നാഗ്പൂര്‍:ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയത്തെ അഭിനന്ദിച്ച് ആര്‍എസ്എസ്. ആര്‍എസ്എസ് ഔദ്യോഗിക മാധ്യമമായ ഓര്‍ഗനൈസറിന്‍റെ വെബ്സൈറ്റിലാണ് അഭിനന്ദനക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. ദേശീയശക്തിയുടെ വലിയ വിജയമാണ് ബിജെപിയുടെ നേട്ടം. ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപിയെ ആര്‍എസ്എസ് അഭിനന്ദിക്കുന്നു. ബിജെപിയുടെ വലിയ വിജയം പ്രതിപക്ഷം വിനയത്തോടെ അംഗീകരിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.

കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ജനത സ്ഥിരതയുള്ള സര്‍ക്കാറിനെ തുണച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്‍റെ വലിയ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. രാജ്യത്തെ മാതൃകാപരമായ ജനാധിപത്യം ലോകത്തിന് മുന്നില്‍ വീണ്ടും തെളിയിച്ചെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പ്രസ്താവനയില്‍ പറഞ്ഞു. പൊതുജനത്തിന്‍റെ പ്രതീക്ഷ പുതിയ സര്‍ക്കാറിന് നിറവേറ്റാനാകുമെന്നാണ് വിശ്വസിക്കുന്നു. ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവസാനിച്ചെന്നും വിജയത്തെ എല്ലാവരും ഉള്‍ക്കൊള്ളണമെന്നും ജോഷി വ്യക്തമാക്കി.