ഹൈദരാബാദ്: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിനും തെലങ്കാന രാഷ്ട്ര സമിതിക്കും അനായാസ ജയമാണ് ഏവരും പ്രതീക്ഷിച്ചത്. ആ ആത്മിവിശ്വാസം തന്നെയാണ് നിയമസഭ നേരത്തെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിടാൻ റാവുവിനെ പ്രേരിപ്പിച്ചതും. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയെ കൂട്ടുപിടിച്ച് കോൺഗ്രസ് പോരാട്ടത്തിനിറങ്ങിയെങ്കിലും നിരാശ മാത്രമായി ഫലം.

ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത സംസ്ഥാനത്ത് കോൺഗ്രസും ടിആർഎസും തമ്മിലായിരുന്നു മത്സരം. കോൺഗ്രസിനൊപ്പം ടിഡിപി എത്തിയതോടെയാണ് റാവു അപ്രതീക്ഷിത വെല്ലുവിളി നേരിടുമെന്ന പ്രതീതി ജനിച്ചെങ്കിലും അതുണ്ടായില്ല. ഫലം പൂർണമാകുമ്പോൾ വലിയ ഭൂരിപക്ഷത്തോടെയാണ് ടിആര്‍എസ് അധികാരത്തിലേറുന്നത്.

താര സ്ഥാനാർഥികളും മണ്ഡലങ്ങളും

കെ.ചന്ദ്രശേഖര റാവു (മുഖ്യമന്ത്രി) ടിആർഎസ്- ഗജ്‌വേൽ

തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായ കാൽവകുന്ദല ചന്ദ്രശേഖര റാവു തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള പോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ റാവു 1983 ൽ തെലങ്ക് ദേശം പാർട്ടിയിൽ അംഗമായി. അഭിഭക്ത ആന്ധപ്രദേശിൽ എൻ ടി രാമറാവു, ചന്ദ്രബാബു നായിഡു സർക്കാരുകളിൽ മന്ത്രിയായി തിളങ്ങിയ ശേഷമാണ് തെലങ്കാന പ്രക്ഷേഭത്തിന്റെ മുൻനിരയിലേക്കെത്തുന്നത്. റാവുവിന്റെ സ്ഥാനാർഥിത്വം തന്നെയാണ് ഗജ് വേൽ മണ്ഡലത്തെ ശ്രദ്ധേയമാക്കുിയത്. ടിഡിപിക്കും കോൺഗ്രസിനും ടിആർഎസിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ റാവു ടിഡിപിയിലെ പ്രതാപ് റെഡ്ഢിയെയാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായിരുന്നു. ഇക്കുറി കോൺഗ്രസ്-ടിഡിപി സഖ്യത്തിന് വേണ്ടി പ്രതാപ് റെഡ്ഢി ഇറങ്ങിയതോടെ മത്സരത്തിന് വീറും വാശിയും വർധിച്ചിരുന്നു. സംസ്ഥാനത്തെമ്പാടും ടിആര്‍എസ് സ്ഥാനാര്‍ഥികള്‍ വലിയ വിജയം നേടിയപ്പോള്‍ റാവു മണ്ഡലത്തില്‍ വെല്ലുവിളി നേരിടുകയാണ്. ഒരു ഘട്ടത്തില്‍ പിന്നിലായ റാവു ഇടയ്ക്ക് ലീഡ് നേടിയെങ്കിലും ഇപ്പോഴും ജയം ഉറപ്പായിട്ടില്ല.

എൻ സുഹാസിനി (എൻ ടി രാമറാവുവിന്റെ ചെറുമകൾ) തെലുഗുദേശം- കുകത്പളളി

കുകത്പള്ളി എക്കാലവും ടിഡിപിക്ക് വലിയ സ്വാധീനമുള്ള മേഖലയാണ്. തെലുഗുദേശം പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയും അഭിനേതാവുമൊക്കെയായി ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ എൻ ടി രാമറാവുവിന്റെ ചെറുമകളായ എൻ സുഹാസിനിയാണ് ഇക്കുറി ടിഡിപിക്ക് വേണ്ടി രംഗത്തിറങ്ങിയത്. കഴിഞ്ഞ തവണ ടിഡിപിയിലെ മാധവറാം ക്രിഷ്ണ റാവുവാണ് വിജയം നേടിയത്. ഇക്കുറി എൻ ടി രാമറാവുവിന്റെ ചെറുമകളെ എതിർക്കുന്നത് മധവറാം ക്രിഷ്ണ റാവുവാണെന്നതാണ് കൗതുകകരം. കോൺഗ്രസുമായുള്ള ബന്ധത്തെചൊല്ലി ടിഡിപി നേതൃത്വവുമായി കലഹിച്ച മധവറാമിനെ ടിആർഎസ് പാളയത്തിലെത്തിക്കുകയായിരുന്നു.

ഉത്തംകുമാർ റെഡ്ഡി (കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ) - ഹുസൂർനഗർ

കോൺഗ്രസ്-ടിഡിപി സഖ്യം വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുവാൻ സാധ്യത കൽപ്പിക്കപെടുന്നവരുടെ പട്ടികയിൽ മുന്നിലുണ്ടായിരുന്നു ഉത്തംകുമാർ റെഡ്ഢി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പതനം പൂര്‍ത്തിയാകുമ്പോള്‍ ഉത്തം കുമാര്‍ റെഡ്ഡിയുടെ അവസ്ഥയും ഭദ്രമല്ല. 1962 മുതൽ കോൺഗ്രസ് സ്ഥാനാർഥികൾ മാത്രമാണ് ഇവിടെ വിജയം നേടിയിട്ടുള്ളത്. ടിപ്പണ്ണ വിജയ സിംഹ റെഡ്ഢിയാണ് ഉത്തംകുമാറിന്റെ എതിരാളി.

സർവേ സത്യനാരായണ (മുൻ കേന്ദ്രമന്ത്രി) കോൺഗ്രസ്- സെക്കന്തരാബാദ് കൻറോൺമെന്റ്

ടിഡിപിയുടെയും കോൺഗ്രസിന്റെയും ശക്തികേന്ദ്രങ്ങളിലൊന്നായ സെക്കന്തരാബാദിലാണ് മുൻ കേന്ദ്ര ഗതാഗത മന്ത്രി സർവേ സത്യനാരായണ മത്സരിക്കാനെത്തിയത്. സഖ്യ ധാരണയനുസരിച്ച് ടിഡിപി കോൺഗ്രസിന് വിട്ടുകൊടുത്ത മണ്ഡലങ്ങളിലൊന്നാണ് സെക്കന്തരാബാദ് കൻറോൺമെന്റ്. കഴിഞ്ഞ തവണ ടിഡിപിയുടെ ജി സായണ്ണയാണ് വിജയിച്ചത്. സായണ്ണ ടിഡിപി വിട്ട് ടിആർഎസിന് വേണ്ടിയാണ് ഇത്തവണ മത്സരിക്കുന്നത്. ടിഡിപിക്കും കോൺഗ്രസിനും ടിആർഎസിനും അതുകൊണ്ട് തന്നെ ജീവൻമരണ പോരാട്ടമാണ് സെക്കന്തരാബാദ് കൻറോൺമെന്റിലേത്.

രേവന്ത് റെഡ്ഡി (കോൺഗ്രസ് വർക്കിങ് പ്രസിഡൻറ്)- കോടങ്കൽ

തെലുഗുദേശം പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്ത് തിളങ്ങിയ രേവന്ത് റെഡ്ഡി 2017 ലാണ് കോൺഗ്രസിലെത്തിയത്. കഴിഞ്ഞതവണ ടിആർഎസിലെ ഗുരുനാഥ് റെഡ്ഡിയെയാണ് പരാജയപ്പെടുത്തിയത്. കോടങ്കൽ മേഖലയിൽ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് രേവാനന്ത്. 2009 മുതൽ ഇവിടെനിന്നുള്ള ജനപ്രതിനിധി കൂടിയാണ് ഇദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രേവാനന്തിനെ പൊലീസ് അറസ്റ്റ് ചെയ്തത് കോൺഗ്രസും ടിഡിപിയും  രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. പത്‌നം നരേന്ദർ റെഡ്ഡിയാണ് ടിആർഎസ് സ്ഥാനാർഥി.

അക്ബറുദ്ദീൻ ഉവൈസി (എഐഎംഐഎം)-  ചന്ദ്രയാൻഗുട്ട

അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ ഓൾ ഇന്ത്യാ മജ്‌ലിസ്-ഇ-ഇത്തിഹാദുൾ മുസ്ലിമീന് എറ്റവും പ്രതീക്ഷയുള്ള മണ്ഡലമാണ്് ചന്ദ്രയാൻഗുട്ട. 
അസദ്ദുദ്ദീൻ ഒവൈസിയുടെ സഹോദരനായ അക്ബറുദ്ദീൻ ഉവൈസി തുടർച്ചയായ അഞ്ചാം ജയമാണ് ലക്ഷ്യമിടുന്നത്. 1999 മുതൽ സ്ഥലം എംഎൽഎയായ അക്ബറുദ്ദീൻ അവസാന പോരാട്ടമായിരിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസിന് വേണ്ടി ഇസ ബിൻ ഉബൈദാണ് പോരാടിക്കുന്നത്. സീതാ റാം റെഡ്ഡിയിലൂടെ ടിആർഎസും പ്രതീക്ഷ വയ്ക്കുന്നു.