ഹൈദരാബാദ്: തെലങ്കാനയിൽ നിലവിലെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്‍റെ തെലങ്കാന രാഷ്ട്രസമിതി ഏതാണ്ട് അധികാരമുറപ്പിച്ചു. ലീഡ് നില കേവലഭൂരിപക്ഷം കടന്നതോടെ ടിആർഎസ് ക്യാംപ് ആഹ്ലാദത്തിലാണ്. എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചത് പോലെത്തന്നെ ടിആർഎസ് കൃത്യമായ മുൻതൂക്കം ഉറപ്പിയ്ക്കുകയാണ്. 

ആകെ 119 സീറ്റുകളാണ് തെലങ്കാനയിൽ. ഇതിൽ കേവലഭൂരിപക്ഷത്തിന് 60 സീറ്റുകൾ വേണം.

റാവുവിന്‍റെ പരീക്ഷണം വിജയിച്ചു!

കാലാവധി കഴിയുന്നതിനും എട്ട് മാസം മുമ്പ് നിയമസഭ പിരിച്ചുവിട്ട കൽവകുണ്ട്‍ല ചന്ദ്രശേഖരറാവുവെന്ന കെ.ചന്ദ്രശേഖരറാവുവിന്‍റെ സാഹസത്തിന്‍റെ കൂടി തെരഞ്ഞെടുപ്പ് ഫലമാണിത്. തെലങ്കാന കാർഡിൽ നേടിയെടുത്തതിന്‍റെയൊക്കെ ആയുസ്സ് പെട്ടെന്ന് തീരണമെന്ന ആഗ്രഹിക്കുന്നില്ല കെസിആർ എന്ന കെ.ചന്ദ്രശേഖരറാവു. റാവുവിനെ എതിരിടാൻ തെലുഗുദേശം പാർട്ടിയും കോൺഗ്രസും ചേർന്ന മഹാകൂടമി മതിയാവില്ലെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.

ഇപ്പോൾ ഫലം പുറത്തു വന്ന മറ്റെല്ലാ സംസ്ഥാനങ്ങളുടെയും പോലെ 2013-ൽ അല്ല തെലങ്കാനയിൽ ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തിനടുത്ത് 2014-ലാണ് തെരഞ്ഞെടുപ്പ് നടന്നതെങ്കിലും നേരത്തേ നിയമസഭ പിരിച്ചുവിട്ടതിനാൽ നേരത്തേ തെരഞ്ഞെടുപ്പ് നടന്നു.

ഇത്തവണ സഖ്യമിങ്ങനെ

തെലങ്കാന രാഷ്ട്രസമിതിയെന്ന കെസിആറിന്‍റെ പാർട്ടി ആത്മവിശ്വാസത്തോടെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടു. കോൺഗ്രസാകട്ടെ ടിആർഎസ്സിനെ നേരിടാൻ എൻഡിഎയിൽ നിന്ന് തെറ്റിപ്പിരിഞ്ഞുവന്ന ചന്ദ്രബാബുനായിഡുവിന്‍റെ തെലുഗുദേശം പാർട്ടിയെ കൂടെക്കൂട്ടി. ഹൈദരാബാദിലടക്കം മുസ്ലീംഭൂരിപക്ഷമേഖലയിൽ നല്ല സ്വാധീനമുള്ള ഓൾ ഇന്ത്യാ മജ്‍ലിസ്-ഇ-ഇത്തിഹാദുൾ മുസ്ലിമീനും (എഐഎംഐഎം) ബിജെപിയും ഒറ്റയ്ക്കാണ് മത്സരിച്ചത്. തൂക്ക് സഭ വന്നാൽ ടിആർഎസ്സിനെ പിന്തുണയ്ക്കാമെന്നാണ് ഇരുപാർട്ടികളും തെരഞ്ഞെടുപ്പിന് ശേഷം വാഗ്ദാനം നൽകിയത്. പക്ഷേ ഇരുവരും ഒരു നിബന്ധന വച്ചു. എഐഎംഐഎമ്മുമായി ഒരു ബന്ധവും പാടില്ലെന്ന് ബിജെപിയും മറിച്ചും ആവശ്യപ്പെട്ടു. 

2014-ലെ തെലങ്കാന തെരഞ്ഞെടുപ്പ് ഫലമിങ്ങനെ