ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നുറിലധികം സീറ്റുകളുമായി മിക്ക സംസ്ഥാനങ്ങളും തൂത്തുവാരിയ ബിജെപിക്ക് മുന്നില്‍ മതില്‍ കെട്ടിയ രണ്ട് സംസ്ഥാനങ്ങള്‍ കേരളവും തമിഴ്‌നാടുമാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ഈറ്റില്ലമായ തമിഴകം ബിജെപിയെ നിലംതൊടാന്‍ അനുവദിച്ചില്ല. ഇതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബിജെപിക്ക് എതിരായ ക്യാംപയിന്‍(TNRejectsBJP). എന്നാല്‍ ബിജെപിയെ തഴഞ്ഞ് വോട്ട് ചെയ്ത തമിഴ്‌നാട്ടുകാരെ ട്രോളാനും ചിലര്‍ ഈ ഹാഷ്‌ടാഗ് ഉപയോഗിച്ചു. 

ബിജെപി- എഐഎഡിഎംകെ മുന്നണിയെ തൂത്തെറിഞ്ഞ് തമിഴ്‌നാട്ടില്‍ ഡിഎംകെ ഉള്‍പ്പെട്ട മുന്നണി വമ്പന്‍ ജയമാണ് നേടിയത്. പുതുച്ചേരി ഉള്‍പ്പെടെ ആകെയുള്ള 39ല്‍ മുപ്പത്തിയെട്ട് സീറ്റുകളും നേടിയാണ് ഡിഎംകെ സഖ്യം ജയിച്ചത്. 22 നിയമസഭാ തെരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനം മാത്രമാണ് എഐഎഡിഎംകെയ്‌ക്ക് ആശ്വസിക്കാനുള്ളത്. പൊന്‍ രാധാകൃഷ്‌ണന്‍, എച്ച് രാജ, തമിളരസി സൗന്ദരരാജന്‍ എന്നിവരാണ് തമിഴ്‌നാട്ടില്‍ നിന്ന് മത്സരിച്ച് തോറ്റ ബിജെപി നേതാക്കളില്‍ പ്രമുഖര്‍.

ഇതാദ്യമായല്ല ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരായി തമിഴ്‌നാട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്. മോദിയുടെ തമിഴ്‌നാട് സന്ദര്‍ശന വേളയിലെല്ലാം 'ഗോ ബാക്ക് മോദി' ക്യാംപയിനുകള്‍ ഉയര്‍ന്നിരുന്നു.