വയനാട്: കേരളത്തിലെ എന്‍ഡിഎയിലെ സൂപ്പര്‍ താരമായിട്ടാണ് ബിജെഡിഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പരിഗണിച്ചത്. ജയസാധ്യതയുള്ള സീറ്റ് വേണമെന്ന് തുടക്കം മുതലേ വാശിപിടിച്ചു. അങ്ങനെയാണ് കെ സുരേന്ദ്രനെ പിന്തള്ളി തൃശൂര്‍ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകുന്നത്. സ്ഥാര്‍ത്ഥിത്വം പ്രഖ്യാപിച്ച് തുഷാര്‍ മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തു. പെട്ടെന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ അവതരിക്കുന്നത്. അതോടെ മനസ്സ് മാറി. കോണ്‍ഗ്രസ് ദേശീയ നേതാവിനെതിരെ മത്സരിച്ച് ദേശീയ താരമാകുകയായിരുന്നു തുഷാറിന്‍റെ ലക്ഷ്യം. അങ്ങനെ തൃശൂരില്‍നിന്ന് ചുരം കയറി വയനാട്ടിലെത്തി.

രാഹുലിന് പിന്നില്‍ രണ്ടാമനാകുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. പക്ഷേ ഇപ്പോള്‍ പണിപാളിയ അവസ്ഥയിലാണ് ബിഡിജെഎസ് നേതാവ്. എന്‍ഡിഎയുടെ കേരളത്തിലെ പ്രകടനം മോശമായതോടൊപ്പം തുഷാറിന്‍റെ പ്രകടനം തീരെ ദുര്‍ബലമായി. 2014ലെ പ്രകടനം ആവര്‍ത്തിക്കാന്‍ പോലും തുഷാറിനായില്ല. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 431195 വോട്ടിലെത്തിയപ്പോള്‍ 78762 വോട്ട് മാത്രമാണ് തുഷാര്‍ നേടിയത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പിആര്‍ രശ്മില്‍നാഥ് 80752 വോട്ട് നേടിയിരുന്നു. എന്നാല്‍, അത്രയും വോട്ട് നേടാന്‍ പോലും തുഷാര്‍ വെള്ളാപ്പള്ളിക്കായില്ല. അതേസമയം തുഷാര്‍ പിന്മാറിയ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി പ്രകടനം ഭേദപ്പെട്ടതായിരുന്നു. 

തുഷാര്‍ വെള്ളാപ്പള്ളിയുടെ തോല്‍വി ബിജെഡിഎസിന്‍റെ നിലനില്‍പ്പിനെയും പ്രതികൂലമായി ബാധിക്കും. കൊട്ടിഘോഷിച്ച് മത്സരത്തിനിറക്കിയ തുഷാറിന്‍റെ കൂറ്റന്‍ തോല്‍വി എന്‍ഡിഎയില്‍ ബിജെഡിഎസിനുള്ള സ്ഥാനം ചെറുതാക്കും. ഇതര മണ്ഡലങ്ങളിലും ബിജെഡിഎസ് പ്രത്യേകിച്ച് ബിജെപിക്ക് ഗുണം ചെയ്തില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ മത്സര രംഗത്തെത്തിയതോടെ വെള്ളാപ്പള്ളി നടേശന്‍റെ നിലപാട് മാറ്റവും മലക്കം മറിച്ചിലും ശ്രദ്ധേയമായിരുന്നു.