ദില്ലി:ഛത്തീസ്ഗഡിൽ ബിജെപി പ്രതീക്ഷിച്ച മുൻതൂക്കം നേടില്ല എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. അജിത് ജോഗിയുടെ മൂന്നാം മുന്നണി നിർണ്ണായകമായേക്കാം എന്ന സൂചനയും എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നു. അഞ്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ അതിൽ മൂന്നെണ്ണവും കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. ഛത്തീസ്ഘഡിൽ 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

മൂന്നാം മുന്നണിയുടെ സാന്നിദ്ധ്യം കൊണ്ട് വാശിയേറിയ പോരാട്ടം നടന്ന ഛത്തീസ്ഘഡിൽ കോൺഗ്രസിന് അപ്രതീക്ഷിത മേൽക്കൈയാണ് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ബിജെപി 21 മുതൽ 31 സീറ്റുകഭ വരെ നേടുമെന്ന് പ്രവചിക്കുമ്പോൾ 55 മുതൽ 65 വരെ സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സർവേ പ്രവചിക്കുന്നു.

റിപ്പബ്ലിക്ക്, സീ വോട്ടർ എക്സിറ്റ് പോൾ ഫലവും കോൺഗ്രസ് മുന്നേറ്റം പ്രവചിക്കുന്നു. 40 മുതൽ 50 സീറ്റുകൾ വരെ കോൺഗ്രസിന് പ്രവചിക്കുമ്പോൾ  35 മുതൽ 43 സീറ്റുകൾ മാത്രമേ ബിജെപി നേടുകയുള്ളൂ എന്നും സർവേ പ്രവചിക്കുന്നു. ന്യൂസ് നേഷൻ സർവേയിൽ 40 മുതൽ 44 സീറ്റുകൾ നേടി കോൺഗ്രസ് മുന്നിലെത്തുന്നു. 38 മുതൽ 42 സീറ്റുകൾ ബിജെപി നേടുമെന്നും ഈ സർവേ പ്രവചിക്കുന്നു.

ടൈംസ് നൗ, ഇന്ത്യാ ടിവി സർവേകളാണ് ഛത്തീസ്ഗഡിൽ ബിജെപിക്ക് മേൽക്കൈ പ്രവചിക്കുന്നത്. ടൈംസ് നൗ ബിജെപിക്ക് കേവലഭൂരിപക്ഷമായ 46 സീറ്റും കോൺഗ്രസിന് 35 സീറ്റും ബിഎസ്പി ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് 7 സീറ്റും പ്രവചിക്കുന്നു. ഇന്ത്യാ ടിവി സർവേ ആകട്ടെ 42 മുതൽ 50 സീറ്റുകളുടെ മേൽക്കൈ ബിജെപി നേടുമെന്ന് പ്രവചിക്കുമ്പോഴും 8 സീറ്റുകൾ വരെ മൂന്നാം മുന്നണി നേടുമെന്ന് കണക്കുകൂട്ടുന്നു. ബിജെപിക്ക് മേൽക്കൈ നൽകുന്ന സർവേകൾ അവർ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് ഉറപ്പിക്കുന്നില്ല.

മൂന്നാം മുന്നണി നാല് മുതൽ എട്ട് വരെ സീറ്റുകൾ നേടുമെന്നാണ് മിക്ക സർവേകളുടേയും പ്രവചനം. കർണ്ണാടക മാതൃകയിലുള്ള രാഷ്ട്രീയ നീക്കങ്ങൾ ഒരുപക്ഷേ ഛത്തീസ്ഘഡിൽ നിന്നും പ്രതീക്ഷിക്കാം എന്ന സൂചനയാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ നൽകുന്നത്.