തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനവുമായി പോപ്പുലര്‍ ഫ്രണ്ട്. ശക്തികേന്ദ്രങ്ങളെന്ന് സംഘടന അവകാശപ്പെടുന്ന മണ്ഡലങ്ങളില്‍ പോലും വോട്ട് കുത്തനെ ഇടിഞ്ഞു.  പലയിടങ്ങളിലും കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. 2014ല്‍ മലപ്പുറത്ത് 47853 വോട്ട് നേടി എസ്ഡിപിഐ നേതാവ് നസ്റുദ്ദീന്‍ എളമരം മുന്‍നിര പാര്‍ട്ടികളെ ഞെട്ടിച്ചിരുന്നു. എന്നാല്‍, ഇത്തവണ മലപ്പുറം മണ്ഡലത്തില്‍ 19095 വോട്ട് മാത്രമാണ് നേടാനായത്. അബ്ദുല്‍ മജീദ് ഫൈസിയായിരുന്നു മലപ്പുറത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി.

28758 വോട്ടാണ് മലപ്പുറം മണ്ഡലത്തില്‍ മാത്രം എസ്ഡിപിഐക്ക് നഷ്ടപ്പെട്ടത്.  ഫൈസിയാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളില്‍ വോട്ട് നേടിയവരില്‍ മുന്നില്‍. പൊന്നാന്നിയില്‍ കൂടുതല്‍ വോട്ടുനേടുമെന്നായിരുന്നു എസ്ഡിപിഐയുടെ അവകാശവാദം. എന്നാല്‍ ഫലം വന്നപ്പോള്‍ പൊന്നാന്നിയിലും എസ്ഡിപിഐ ദുര്‍ബലമായി.  എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെസി നാസര്‍ 18114 വോട്ട് മാത്രമാണ് സ്വന്തമാക്കിയത്. 2014ല്‍ 26,640 വോട്ട് നേടിയിരുന്നു. 

കണ്ണൂര്‍, വയനാട്, വടകര, പാലക്കാട്,ചാലക്കുടി, ആറ്റിങ്ങല്‍ എറണാകുളം തുടങ്ങിയ മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും പ്രകടനം ദയനീയമായിരുന്നു. കണ്ണൂരില്‍ അബ്ദുല്‍ ജബ്ബാര്‍ 8139 വോട്ടാണ് നേടിയത്. കഴിഞ്ഞ തവണ 19,170 വോട്ടായിരുന്നു സ്വന്തമാക്കിയത്. വടകരയില്‍ മുസ്തഫ കോമേരിയുടെ 5541 വോട്ട് മാത്രമാണ് നേടിയത്. കഴിഞ്ഞ തവണ 15000ത്തിലധികം വോട്ടാണ് വടകരയില്‍ എസ്ഡിപിഐ സ്വന്തമാക്കിയത്. 2014ല്‍ 10000ത്തിലധികം വോട്ട് നേടിയ വയനാട്ടില്‍ ഇക്കുറി 5379 വോട്ടിലൊതുങ്ങി. പാലക്കാട് 5749 വോട്ട് നേടിയത്. 

പൊന്നാനി മണ്ഡലത്തില്‍ എസ്ഡിപിഐയുമായി മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ആരോപണം ലീഗ് നിഷേധിച്ചു. മുന്‍ വര്‍ഷങ്ങളില്‍ എസ്ഡിപിഐ വോട്ട് വര്‍ധന മുസ്ലിം ലീഗ് ക്യാമ്പില്‍ ആശങ്കയുണര്‍ത്തിയിരുന്നു. അഭിമന്യുവധവും തുടര്‍ന്നുണ്ടായ ആരോപണങ്ങളുമാണ് എസ്ഡിപിഐക്ക് തിരിച്ചടിയായതെന്ന് വിലയിരുത്തലുണ്ട്.