ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മകന്‍ റെഹാന്‍ വദ്ര കന്നിവോട്ട് ചെയ്യാതിരുന്നതിന് വിശദീകരണവുമായി കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും വയനാട്ടിലും പ്രചാരണത്തിനെത്തിയെങ്കിലും മകന്‍ റെഹാന് വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കാതെ ലണ്ടനിലേക്ക് മടങ്ങി.

19 വയസ്സ് പൂര്‍ത്തിയായ റെഹാന് വോട്ടുണ്ടായിരുന്നുവെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. പരീക്ഷാതിരക്ക് കാരണമാണ് മകന്‍ വോട്ട് ചെയ്യാതിരുന്നതെന്ന് പ്രിയങ്ക ഗാന്ധി വിശദീകരിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് സഹോദരി മിറായോടൊപ്പമാണ് റെഹാന്‍ ലണ്ടനിലേക്ക് തിരിച്ചത്. 

അമ്മാവന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും മുത്തശ്ശി സോണിയാഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും പ്രിയങ്കാ ഗാന്ധിയുടെ മക്കളായ റെഹാനും മിറായയും പ്രചാരണത്തില്‍ സജീവമായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് പുറപ്പെടുന്ന റാലിയിലും റെഹാനും മിറായയും സജീവമായിരുന്നു.