടെയാണ് നടപടിയെടുത്തത്. പാലിയിൽ ബി ജെ പി സ്ഥാനാര്‍ഥിയുടെ വീട്ടിലെത്തിയ പോളിങ് ഓഫീസര്‍ക്കെതിരെയും കമ്മിഷൻ നടപടിയെടുത്തു. ഇതിനിടെ രാജസ്ഥാനിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചന.

നേരിയ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ചില എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാൽ 150 സീറ്റ് വരെ നേടി അധികാരം തിരിച്ചു പിടിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടൽ.