ജയ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് നടക്കുന്ന രാജസ്ഥാനിലും തെലങ്കാനയിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലാവുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടുക്കുന്നതിനാല്‍ പല പോളിംഗ് ബൂത്തുകളിലും നീണ്ട ക്യൂ ആണ് രൂപപ്പെട്ടിരിക്കുന്നത്.

രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ 172-ാം ബൂത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമായ അര്‍ജുന്‍ റാം മേഗ്വാളിന് ക്യൂ നില്‍ക്കേണ്ടി വന്നത് മൂന്നര മണക്കൂറാണ്. രാവിലെ എട്ടിന് തന്നെ തന്‍റെ വോട്ടവകാശം വിനിയോഗിക്കാന്‍ മന്ത്രി എത്തിയെങ്കിലും വോട്ടിംഗ് യന്ത്രം തകരാറിലായതിനാല്‍ വോട്ട് ചെയ്യാന്‍ സാധിക്കാതെ വരികയായിരുന്നു.

ഇതോടെ നീണ്ട ക്യൂവില്‍ മന്ത്രിക്കും നില്‍ക്കേണ്ടതായി വന്നു. തകരാറുകള്‍ പരിഹരിച്ച് വോട്ടിംഗ് യന്ത്രം ശരിയാക്കിയ ശേഷം 11.30ഓടെയാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. പാര്‍ലമെന്‍ററികാര്യ ജലവിഭവ വകുപ്പ് സഹമന്ത്രിയായ അര്‍ജുന്‍ റാമിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നത്.

കൂടാതെ, അദ്ദേഹം പഠിച്ച സ്കൂളില്‍ തന്നെയാണ് വോട്ട് ചെയ്യാനെത്തിയതും. ബിക്കാനീര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് അര്‍ജുന്‍ റാം. ബിജെപിയുടെ രാജസ്ഥാനിലെ ദളിത് മുഖമെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. രാജസ്ഥാന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഉദ്യോഗസ്ഥനായിരുന്ന മേഗ്വാള്‍ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.